കനത്ത മഴ: ജനങ്ങൾക്ക് മുന്നറിയിപ്പുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

ചൊവ്വ, 10 ജൂലൈ 2018 (07:59 IST)
കനത്ത മഴയെത്തുടർന്ന് മുന്നറിയിപ്പുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് (രാത്രി ഏഴു മുതൽ പുലർച്ചെ ഏഴു വരെ) മലയോര മേഖലയിലേക്കുള്ള യാത്ര പരിമിതപ്പെടുത്തണം. കടലില്‍ ഇറങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം. പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയരുവാന്‍ സാധ്യതയുള്ളതിനാൽ അവയിലൊന്നും ഇറങ്ങരുത്.
 
മഴ ശക്തി പ്രാപിച്ചതോടെ കേരളത്തിൽ മിക്കയിടങ്ങളിലും നാശനഷ്‌ടങ്ങൾ ഏറെയാണ്. സ്‌കൂളുകൾക്കും കോളേജുകൾക്കും മറ്റും അവധികൊടുക്കുകയും ചെയ്‌തു. മലയോര മേഖലയിലെ റോഡുകള്‍ക്കു കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ളപ്പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകാന്‍ സാധ്യതയുണ്ട്. 
 
ചാലുകളുടെ അരികില്‍ വാഹനനങ്ങള്‍ നിർത്തിയിടാതിരിക്കാൻ ശ്രദ്ധിക്കുക. മരങ്ങള്‍ക്കുതാഴെ വാഹനം പാര്‍ക്ക്‌ ചെയ്യരുത്. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ള മലയോര മേഖലയിലെ ജനങ്ങള്‍ ജാഗരൂകരായിരിക്കണം. ഉദ്യോഗസ്ഥര്‍ അവശ്യപ്പെട്ടാല്‍ മാറി താമസിക്കുവാന്‍ മടി കാണിക്കരുതെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍