ജെസ്നയുടെ തിരോധാനം: സംശയങ്ങൾക്ക് അവസാനമില്ല, അജ്ഞാത മൃതദേഹങ്ങൾ പരിശോധിക്കുന്നു

ഞായര്‍, 24 ജൂണ്‍ 2018 (08:55 IST)
ജെസ്‌ന മരിയ ജയിംസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്നുമാസത്തിനിടെ പലയിടങ്ങളിലായി കണ്ടെത്തിയ അജ്ഞാത മൃതദേഹങ്ങൾ പൊലീസ് പരിശോധിക്കുന്നു. തമിഴ്‌നാട്, കേരളം, ഗോവ എന്നിവിടങ്ങളിൽ കണ്ടെത്തിയ മൃതദേഹങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം.
 
കേരളം, തമിഴ്നാട്, കര്‍ണാടക, ഗോവ എന്നിവടങ്ങളിലെ വിവരങ്ങൾ ശേഖരിക്കുന്നതിന് പുറമേ മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള വിവരങ്ങളും ശേഖരിക്കും. ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ സഹായത്തോടെയാണു പൊലീസ് വിവരങ്ങള്‍ ശേഖരിക്കുന്നത്. സംശയം തോന്നിയ സാഹചര്യത്തിൽ ഉദ്യോഗസ്ഥർ ഇതുവരെയായി മൂന്ന് മൃതദേഹങ്ങളാണ് പരിശോധിച്ചത്.
 
ജെസ്‌ന കേസിൽ എല്ലാ സാധ്യതകളും പരിശോധിച്ചുകൊണ്ടുള്ള അന്വേഷണമാണ് നടക്കുന്നതെന്ന് അന്വേഷണ സംഘം നേരത്തെ പറഞ്ഞിരുന്നു. ജെസ്‌നയെ കാണാതായതിനെത്തുടർന്ന് ലഭിച്ച പല വിവരങ്ങളും തെറ്റായിരുന്നു. ആദ്യം കേസ് ഗൗരവപരമായി അന്വേഷിക്കാത്തിരുന്നതിനാലാണ് തെളിവുകൾ ഏറെയും നശിക്കാൻ കാരണമായതന്നാണ് വിലയിരുത്തൽ.
 
മാര്‍ച്ച് 22-നാണ് വെച്ചൂച്ചിറ കൊല്ലമുള ജയിംസ് ജോസഫിന്റെ ഇളയമകള്‍ ജസ്‌നയെ കാണാതായത്. ബന്ധുക്കൾ, സുഹൃത്തുക്കൾ, പരിചയക്കാർ എന്നിവരുടെയൊക്കെ വീടുകൾ, അപകടസാധ്യതയുള്ള വിദോദ സഞ്ചാര കേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളിൽ പൊലീസും ജില്ലാ പൊലീസ് മേധാവിയുടെ ഷാഡോ ടീമംഗങ്ങളും ഇതിനോടകം അന്വേഷണം നടത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍