2018ലാണ് ക്രിസ്തുമസ് ബംബര്‍ ലോട്ടറിയടിച്ച പണത്തില്‍ നിന്ന് കുറച്ചെടുത്ത് അദേഹം കീഴ്‌പേരൂര്‍ തിരുപാല്‍ക്കടല്‍ ക്ഷേത്രത്തിന് സമീപം ഒരു പുരയിടം വാങ്ങുന്നത്. എന്നാല്‍ ആ പുരയിടത്തില്‍ നിന്ന് ഇന്നലെ ലഭിച്ചത് 2600 പുരാതനനാണയങ്ങളുടെ നിധിശേഖരമായിരുന്നു. 20 കിലോയുള്ള നാണയശേഖരം . ഇവയില്‍ ചില നാണയങ്ങള്‍ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ മഹാരാജാവിന്റെ മുഖചിത്രമുള്ള ബാലരാമവര്‍മ മഹാരാജ ഓഫ് ട്രാവന്‍കൂര്‍ എന്ന് ഇംഗ്ലീഷില്‍ എഴുതിയിട്ടുണ്ട്.
ഇന്നലെ കൃഷിയ്ക്കായി പുരയിടം കുഴിക്കുമ്പോഴാണ് ഈ ഭാഗ്യം രത്‌നാകരന്‍ പിള്ളയ്ക്ക് ലഭിച്ചത്. കുടത്തിനുള്ളില്‍ സൂക്ഷിച്ച നാണയങ്ങളായിരുന്നു ഇവ. ഉടന്‍ ചിത്രമെടുത്ത് അദേഹം വാട്‌സ്ആപില്‍ പോസ്റ്റ് ചെയ്തു. പിന്നീട് കിളിമാനൂര്‍ പൊലീസിലും വിവരമറിയിച്ചു.പിന്നാലെ പുരാവസ്തു വകുപ്പ് സ്ഥലത്തെത്തി പരിശോധിക്കാനായി നാണയങ്ങളും ഏറ്റുവാങ്ങി.
നാണയത്തില്‍ ക്ലാവ് പിടിച്ചതിനാല്‍ ലാബ് പരിശോധനയില്‍ മാത്രമേ പഴക്കം നിശ്ചയിക്കാനാവൂ എന്ന് അധികൃതര്‍ പറഞ്ഞു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള തിരുപാല്‍ക്കടല്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രവും കവടിയാര്‍ കൊട്ടാരവുമായി ബന്ധമുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ ഈ പ്രദേശത്ത് പുരാവസ്തു വകുപ്പിന്റെ ഗവേഷണം നടക്കുമെന്നാണ് കരുതുന്നത്.