തട്ടിക്കളിച്ച് തട്ടിക്കളിച്ച് ചുളുവിലങ്ങ് ഫേമസായി, എല്ലായിടത്തും ഇപ്പോൾ 'സുരേന്ദ്രൻ' മയം!

കെ എസ് ഭാവന

വെള്ളി, 30 നവം‌ബര്‍ 2018 (16:35 IST)
എവിടേക്ക് നോക്കിയാലും, പ്രത്യേകിച്ച് ട്രോളുകളിൽ നോക്കുമ്പോൾ ഒരു സുരേന്ദ്രൻ മയമാണ് ഇപ്പോൾ. ശബരിമല വിവാദത്തിനിടെ അറസ്‌റ്റിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ കാര്യം തന്നെയാണ് പറയുന്നത്. 'തീരുമ്പോ തീരുമ്പോ ജയിലിലടക്കാൻ സുരേന്ദ്രനെന്താ കുപ്പീന്ന് വന്ന ഭൂതമാണോ' എന്നാണ് ട്രോളന്മാർക്ക് അറിയേണ്ടത്.
 
മണ്ഡല പൂജയ്ക്കായി നട തുറന്നപ്പോള്‍ ശബരിമല ദര്‍ശനം നടത്താനെത്തിയ കെ സുരേന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാൽ, നിലവിൽ സുരേന്ദ്രനെതിരെയുള്ള കേസുകളുടെ എണ്ണം ചോദിച്ചാൽ തന്നെ പറയാൻ ഒന്നാലോചിക്കേണ്ട അവസ്ഥയാണ് എല്ലാവർക്കും.
 
ഈയടുത്തൊന്നും കെ സുരേന്ദ്രൻ പുറത്തിറങ്ങില്ലെന്ന് ഇന്നത്തെ ദിവസത്തോടെ തീർപ്പായി. രണ്ട് കേസുകളില്‍ കോഴിക്കോട് കോടതി ജാമ്യം അനുവദിച്ചെങ്കിലും പത്തനംതിട്ട കോടതി ജാമ്യാപേക്ഷ തള്ളിയത് സുരേന്ദ്രന് പണിയായി. കോഴിക്കോട് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളില്‍, അതായത് കമ്മീഷണര്‍ ഓഫീസ് മാര്‍ച്ചിനെ തുടര്‍ന്ന് എടുത്ത കേസിലും തീവണ്ടി തടഞ്ഞ കേസിലും ആണ് ഇപ്പോൾ ജാമ്യം കിട്ടിയത്.
 
അതേസമയം, ചിത്തിര ആട്ട വിശേഷത്തിന് ശബരിമല നട തുറന്നപ്പോള്‍ 52 വയസ്സായ സ്ത്രീയെ തടഞ്ഞ കേസില്‍ ആണ് സുരേന്ദ്രന്റെ ജാമ്യ ഹര്‍ജി തള്ളിയിരിക്കുന്നത്. സംഭവത്തില്‍ ഗൂഢാലോചന നടത്തി എന്നതാണ് സുരേന്ദ്രനെതിരെ നിലവിൽ നിൽക്കുന്ന കേസ്.
 
അറസ്‌റ്റ് വാറണ്ടില്ലാതെ സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് അധിക സമയം തടവില്‍ വെച്ചെന്നായിരുന്നു ജാമ്യാപേക്ഷയില്‍ കെ സുരേന്ദ്രന്റെ അഭിഭാഷകന്‍ വാദിച്ചത്. എന്നൽ അതെല്ലാം പൊളിച്ചടുക്കി കേരളാ പൊലീസ് രംഗത്തെത്തിയതോടെ കളി മാറുകയായിരുന്നു. സുരേന്ദ്രന്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നായിരുന്നു പൊലീസിന്റെ വാദം.
 
ഇതോടെ അഭിഭാഷകൻ കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് കോടതിക്ക് ബോധ്യപ്പെടുകയും കേസില്‍ അധികവാദം കേള്‍ക്കണം എന്ന പൊലീസിന്റെ ആവശ്യം അംഗീകരിക്കുകയുമായിരുന്നു. ശേഷം നവംബര്‍ 30ന് കോടതി സുരേന്ദ്രന്റെ ജാമ്യ ഹര്‍ജി തള്ളി.
 
തൃപ്തി ദേശായിയെ വിമാനത്താവളത്തില്‍ തടഞ്ഞതടക്കമുള്ള കേസുകളാണ് ഇപ്പോൾ സുരേന്ദ്രനെ വേട്ടയാടുന്നത്. ജാമ്യം കിട്ടാന്‍ സുരേന്ദ്രന് മുന്നിലുള്ള ഏക വഴി ഹൈക്കോടതിയെ സമീപിക്കുകയാണ്. സുരേന്ദ്രനെ പുറത്തിറക്കുന്നതിനായി നിരവധിപേർ പൊലീസ്‌ സ്‌റ്റേഷന് മുന്നിൽ സമരം നടത്തുന്നുമുണ്ട്.
 
അതേസമയം, പിണറായി സർക്കാർ മനപ്പൂർവ്വം കേസുകൾ തലയിൽ കെട്ടിവയ്‌ക്കുകയാണെന്നും ആരോപണങ്ങൾ ഉണ്ട്. എന്തായാലും കേസുകളിൽ നിന്ന് കേസുകളിലേക്കും ശേഷം ജയിലിൽ നിന്ന് കോടതിയിലേക്കും വീണ്ടും ജയിലിലേക്കും പോയിക്കൊണ്ടിരിക്കുന്ന കെ സുരേന്ദ്രൻ ചുളുവിലങ്ങ് ഫേമസായിരിക്കുകയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍