തോമസ് ഐസക്കിന് നന്ദി പറഞ്ഞ് സുഡുമോന്‍; നിര്‍മ്മാതാക്കള്‍ മുട്ടുമടക്കി - അര്‍ഹമായ പ്രതിഫലം ലഭിച്ചെന്ന് സാമുവല്‍
വ്യാഴം, 5 ഏപ്രില്‍ 2018 (07:47 IST)
സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് വിരാമം. ചിത്രത്തില്‍ അഭിനയിച്ചതിന് അര്‍ഹിച്ച പ്രതിഫലം ലഭിച്ചില്ലെന്ന് ആരോപിച്ച നൈജീരിയന്‍ താരം സാമുവല്‍ റോബിന്‍സണ്‍ വ്യക്തമാക്കി. താൻ ചെയ്ത ജോലിക്ക് ന്യായമായ തുക നൽകാമെന്ന് നിർമ്മാതാക്കൾ സമ്മതിച്ചതായി അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു.
താൻ നേരത്തേ നടത്തിയ വംശീയ വിവേചന പരാമർശം പിൻവലിക്കുന്നു. തെറ്റായ വിവരങ്ങളുടെയും തെറ്റിദ്ധാരണയുടെയും അടിസ്ഥാനത്തിലായിരുന്നു അത്. കേരളത്തിൽ വംശീയമായ അധിക്ഷേപം ഇല്ല. കുടുംബാംഗങ്ങൾക്കിടയിലുണ്ടായ തർക്കമായാണ് ഇതിനെ കാണുന്നത്. മന്ത്രി തോമസ് ഐസക് ഉൾപ്പെടെ തനിക്കൊപ്പം നിന്ന എല്ലാവർക്കും നന്ദിയുണ്ടെന്നും സാമുവൽ അറിയിച്ചു.
ഏറ്റവും സൗഹാർദ്ദപരമായ നാടായാണ് താൻ കേരളത്തെ കാണുന്നത്. ഷൈജു ഖാലിദ്, സമീർ താഹിർ എന്നിവരോട് യാതൊരു വിധത്തിലുള്ള വിദ്വേഷവും ആരും പ്രകടിപ്പിക്കരുത്. ഈ വിഷയം തീർക്കുന്നതിൽ അവർ കാണിച്ച ഹൃദ്യമായ സമീപനം കൊണ്ട് മനസിലാവും അവർ എത്ര നല്ലവരാണെന്ന്. തനിക്കു ലഭിച്ച തുകയിൽ ഒരു പങ്ക് വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടത്തുന്ന വംശീയതാ വിരുദ്ധ സന്നദ്ധ സംഘടനയ്ക്കു നൽകുമെന്നും സാമുവൽ പോസ്‌റ്റിലൂടെ അറിയിച്ചു.
ആരോപണങ്ങൾ ഉന്നയിച്ച് നേരത്തേ ഇട്ട പോസ്റ്റുകളെല്ലാം ഫേസ്‌ബുക്ക് അക്കൗണ്ടിൽ നിന്നു നീക്കി.