തൂത്തുക്കുടിയിലെ പൊലീസ് വെടിവയ്‌പ്പ്: ‘ഇനിയെങ്കിലും വായ തുറക്കൂ’ - മോദിക്കെതിരെ ആഞ്ഞടിച്ച് വിശാല്‍

ബുധന്‍, 23 മെയ് 2018 (12:16 IST)
തൂത്തുക്കുടിയില്‍ സ്‌റ്റെര്‍ലൈറ്റ് വിരുദ്ധ പ്രക്ഷോഭക്കാരെ വെടിവെച്ചു കൊന്ന പൊലീസ് നടപടിക്കെതിരെ പ്രതിഷേധം ശക്തമായിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടന്‍ വിശാല്‍ രംഗത്ത്. തൂത്തുക്കുടി വിഷയത്തില്‍ മോദി പ്രതികരിക്കാതിരുന്നതാണ് താരത്തെ ചൊടിപ്പിച്ചത്.

രാജ്യത്ത് പൊലീസിന്റെ ഭാഗത്തു നിന്നും ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടും പ്രധാനമന്ത്രി അറിയാത്ത ഭാവത്തിലാണ്. മോദി ഇനിയെങ്കിലും വായ തുറക്കണം. 50,000ത്തോളം പേര്‍ പങ്കെടുത്ത പ്രതിഷേധത്തെ നിസാരമായി കാണരുത്. വ്യക്തിപരമായ ആവശ്യത്തിനു വേണ്ടിയല്ല പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയതെന്നും വിശാല്‍ പറഞ്ഞു.

പ്രതിഷേധക്കാര്‍ക്ക് പിന്തുണ നല്‍കുന്നുവെന്ന് വ്യക്തമാക്കിയ വിശാല്‍ 2019ലെ ലോക്‍സഭ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് ശരിയായ തീരുമാനമെടുക്കാമെന്നും വ്യക്തമാക്കി.

പ്രക്ഷോഭക്കാരെ വെടിവെച്ചു കൊന്ന പൊലീസ് നടപടിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, എംകെ സ്റ്റാലിന്‍, നടന്‍ രജനീകാന്ത്, മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസന്‍ എന്നിവര്‍ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു.

പൊലീസിന്റെ നടപടി ഭരണകൂട ഭീകരതയുടെ ഉത്തമ ഉദ്ദാഹരണമാണെന്ന് രാഹുല്‍ വ്യക്തമാക്കി. നീതിക്കു വേണ്ടി പോരാടിയതിനാണ് ജനങ്ങളെ വെടിവച്ചു കൊന്നതെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്‌നാട്ടിലെ ജനങ്ങളുടെ വികാരം സര്‍ക്കാര്‍ അവഗണിച്ചതിന്റെ ഫലമാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. ഇതിന് സര്‍ക്കാര്‍ മാത്രമാണ് ഉത്തരവാദിയെന്നും രജനീകാന്ത് കുറ്റപ്പെടുത്തി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍