‘തെറ്റുപറ്റിപ്പോയി, പ്രിയ സഖാവേ മാപ്പ്’- പി ജയരാജനോട് എണ്ണിയെണ്ണി 'മാപ്പ്' പറഞ്ഞ് വയല്‍ക്കിളികള്‍

വ്യാഴം, 29 നവം‌ബര്‍ 2018 (08:28 IST)
കീഴാറ്റൂര്‍ വയലിലൂടെ ദേശീയ പാത ബൈപ്പാസ് മുന്നോട്ടു പോകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചതോടെ വെളിച്ചത്തായത് ബിജെപിയുടെ ഇരട്ടത്താപ്പ് ആയിരുന്നു. വിഷയത്തിൽ ബിജെപി പിന്തുണച്ച വയൽ‌ക്കിളികൾ ഇതോടെ ഏറെ വിമർശിക്കപ്പെട്ടു. 
 
കീഴാറ്റൂര്‍ സമരത്തിന് പിന്തുണയുമായി എത്തിയ ബിജെപി കീഴാറ്റൂര്‍ വയല്‍ വിഭാജിച്ച് പാത പണിയരുതെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്നും ഉത്തരവ് നേടിയെടുത്തു എന്ന് അവകാശപ്പെട്ട് രംഗത്ത് വന്നിരുന്നു. എന്നാല്‍ അതെല്ലാം വെറും പാഴ്‌വാക്കായിരുന്നു എന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണ്. 
 
ഈ അവസരം മുതലെടുത്താണ് വയല്‍ക്കിളികള്‍ മാപ്പ് പറഞ്ഞ് പാര്‍ട്ടിയോടൊപ്പം ചേരണമെന്ന പ്രസ്താവനയുമായി സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ എത്തുന്നത്. ഇതിനുള്ള വയല്‍ക്കിളികളുടെ മറുപടി ശ്രദ്ധേയമാവുകയാണ്. വയല്‍ക്കിളികള്‍ക്ക് വേണ്ടി നിശാന്ത് പെരിയാരമാണ് മറുപടി നൽകിയിരിക്കുന്നത്. പോസ്റ്റിന്റെ പൂർണരൂപം:
 
സഖാവേ ഇതാ തെറ്റുതിരുത്തിക്കൊണ്ടുള്ള എന്റെ മാപ്പപേക്ഷ
 
ആദരണീയനായ CPM ജില്ലാ സെക്രട്ടറി സഖാവ് P. ജയരാജന്റെ പ്രസ്താവന കേട്ടു .. തെറ്റുതിരുത്തിയാൽ വയൽക്കിളികളെ പാർടിയിൽ തിരിച്ചെടുക്കും പോലും ... വയൽക്കിളി സമരത്തോടൊപ്പം ചേർന്ന് പാർടിയെ തള്ളിപ്പറഞ്ഞ് പുറത്തുപോയ ഈയുള്ളവനും സഖാവ് തരുന്ന ഈ സുവർണാവസരം പ്രയോജനപ്പെടുത്തി എണ്ണിയെണ്ണി പരസ്യമായി മാപ്പ് ചോദിക്കുകയാണ്..
 
1. ഈ പാർടി പട്ടിണിപ്പാവങ്ങളുടെയും കർഷകരുടെയും സാധാരണക്കാരുടെയും പാർടിയാണ് എന്ന് തെറ്റിദ്ധരിച്ചതിന് മാപ്പ് ..
 
2. നവ ലിബറൽ സാമ്പത്തിക നയങ്ങളുടെയും ചങ്ങാത്ത മുതലാളിത്തത്തിന്റെയും തോളിലേറി വരുന്ന വികസന കെട്ടുകാഴ്ചകളെ സ്തുതിക്കാൻ മടി കാണിച്ചതിന് മാപ്പ് ..
 
3. കേരളത്തിൽ അവശേഷിക്കുന്ന നെൽവയലുകൾ നികത്താതെ നിലനിർത്തേണ്ടതാണ് എന്ന് വാദിച്ചതിന് മാപ്പ് ..
 
4. ഇന്നലെകളിൽ റോഡുകൾക്കായി വയൽ നികത്തി എന്ന ഒറ്റക്കാരണത്താൽ ഇന്നും നാളെയും നിയന്ത്രണമില്ലാതെ വയൽ നികത്താമെന്ന് വികസനമാലാഖമാർ ഉദ്ബോധിപ്പിച്ചപ്പോൾ വിയോജിപ്പ് രേഖപ്പെടുത്തിയതിന് മാപ്പ് ..
 
5. ഓരോ വയലും ഓരോ ജലസംഭരണിയാണ് എന്ന പാരിസ്ഥിതിക തിരിച്ചറിവ് പ്രചരിപ്പിച്ചതിന് മാപ്പ് ..
 
6. കിണർ വറ്റിയാൽ കുടിവെള്ളം കുഴലിലൂടെ മുറ്റത്തെത്തിക്കുമെന്ന MLA സഖാവിന്റെ വാഗ്ദാനത്തെ അവഗണിച്ചതിന് മാപ്പ് ..
 
7. പുനർനിർമിക്കാനാകാത്ത പാരിസ്ഥിതിക വ്യവസ്ഥകൾ ഇനിയും നശിപ്പിച്ചു കൂടാ എന്ന ദുർവാശിയ്ക്ക് മാപ്പ് ..
 
8. കുടിവെളളം ലോക ബാങ്കിന്റെയും ജപ്പാൻ ബാങ്കിന്റെയും ADB യുടെയും ഔദാര്യമാണെന്ന് തിരിച്ചറിയാത്തതിന് മാപ്പ് ..
 
9. മുനിസിപ്പാലിറ്റി ഫണ്ടുപയോഗിച്ച് നിർമിച്ച EMS റോഡ് , സുരേഷ് കീഴാറ്റൂർ വയൽ നികത്തി സ്വന്തം വീട്ടിലേക്കുണ്ടാക്കിയ സ്വകാര്യ റോഡാണെന്ന പച്ചക്കള്ളം പാർടി പത്രവും പാർടി ചാനലും പ്രചരിപ്പിച്ചപ്പോൾ അതു കള്ളമാണെന്ന് തെളിവു സഹിതം വിളിച്ചു പറഞ്ഞതിന് മാപ്പ് ..
 
10. സമരപ്പന്തൽ കത്തിച്ചത് സമരക്കാർ തന്നെയാണെന്ന CPM നുണ പൊളിഞ്ഞ കാര്യം സോഷ്യൽ മീഡിയയിലൂടെ നാട്ടുകാരെ അറിയിച്ചതിന് മാപ്പ് ..
 
11. പൊതു സ്വകാര്യ പങ്കാളിത്തത്തോടെയുള്ള ടോൾ പാതകളെ ഉയർന്ന കമ്യൂണിസ്റ്റ് മൂല്യബോധത്തിലുറച്ചു നിന്നു കൊണ്ട് വിമർശിച്ചതിന് മാപ്പ് ..
 
12. മഹാ പ്രളയത്തിനൊടുവിലെങ്കിലും വയലുകൾ നില നിർത്തേണ്ടതാണെന്ന തിരിച്ചറിവ് പാർടി നേതൃത്വത്തിനുണ്ടാകും എന്ന് തെറ്റിദ്ധരിച്ചതിന് മാപ്പ്..
 
13. സർവ്വോപരി ഇത് ഒരു മാർക്സിസ്റ്റ് പാർടിയാണെന്ന് തെറ്റിദ്ധരിച്ചതിന് മാപ്പ് ..
 
പ്രിയ സഖാവേ.. മാപ്പർഹിക്കാത്ത തെറ്റാണെന്നറിയാം എങ്കിലും ..
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍