‘എന്റെ വീട്ടിലേക്ക് വരാം, പരമാവധി പേർക്ക് ഇവിടെ കഴിയാം’- സഹായമൊരുക്കി ടൊവിനോ
വ്യാഴം, 16 ഓഗസ്റ്റ് 2018 (11:49 IST)
കേരളം മുൻപെങ്ങും കണ്ടിട്ടില്ലാത്ത വിധം പേമാരിയും വെള്ളപ്പൊക്കവുമാണ് കഴിഞ്ഞ കുറെ ദിവസമായി കണ്ടു വരുന്നത്. എവിടെക്ക് പോകണമെന്ന് അറിയാതെ പകച്ച് നിൽക്കുകയാണ് ജനങ്ങൾ. പരിഭ്രാന്തരായ ജനങ്ങളെ സഹായിക്കാൻ സാംസ്കാരിക, സിനിമ മേഖലയിൽ ഉള്ളവർ രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ, സഹായം ആവശ്യമുള്ളവർക്ക് തന്റെ വീട്ടിലേക്ക് വരാമെന്ന് നടൻ ടൊവിനോ തോമസ്. ഫേസ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ അറിയിപ്പ്. ടൊവിനോയുടെ പോസ്റ്റ്:
‘ഞാൻ ഇരിങ്ങാലക്കുടയിൽ എന്റെ വീട്ടിൽ ആണുള്ളത്. ഇവിടെ അപകടകരമായ രീതിയിൽ വെള്ളം പൊങ്ങിയിട്ടില്ല. കറന്റ് ഇല്ല എന്ന പ്രശ്നം മാത്രമേ ഉള്ളു. തൊട്ടടുത്തുള്ള സുരക്ഷിത കേന്ദ്രമായി കണ്ട് ആർക്കും ഇവിടെ വരാവുന്നതാണ്. കഴിയുംവിധം സഹായിക്കും. പരമാവധി പേർക്ക് ഇവിടെ താമസിക്കാം. സൌകര്യങ്ങൾ ഒരുക്കാം.‘