ഇന്ത്യയിലെ അഗ്നിപര്‍വത സ്‌ഫോടനമല്ല, മറിച്ച് അതിനും ഒരുപാടു കാലത്തിനു ശേഷമുണ്ടായ ഉല്‍ക്കാപതനമാണ് ദിനോസോറുകളെ ഇല്ലാതാക്കിയതെന്നാണ് സയന്‍സ് മാഗസിന്റെ പുതിയ ലക്കത്തിലെ പഠനം പറയുന്നത്. അഗ്നപര്‍വത സ്‌ഫോടനങ്ങളിലൂടെ ഏതെങ്കിലും ജീവവര്‍ഗം കൂട്ടത്തോടെ ഇല്ലാതാവുന്ന അവസ്ഥ ഉണ്ടാവാം എന്നു പഠനം പറയുന്നു. സ്‌ഫോടനത്തിലൂടെ വന്‍തോതില്‍ സള്‍ഫര്‍ ഡൈഓക്‌സൈഡും കാര്‍ബണ്‍ ഡൈ ഓക്‌സൈഡും പുറത്തുവരുന്നതിനാലാണ് ഇത്. ഇത്തരത്തില്‍ വാതകങ്ങള്‍ പുറത്തുവരുന്നത് കാലാവസ്ഥയെ ബാധിക്കുകയും പരിസരത്തെ അസഡിഫൈ ചെയ്യുകയും ചെയ്യുമെന്ന് പഠനം പറയുന്നു.
സ്‌ഫോടനത്തിലൂടെ വാതക നിര്‍ഗമനം ഉണ്ടായതിന്റെ കാലം കണക്കാക്കിയാണ്, യേല്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞനായ പിന്‍ഹലി ഹള്‍ ഈ നിഗമനത്തില്‍ എത്തിയിരിക്കുന്നത്. ആഗോളതലത്തിലെ താപ വ്യതിയാനവും അക്കാലത്തേതെന്നു കരുതുന്ന ഫോസിലുകളിലെ കാര്‍ബണ്‍ ആറ്റവും താരതമ്യം ചെയ്താണ് നിഗമനത്തില്‍ എത്തിച്ചേര്‍ന്നതെന്ന് പഠനം പറയുന്നു.