'തന്ത്രിയുടെ മുഖം കാണുന്നത് കൊച്ചിയിലെ ഫ്‌ളാറ്റിൽ ഒരു സ്ത്രീയോടൊപ്പം പിടിക്കപ്പെട്ട നിലയിൽ': കടുത്ത വിമർശനവുമായി ഹരീഷ് വാസുദേവന്റെ പോസ്റ്റ്
ബുധന്‍, 17 ഒക്‌ടോബര്‍ 2018 (18:43 IST)
ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കാനും, ദര്‍ശനത്തിന് എത്തുന്ന മുഴുവന്‍ ഭക്തര്‍ക്കും പോലീസ് സംരക്ഷണം കൊടുക്കാനും സംസ്ഥാനസര്‍ക്കാരിന് ബാധ്യതയുണ്ടെന്നും ഭക്തരെന്ന പേരില്‍ നിയമം കയ്യിലെടുക്കുന്നത് ഭരണകൂടം പ്രതിരോധിക്കണമെന്നും പരിസ്ഥിതി പ്രവര്‍ത്തകനും അഭിഭാഷകനുമായ ഹരീഷ് വാസുദേവന്‍. ഫേസ്‌ബുക്കിലൂടെയാണ് ഹരീഷ് ഇക്കാര്യം വ്യക്തമാക്കിയത്.
ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണ്ണരൂപം:-
'ശബരിമല തന്ത്രി' എന്ന ബോർഡ് ഞാൻ ആദ്യമായി കാണുന്നത് 8 വയസ് ഉള്ളപ്പോഴാണ്. ചെങ്ങന്നൂർ KSRTC ബസ്സ്റ്റാൻഡിന് അടുത്തുള്ള ബാറിന് മുന്നിൽ റോഡിൽ നിർത്തിയിട്ട ഒരു കാറിൽ. ബാറിൽ നിന്ന് 2 കുപ്പിയുമായി ഇറങ്ങിവന്ന ഒരാളുടെ കയ്യിൽ നിന്ന് കാറിന്റെ ചില്ലു തുറന്നു ഒരു താടിക്കാരൻ ആ കുപ്പി അകത്തു വെച്ച്, സീൻ വിടുന്നു. ഒരു അയ്യപ്പക്ഷേത്രത്തിൽ പൂജാരിയായ എന്റെ ബന്ധു അത് കാണിച്ചു തന്നിട്ട് അച്ഛനോട് പറയുന്നു "ഇയാൾക്കൊക്കെ ഇതിനു ഒരു ഒളിവും മറയും വെച്ചുകൂടെ, മാന്യമായി ഈ തൊഴിൽ ചെയ്യുന്നവരെക്കൂടെ ഇയാൾ നാറ്റിക്കും". അന്ന് തീർന്നതാ തിരുമേനി ആ ബഹുമാനം. പിന്നീടാ തന്ത്രിയുടെ മുഖം കാണുന്നത് കൊച്ചിയിലെ ഫ്‌ളാറ്റിൽ ഒരു സ്ത്രീയോടൊപ്പം പിടിക്കപ്പെട്ട നിലയിൽ, അത് കഴിഞ്ഞു ജസ്റ്റിസ്.പരിപൂർണനു മുൻപിൽ, മൂലമന്ത്രവും പുരുഷസൂക്തവും അറിയില്ല എന്ന് പറഞ്ഞ രീതിയിൽ, പത്രമാധ്യമങ്ങളിൽ ആണ്. ഒരു ദിവസമെങ്കിലും ഇയാളൊക്കെ ആ ദേവന് പൂജ ചെയ്തിട്ടുണ്ടെങ്കിൽ, കുടുംബവാഴ്ചയുടെ പേരിൽ ആ അധികാരം നിലനിർത്തുന്നുണ്ടെങ്കിൽ, അത് അംഗീകരിക്കുന്ന ഒരു വിശ്വാസസമൂഹം ആണെങ്കിൽ, അതിൽ ഒരു ആചാര-വിശ്വാസ ലംഘനവും തോന്നാത്ത വിശ്വാസികൾ ആണെങ്കിൽ, അവർ എണ്ണത്തിൽ എത്രകോടി ആളുകളാണെങ്കിലും അവരുടെ വിശ്വാസത്തിനോട് എനിക്ക് ബഹുമാനമല്ല, പുച്ഛവും സഹതാപവും ആണ് തോന്നുന്നത്. അവരെ അയ്യപ്പൻ രക്ഷിക്കട്ടെ.
(അയാളെ സ്ഥാനത്ത് നിന്ന് മാറ്റാൻ ഒരു ഭക്തജനജപഘോഷയാത്രയും ഉണ്ടായില്ല, ദേവസ്വം ബോർഡും സർക്കാരുമാണ് തീരുമാനമെടുത്ത് മാറ്റിയത്)
കാനനവാസനാണ്, സമാധാനം ആഗ്രഹിച്ചാണ് വനത്തിനുള്ളിൽ ഇരുന്നത് എന്നൊക്കെയാണല്ലോ വിശ്വാസം. കാടിനുള്ളിൽ വെടിപൊട്ടിച്ചും പ്ലാസ്റ്റിക് ഇട്ടും ആനകളെയും പുലികളെയും അതുവഴി കൊന്നും, അവരുടെ ആവാസവ്യവസ്ഥ തകർത്തും, പമ്പയെ മാലിന്യപൂരിതമാക്കിയും, ഭക്തന്റെ സുഖങ്ങൾക്ക് വേണ്ടി സന്നിധാനത്ത് വനം നശിപ്പിച്ച് കെട്ടിടങ്ങൾ കെട്ടിപ്പൊക്കിയും നിലനിർത്തുന്ന - ആഘോഷിക്കപ്പെടുന്ന ഭക്തിയിൽ ഒരു 'ഭക്തനും' ഒരു വിശ്വാസ ലംഘനവും തോന്നുന്നില്ല !!
മകരവിളക്കെന്ന പേരിൽ പൊന്നമ്പലമേട്ടിൽ തീനാളം കാണിച്ചു മാർക്കറ്റ് ചെയ്തു അയ്യപ്പഭക്തരെ പിടുങ്ങുന്ന ഏർപ്പാടിലും ഒരു ഭക്തനും വിശ്വാസലംഘനം തോന്നുന്നില്ല !! (എനിക്ക് തോന്നിയിട്ടുണ്ട്. അതുകൊണ്ട് തന്നെ രണ്ടാം തവണ ശബരിമലയിൽ പോയശേഷം അങ്ങോട്ട് പോകാൻ എന്റെയുള്ളിലെ അവശേഷിക്കുന്ന ഭക്തൻ എന്നെ അനുവദിച്ചിട്ടില്ല. സന്നിധാനം തിരികെ കാനനമാക്കുന്ന പ്രക്രിയ പുരോഗമിച്ചശേഷം, പമ്പാ മാലിന്യമുക്തമാക്കുന്ന ശ്രമങ്ങൾക്ക് കൂടി വേണ്ടി ഇനിയും ശബരിമലയിൽ പോകും)
എങ്കിലത് ഹൃദയവിശുദ്ധിയുള്ള വിശ്വാസത്തിൽ ഊന്നിയുള്ള ഭക്തിയല്ല മറിച്ച് സ്വാർത്ഥതയിലും ഹിസ്റ്റീരിയയിലും ഊന്നിയ ഒന്നാണ് എന്ന് പറയേണ്ടിവരും. അത് പരിഷ്കരിക്കപ്പെടേണ്ട ഒന്നാണ്. പരിഷ്കരിക്കേണ്ടത് വിശ്വാസ സാമൂഹമാണോ കോടതിയാണോ എന്നൊക്കെയുള്ള അക്കാദമിക് ചർച്ച ഭരണഘടനാ തത്വങ്ങൾക്ക് അകത്ത് നിന്നേ നടക്കൂ, എല്ലാക്കാലവും അതേ നടന്നിട്ടുള്ളൂ. ആ ചർച്ച നടക്കട്ടെ.
എത്രയോ രജസ്വലകൾ ഇതിനു മുൻപും അയ്യപ്പദർശനം നടത്തിയിട്ടുണ്ട്, തകരുമായിരുന്നെങ്കിൽ അയ്യപ്പസ്വാമിയുടെ നൈഷ്ഠികബ്രഹ്മചര്യം അന്ന് തകരണം. ഒരിക്കലല്ലേ അത് തകരൂ. വിശ്വാസത്തിൽ വഞ്ചന പാടില്ല. തകർന്നുവെന്നു ഞാൻ വിശ്വസിക്കുന്നില്ല. ഞാൻ വിശ്വസിക്കുന്ന അയ്യപ്പസ്വാമി രാജസ്വലകളായ സ്ത്രീകളെ കണ്ടാൽ നിയന്ത്രണം പോകുന്ന ആളല്ല.
ശബരിമലയിൽ നിലവിലെ സുപ്രീംകോടതി വിധി നടപ്പാക്കാനും, ദർശനത്തിനു എത്തുന്ന മുഴുവൻ ഭക്തർക്കും പോലീസ് സംരക്ഷണം കൊടുക്കാനും സംസ്ഥാനസർക്കാരിന് ബാധ്യത ഉണ്ട്. ഭക്തരെന്ന പേരിൽ ചിലരുടെ വാഹനപരിശോധനയും തടയലും മറ്റും നിയമം കയ്യിലെടുക്കൽ ആണു. എത്രമേൽ കായികബലം ഉപയോഗിച്ചായാലും അവരെ യഥാവിധി അറസ്റ്റ് ചെയ്തു നീക്കി തടസം ഒഴിവാക്കി കൊടുക്കണം. നിലയ്ക്കലിൽ ഇന്ന് അത് സർക്കാർ ചെയ്തു തുടങ്ങി, നല്ലത്.
എന്നാൽ സ്ഥിതി വഷളാക്കുന്ന തരം റിപ്പോർട്ടിങ്ങും പ്രസ്താവനയുമായി രാഷ്ട്രീയ നേതൃത്വവും ചില ഒറ്റപ്പെട്ട മാധ്യമങ്ങളും ഇറങ്ങിയിട്ടുണ്ട്. സാമൂഹികാന്തരീക്ഷം തകർക്കുന്നതോ കലാപമുണ്ടാക്കുന്നതോ ആയ ഏത് തരം പ്രക്ഷേപണവും നിർത്താനും അത്തരം നീക്കങ്ങൾ തടയാനും, വേണ്ടിവന്നാൽ കരുതൽ തടങ്കലിൽ വെയ്ക്കാനും സർക്കാരിനുള്ള അധികാരങ്ങൾ ഇത്തരം സമയങ്ങളിൽ ഉപയോഗിക്കാനാണ്. അതെടുത്ത് ഉപയോഗിക്കണം. വിശ്വാസം എന്ന പേരിൽ തോന്ന്യവാസം കാണിക്കുന്ന ഒരു സ്ത്രീയും ഒരു ദയയും അർഹിക്കുന്നില്ല. ഇത് അത്തരം പാവങ്ങളെ ശിഖണ്ഡിയായി മുന്നിൽ നിർത്തി സംഘപരിവാർ-UDF ടീം കളിക്കുന്ന വിലകുറഞ്ഞ നാടകമാണ് എന്നത് ആർക്കും മനസിലാകും. അത് പറഞ്ഞാൽ മനസിലാകാതെ നാട്ടിലെ നിയമം കയ്യിലെടുക്കുന്നവർ ഇനി ജയിലിൽ അയ്യപ്പഭജന നടത്തട്ടെ. കാരണം ഏതെങ്കിലും വിശ്വാസത്തിന്റെ പേരിൽ ഇന്ന് നിയമവാഴ്ചയെ വെല്ലുവിളിക്കാൻ അനുവദിച്ചാൽ അത് അങ്ങേയറ്റം തെറ്റായ കീഴ്വഴക്കം ഉണ്ടാക്കും, അതനുവദിക്കരുത്.
ബഹു. സുപ്രീംകോടതിയുടെ വിധിയോട് വിയോജിപ്പുള്ളവർ റിവ്യൂ ഹരജി കൊടുക്കട്ടെ, മാന്യമായി അത് പറയട്ടെ, സമാധാനപരമായി എവിടെയെങ്കിലും പ്രതിഷേധം നടത്തട്ടെ. അതിലപ്പുറം പോകുന്ന ഒന്നിനെയും ഒരു വിശ്വാസത്തിന്റെയും പേരിൽ അനുവദിക്കരുത്. ന്യൂനാൽ ന്യൂനപക്ഷത്തിന്റെ പോലും അവകാശം സംരക്ഷിക്കുന്നതാവണം ജനാധിപത്യം.