അടുത്ത 48 മണിക്കൂർ ശക്തമായ മഴയ്‌ക്ക് സാധ്യത; രക്ഷാപ്രവർത്തനത്തിന് സൈന്യം രംഗത്ത്

വെള്ളി, 10 ഓഗസ്റ്റ് 2018 (10:58 IST)
സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ അതിശക്തമായ മഴ തുടരുന്നു. മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വരുന്ന 48 മണിക്കൂര്‍ കൂടി കാലവര്‍ഷം സജീവമായി തുരുമെന്നാണ് കാലാവസ്ഥാ പ്രവചനം. 
 
രക്ഷാപ്രവർത്തനത്തിന് സൈന്യം രംഗത്തെത്തിയിട്ടുണ്ട്. ഇടുക്കി ഡാമിൽ നിന്ന് കൂടുതൽ വെള്ളം തുറന്നുവിട്ട സാഹചര്യത്തിൽ ശക്തമായ മുന്നൊരുക്കങ്ങളാണ് നടക്കുന്നത്. ശക്തമായ മഴയിൽ ഉരുൾപൊട്ടലും ഉണ്ടായതോടെ സംസ്ഥാനത്ത് പലയിടങ്ങളിലും വൻനാശനഷ്‌ടങ്ങളും ഉണ്ടായി. രണ്ടു ദിവസങ്ങളിലായി 26 മരണം റിപ്പോർട്ടുചെയ്‌തു.
 
മഴയെത്തുടർന്ന് ഒറ്റപ്പെട്ടുപോയ വയനാട്ടിലേക്ക് ദേശീയ ദുരന്ത പ്രതികരണ സേനയുടെ 15 പേർ അടങ്ങുന്ന ഒരു സംഘത്തെ ഹെലികോപ്റ്റർ മുഖേന എത്തിച്ചു. 48 പേരടങ്ങുന്ന മറ്റൊരു സംഘം രാവിലെയോടെ വയനാട്ടിലെത്തിയിരുന്നു. 28 പേരടങ്ങുന്ന ഒരു സംഘം മലപ്പുറത്തും 28 പേരടങ്ങുന്ന മറ്റൊരു സംഘം കോഴിക്കോടും പ്രവർത്തനം ആരംഭിച്ചു. 48 പേരടങ്ങുന്ന ഒരു സംഘം നിലവിൽ കോഴിക്കോട് ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്. 
 
രാത്രിയോടെ ദേശീയ ദുരന്ത പ്രതികരണ സേനയുടെ മൂന്ന് സംഘങ്ങൾ പാലക്കാട് എത്തി. ഇവരിൽ 28 പേരടങ്ങുന്ന ഒരു സംഘം പാലക്കാടും 48 പേരടങ്ങുന്ന മറ്റൊരു സംഘം ഇടുക്കിയിലേക്കും പോയി.
 
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ രാത്രി മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ച് കേന്ദ്രത്തിന്റെ എല്ലാ സഹായവും വാഗ്ദാനം ചെയ്തു. കേരളത്തിനായി അ‍ഞ്ചു കോടി രൂപ നൽകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പ്രഖ്യാപിച്ചു. കേരളം ആവശ്യപ്പെടുന്ന മുറയ്ക്കു കൂടുതൽ സഹായം നൽകാൻ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍