താരസംഘടനയായ അമ്മയും ഡബ്ല്യൂസിസിയും തമ്മിലുള്ള താരയുദ്ധം തുടരുമ്പോൾ കൂടുതൽ വെളിപ്പെടുത്തലുകളുമായി ലിബർട്ടി ബഷീർ രംഗത്ത്. 'അമ്മ'യിലെ പ്രശ്‌നങ്ങൾക്കെല്ലാം കാരണം സിദ്ദിഖ്, ഗണേഷ് കുമാർ, മുകേഷ് തുടങ്ങിയ നാലഞ്ചു പേരാണെന്ന് ലിബര്‍ട്ടി ബഷീര്‍ പറയുന്നു. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് ലിബർട്ടി ബഷീർ കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കിയത്.
ദിലീപിനോടുള്ള വിധേയത്വം 'അമ്മ'യെ കൂടുതൽ പ്രതിസന്ധിയിലേക്ക് നയിക്കുമെന്നും ഇങ്ങനെ പോയാൽ മോഹൻലാൽ പ്രസിഡന്റ് സ്ഥാനം രാജിവെക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ദിലീപിന് വേണ്ടി വാദിക്കുമ്പോഴാണ് മോഹൻലാൽ അവിടെ നിസ്സാരനായി പോകുന്നത്. മോഹന്‍ലാല്‍ ഒരു സംഘടനയുടെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ടെങ്കില്‍ അത് നല്ല രീതിയില്‍ കൊണ്ട് പോകണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ്. മോഹന്‍ലാൽ ഇങ്ങനെയുള്ള ഒരു വൃത്തികേടിന് കൂട്ടുനില്‍ക്കില്ല.
'ഇങ്ങനെയാണ് പോകുന്നതെങ്കിൽ ചിലപ്പോള്‍ അയാള്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ രാജിവവെച്ചെന്ന് വരും. ഇതേ അവസ്ഥ തന്നെയാണ് മമ്മൂട്ടിക്കും ഉണ്ടായത്. രണ്ട് വര്‍ഷം മമ്മൂട്ടി ആ സംഘടനയില്‍ നിന്നു. മമ്മൂട്ടി എന്ന വ്യക്തിയെ ജാതി പറഞ്ഞ് വരെ അന്ന് ആക്ഷേപിച്ചു. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇന്ന് സംഘടനയില്‍ സാധാരണ മെമ്പര്‍ഷിപ്പുമായി അയാള്‍ നില്‍ക്കുന്നത്. പല ഓഫറുകളും വന്നിട്ടും മമ്മൂട്ടി സ്വീകരിച്ചില്ല. അന്ന് സ്വയം തടി രക്ഷപ്പെടുത്തിയതാണ്. മോഹന്‍ലാലും നില്‍ക്കില്ലെന്ന് പറഞ്ഞതാണ്. പക്ഷേ മോഹന്‍ലാല്‍ ഇതില്‍ പെട്ടുപോയി, അദ്ദേഹത്തിന് ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്'. ലിബര്‍ട്ടി ബഷീര്‍ പറയുന്നു.