കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ പ്രതി ചേര്‍ക്കപ്പെട്ട ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പുവന്‍കോഴിയായി ചിത്രീകരിച്ച കാർട്ടൂണിന് ലളിതകലാ അക്കാദമിയുടെ കാര്‍ട്ടൂണ്‍ പുരസ്കാരം ലഭിച്ചിരുന്നു. എന്നാൽ, ഈ സംഭവം വിവാദമായതോടെ പുനഃപരിശോധന നടത്തുമെന്ന് അറിയിച്ചിരിക്കുകയാണ് സംസ്കാരിക മന്ത്രി എ.കെ ബാലന്‍.
ലളിതകലാ അക്കാദമി പുരസ്‌കാരം നേടിയ കാര്‍ട്ടൂണില്‍ മതചിഹ്നങ്ങളെ അവഹേളിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയെ കളിയാക്കി കൊണ്ടുള്ള കാര്‍ട്ടൂണിനാണ് കഴിഞ്ഞ വര്‍ഷത്തെ അവാര്‍ഡ് ലഭിച്ചതെന്നത് മറക്കരുതെന്നും അദ്ദേഹം പറഞ്ഞു. ആ അവാര്‍ഡ് നല്‍കിയത് മുഖ്യമന്ത്രിയും. ഇത്തരം സഹിഷ്ണുത കാണിക്കുന്ന സര്‍ക്കാരാണ് നിലവിലുള്ളതെന്നും മന്ത്രി പറഞ്ഞു.
ലളിതകലാ അക്കാദമി പുരസ്‌കാരം നേടിയ കാര്‍ട്ടൂണിനെതിരെ കെസിബിസി രംഗത്ത് വന്നിരുന്നു. അവാർഡ് നിർണയം പുനഃപരിശോധിക്കണമെന്നതായിരുന്നു ഇവരുടെ ആവശ്യം. ഫ്രാങ്കോയെ എങ്ങനെ വേണമെങ്കിലും കാണിച്ചോളു, അതിൽ പ്രശ്നമില്ല. പക്ഷേ മതചിഹ്നങ്ങളെ ഉപയോഗിക്കരുതായിരുന്നു എന്നാണ് സര്‍ക്കാര്‍ വിലയിരുത്തലെന്ന് മന്ത്രി പറഞ്ഞു. അതിനാൽ പുരസ്കാരം രണ്ടാമതും നിർണയിക്കാനാണ് സാധ്യത.