വില്ലനായി എത്തി മലയാളികളുടെ മനം കവർന്നു, ബിഗ് ബോസ് വിജയി സാബുമോൻ!

തിങ്കള്‍, 1 ഒക്‌ടോബര്‍ 2018 (08:26 IST)
പ്രേക്ഷകർ ഏറെ ആകാംഷയോടെ ഉറ്റുനോക്കിയിരുന്ന ബിഗ് ബോസ് പരിപാടി അവസാനിച്ചു. 18 മത്സരാര്‍ത്ഥികളുമായിത്തുടങ്ങിയ പരിപാടി നൂറ് ദിനത്തില്‍ ആയപ്പോൾ 5 പേരായിരുന്നു അവശേഷിച്ചിരുന്നത്. ഫിനാലെയ്ക്കിടയിലാണ് അപ്രതീക്ഷിതമായി അരിസ്റ്റോ സുരേഷും ഷിയാസും ശ്രീനിഷും പുറത്തായി.
 
ലൈവായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ പരിപാടി അവസാനിക്കുന്നതിന് മുന്നോടിയായാണ് മോഹന്‍ലാല്‍ വിജയിയെ പ്രഖ്യാപിച്ചത്. മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് സാബുവിനെ വിജയിയായി പ്രഖ്യാപിച്ചത്. ഒരുകോടി രൂപയുടെ ഫ്‌ളാറ്റ് ആണ് സാബുവിന് ലഭിച്ചത്.
 
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകമാരിലൊരാളായ പേളി മാണിയും സാബുവുമായിരുന്നു അവസാന നിമിഷം കിരീടത്തിനായി പോരാടിയത്. വോട്ടുകളുടെ വ്യത്യാസത്തിലൂടെയാണ് സാബു മുന്നേറിയത്. താനാണി വിജയിച്ചതെന്നറിഞ്ഞപ്പോള്‍ സന്തോഷിച്ച സാബു വേദിയിലുണ്ടായിരുന്ന പേളിയെ കെട്ടിപ്പിടിച്ചിരുന്നു. 
 
സംവിധായകൻ ലിജോ ജോസ് പെല്ലിശേരിയുടെ പുതിയ ചിത്രമായ ജെല്ലിക്കെട്ടില്‍ സുപ്രധാന വേഷത്തിൽ സാബു എത്തും. ഫ്രൈഡേ ഫിലിംസിന്റെ അടുത്ത ചിത്രത്തില്‍ സാബു ഒരു പ്രധാന വേഷത്തിലെത്തുമെന്നാണ്‌ വിജയ് ബാബു പറഞ്ഞത്.
 
സോഷ്യല്‍ മീഡിയയിലൂടെ തന്നെ അപമാനിച്ചതുമായി ബന്ധപ്പെട്ട് യുവമോര്‍ച്ച നേതാവായ ലസിത പാലയ്ക്കല്‍ സാബു മോനെതിരെ പരാതി നല്‍കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് താരത്തെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവും ഇവര്‍ ഉന്നയിച്ചിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടയില്‍ താരത്തെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചിരുന്നുവെങ്കിലും പിടികിട്ടാപ്പുള്ളിയായി തുടരുകയായിരുന്നു. അതിനിടയിലാണ് അപ്രതീക്ഷിതമായി അദ്ദേഹം ബിഗ് ബോസിലേക്ക് എത്തിയത്.  
 
സ്ത്രീകളോട് മോശമായി പെരുമാറുന്നയാളെന്ന ഇമേജായിരുന്നു സാബുവിന് നേരത്തെയുണ്ടായിരുന്നത്. താരങ്ങളെയും പ്രേക്ഷകരെയും തരികിടയാക്കുന്ന സാബുവിന്റെ ഇമേജ് തന്നെ മാറി മറിഞ്ഞിരിക്കുകയാണ് ഇപ്പോള്‍.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍