‘ഞാനിവിടെയൊക്കെ തന്നെ കാണും, ഇവിടേക്ക് വരാൻ എനിക്കാരുടേയും അനുവാദം വേണ്ട‘- മോഹൻലാൽ

വ്യാഴം, 9 ഓഗസ്റ്റ് 2018 (09:18 IST)
ഏറെ നാളത്തെ വിവാദങ്ങള്‍ക്ക് തിരിശീലയിട്ടുകൊണ്ട് മോഹന്‍ലാല്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിന് എത്തി. തിരുവനന്തപുരം കനകക്കുന്നില്‍ നടന്ന ചടങ്ങിലെ മുഖ്യാതിഥിയായിരുന്നു മോഹൻലാൽ. തനിക്ക് ഇവിടേക്ക് വരണമെങ്കിൽ ആരുടേയും അനുവാദത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 
 
‘എന്റെ ജീവിതത്തിലെ മനോഹര നിമിഷങ്ങളെല്ലാം ഈ നഗരത്തിൽ വെച്ചാണ് ഉണ്ടായത്. ഇവിടെയാണ് ഞാൻ പഠിച്ചത്. ഇവിടെയാണ് എന്റെ മുഖത്ത് ആദ്യ ക്ലാപ്പ് അടിച്ചത്. എന്റെ വിവാഹം നടന്നതും ഇവിടെ വെച്ച് തന്നെ. പുരസ്കാരത്തിനുള്ള മത്സരത്തിൽ ഞാൻ അഭിനയിച്ച ചിത്രങ്ങളും ഉണ്ടാകാറുണ്ട്. ചിലപ്പോഴൊക്കെ അതെന്ന് അംഗീകാരങ്ങൾ നേടിത്തന്നു. പലപ്പോഴും വഴിമാറിപ്പോയി. അവാർഡ് ലഭിച്ച ആളുകളോട് ഇന്നുവരെ എനിക്ക് അസൂയ തോന്നിയിട്ടില്ല. മറിച്ച് എനിക്ക് അദ്ദേഹത്തോളം അഭിനയിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന് തോന്നാറുണ്ട്.’
 
‘ഇന്ദ്രൻസിന് എന്റെ എല്ലാ അഭിനന്ദനങ്ങൾ. അദ്ദേഹത്തിന് ഇനിയും മികച്ച വേഷങ്ങൾ ലഭിക്കട്ടെ. നടിയായി തിരഞ്ഞെടുക്കപ്പെട്ട പാർവതിക്കും മറ്റെല്ലാ പുരസ്കാര ജേതാക്കൾക്കും അഭിനന്ദനങ്ങൾ. എനിക്ക് ഇവിടെ വന്ന് നിങ്ങളെ കാണാൻ ആരുടെയും അനുവാദം ആവശ്യമില്ല. കഴിഞ്ഞ 40 വർഷങ്ങളിലേറെയായി ഞാൻ നിങ്ങൾക്കിടയിലുള്ളയാളാണ്. പ്രിയപ്പെട്ട സഹപ്രവർത്തകർ ആദരിക്കപ്പെടുന്നത് കാണുക എന്നത് എന്റെ അവകാശമാണ്.‘
 
‘സിനിമയിൽ സമർപ്പിച്ച എന്റെ അരങ്ങിനും ഒരു തിരശീലയുണ്ട് എന്ന് മറ്റാരേക്കാളും നന്നായി എനിക്കറിയാം. ആ തിരശീല വീഴുന്നത് വരെ ഞാൻ ഇവിടെയൊക്കെ തന്നെ ഉണ്ടാകും’ - മോഹൻലാൽ പറഞ്ഞു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍