അയ്യനെ കാണണം, എല്ലാവരും പതിനെട്ടാം പടി കയറില്ല: മനിതി സംഘം

ഞായര്‍, 23 ഡിസം‌ബര്‍ 2018 (13:02 IST)
അയ്യപ്പനെ ദർശിക്കാൻ മാത്രമാണ് തങ്ങൾ ശബരിമലയിലേക്ക് എത്തിയതെന്ന് മനിതി സംഘം. അക്രമം നടത്താനോ പ്രതിഷേധിക്കാനോ വന്നതല്ലെന്നും അതിനു താൽപ്പര്യമില്ലെന്നും മനിതി സംഘം അറിയിച്ചു. 11 വനിതകള്‍ അടങ്ങിയ മനിതി കൂട്ടായ്മയിലെ ഒരു സംഘം ഇന്ന് പുലര്‍ച്ചെയാണ് പമ്പയിലെത്തിയത്. 40 പേരെത്തുമെന്നായിരുന്നു അറിയിച്ചതെങ്കിലും 11 പേരാണ് എത്തിയത്.
 
‘പ്രതിഷേധത്തിന് വന്നതല്ല. വിശ്വാസികളായ ഞങ്ങള്‍ അയ്യപ്പനെ ദര്‍ശിക്കാനാണ് വന്നത്. പമ്പയില്‍ മുങ്ങി ഇരുമെടിക്കെട്ടും കെട്ടി. എല്ലാ ആചാരങ്ങളും പാലിച്ചാണ് ഞങ്ങളുടെ കൂടെയുള്ളവര്‍ അയപ്പനെ ദര്‍ശിക്കാന്‍ ഒരുങ്ങുന്നത്. എല്ലാവരും പതിനെട്ടാം പടി കയറില്ല. ഞങ്ങളില്‍ ചിലര്‍ പിന്തുണയുമായാണെത്തിയത്’.മനീതി സംഘാംഗം പറഞ്ഞു.
 
‘ഒരു വിഭാഗം ആളുകള്‍ ഞങ്ങളെ തടയുകയാണ്. ഇങ്ങനെ സുപ്രീം കോടതി ഞങ്ങള്‍ക്ക് അനുവദിച്ചു തന്ന അവകാശത്തെ നിഷേധിക്കുകയാണ്. ഞങ്ങളുടെ മൗലികാവകാശങ്ങളെ ഇവരെല്ലാം നിഷേധിക്കുകയാണ്. മല കയറാൻ തന്നെയാണ് തീരുമാനം. അയ്യനെ കാണാതെ തിരിച്ച് യാത്രയില്ല’ എന്നും മനിതി സംഘടന അറിയിച്ചു. 
 
അതേസമയം, പമ്പയിലെത്തിയ മനിതി സംഘത്തെ തടയാന്‍ ശ്രമിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കെട്ടുനിറച്ചെത്തിയ മനീതി സംഘത്ത തടഞ്ഞവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതിഷേധക്കാരോട് പിരിഞ്ഞ് പോകാന്‍ പൊലീസ് പലതവണ മൈക്കിലൂടെ ആവശ്യപ്പെട്ടിരുന്നു. മുന്നറിയിപ്പ് നല്‍കിയിട്ടും ചിലര്‍ പിരിഞ്ഞുപോകാന്‍ തയ്യാറാകാതിരുന്നതിനെ തുടർന്നാണ് അറസ്റ്റ്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍