ഐഎഎസ് ഉദ്യോഗസ്ഥനായ എംജി രാജമാണിക്യത്തിന്റെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടത്തിന്‍റെയും സഹായത്തോടെ സിനിമാ താരങ്ങളായ പൂര്‍ണിമ ഇന്ദ്രജിത്ത്, പാര്‍വതി തിരുവോത്ത്, രമ്യ നമ്പീശന്‍ തുടങ്ങിയവര്‍ ചേർന്ന് നടത്തുന്ന കളക്ഷൻ സെന്ററിനെതിരെ നിരവധി പേർ പരാതികളുമായി രംഗത്തുവന്നിരുന്നു. എന്നാൽ ഇപ്പോൾ ഈ ദുരിതാശ്വാസ ക്യാമ്പിലെ വീഴ്‌ച ചോദ്യം ചെയ്‌തതിന്റെ പേരിൽ തന്റെ കട പൂട്ടിച്ചെന്ന ആരോപണവുമായി യുവതി രംഗത്തെത്തിയിരിക്കുകയാണ്.
കൊച്ചിയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ‘പപ്പടവട’ റെസ്‌റ്റോറന്റ് ഉടമ മിനു പൗളിന്‍നാണ് ‘അന്‍പൊടു കൊച്ചി’യെ പ്രതിക്കൂട്ടില്‍ നിര്‍ത്തി ആരോപണം ഉന്നയിച്ചിരിക്കുന്നത്. സർക്കാരിന്റെ നിയന്ത്രണത്തിലല്ലാതെ പ്രവർത്തിക്കുന്ന ക്യാമ്പിനെതിരെ നിരവധിപേർ രംഗത്തെത്തിയിരുന്നു. അതിന് പിന്നാലെയാണ് മിനുവിന്റെ ആരോപണങ്ങളും ഉണ്ടായിരിക്കുന്നത്.
ക്യാമ്പിലേക്ക് സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്ന് നിരവധി സഹായങ്ങളാണ് ഒഴുകിയെത്തുന്നത്. എന്നാൽ, ഈ വസ്തുവകകള്‍ ഒന്നും ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യാതെ കളക്ഷന്‍ സെന്‍ററില്‍ സൂക്ഷിച്ചിരിക്കുകയാണ് എന്നാണ് ആരോപണം. കളക്ഷന്‍ സെന്‍റര്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഡോര്‍ സ്‌റ്റേഡിയം നിറഞ്ഞതോടെ പലതവണയും കളക്ഷനുകള്‍ നിര്‍ത്തിവെച്ചിരുന്നു. ഇത്തരത്തിൽ കളക്ഷൻ നിർത്തിവെച്ചത് ചോദ്യം ചെയ്‌തതാണ് തനിക്ക് വിനയായതെന്ന് മിനു പറയുന്നു.
ഈ സ്ഥപനത്തിൽ നിരവധിപേർ സാധനങ്ങളും മറ്റുമായെത്തുന്നു. എന്നാൽ ശേഖരിക്കാവുന്നതിൽ പരമാവധി ആയെന്ന് പറഞ്ഞ് താൻ അടക്കമുള്ള പലരിൽ നിന്നും സാധനങ്ങൾ ഒന്നും തന്നെ ഇവർ സ്വീകരിച്ചില്ലെന്ന് മിനു പറയുന്നു. ഈ കാര്യം എല്ലാവരും കൂടി ചോദ്യം ചെയ്‌തിരുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സാധനങ്ങൾ മതിയെന്ന് ആരും പറയില്ലെന്നും മിനു പറയുന്നു.
ഈ കാര്യം ക്യാമ്പിലേക്ക് എത്തിയവര്‍ എല്ലാം ചേര്‍ന്ന് ചോദ്യം ചെയ്തിരുന്നു. അതിന് താന്‍ നേതൃത്വം നല്‍കിയതാണ് എംജി രാജമാണിക്യത്തെ പ്രകോപിപ്പിച്ചത്. സംഭവം ഉണ്ടായി രണ്ടു ദിവസത്തിനുള്ളില്‍ അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി ഓഫീസര്‍ തന്റെ കലൂരിലെ പപ്പടവട റെസ്റ്റോറന്‍റില്‍ എത്തുകയും കടയ്ക്ക് മുന്നില്‍ ചെളി അടിഞ്ഞുകൂടിയെന്ന് ചൂണ്ടിക്കാട്ടി ഒരു ലക്ഷം രൂപ ഫൈന്‍ ഈടാക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തുവെന്ന് മിനു പറഞ്ഞു.