കവിതാ വിവാദം: ദീപാ നിശാന്ത് കൂടുതല്‍ കുരുക്കിലേക്ക്
വ്യാഴം, 6 ഡിസംബര്‍ 2018 (07:52 IST)
കവിതാ വിവാദത്തിൽ തൃശൂർ കേരള വർമ കോളേജിലെ അദ്ധ്യാപിക ദീപാ നിശാന്തിനെതിരെ നടപടി സ്വീകരിക്കുന്നതിനെ കുറിച്ച് കൊച്ചിൻ ദേവസ്വം ബോര്‍ഡില്‍ ആലോചനയെന്ന് റിപ്പോര്‍ട്ട്.
കവിത മോഷണ വിവാദം കോളേജിൻറെ അന്തസിനെ ബാധിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് ദീപാ നിശാന്തിനെതിരെ നടപടിക്ക് കളമൊരുങ്ങുന്നത്. ഇതിന്‍റെ ഭാഗമായി തൃശൂര്‍ കേരളവര്‍മ്മ കോളേജിലെ പ്രിൻസിപ്പലിനോട് ബോർഡ് അഭിപ്രായം ആരാഞ്ഞു.
കെപിസിടി എ ദീപാ നിശാന്തിനോട് വിശദീകരണം ചോദിക്കണമെന്ന് ആവശ്യപ്പെട്ടതും, കോളേജ് യൂണിയൻറെ ഫൈനാര്‍ട്ട് ഉപദേശക സ്ഥാനത്ത് നിന്ന് ഇവരെ നീക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം അധ്യാപകര്‍ രംഗത്തു വന്നതുമാണ് ഇത്തരമൊരു നീക്കത്തിന് കൊച്ചിൻ ദേവസ്വം ബോര്‍ഡിനെ പ്രേരിപ്പിച്ചത്.
കൊച്ചിൻ ദേവസ്വം ബോര്‍ഡിന് കീഴിലാണ് തൃശൂര്‍ കേരളവര്‍മ്മ കോളേജ്.
എഴുത്തുകാരിയെന്ന നിലയിൽ അറിയപ്പെടാനല്ല താൻ കവിത പ്രസിദ്ധീകരിച്ചതെന്നും പറ്റിയത് വലിയ പിഴവാണെന്നും അതിനാല്‍ കലേഷിനോടും പൊതുസമൂഹത്തോടും മാപ്പ് പറയുന്നുവെന്നും ദീപാ നിശാന്ത് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.