നരസിംഹം , പ്രജ തുടങ്ങിയ സിനിമകളിലെ അഭിനയത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് ഐശ്വര്യ. എന്നാൽ, അവസരം വന്നിട്ടും മണിരത്നത്തിന്റെ രണ്ട് സിനിമകളാണ് ഐശ്വര്യയ്ക്ക് നഷ്ടപ്പെട്ടത്. തിരുടാ തിരുടായും റോജയും. ഒരു തമിഴ് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
മണിസാര്‍ റോജയില്‍ നായിക വേഷത്തിലേക്ക് എന്നെ വിളിച്ചു. ആ സമയത്ത് എന്റെ മുത്തശ്ശി ഒരു തെലുഗു സിനിമയില്‍ അഭിനയിക്കാന്‍ അഡ്വാന്‍സ് വാങ്ങിയിരുന്നു. അതിനാൽ ഡേറ്റ് ഇല്ലെന്ന് പറഞ്ഞ് അത് ഒഴിവാക്കേണ്ടി വന്നു. മുത്തശ്ശിക്ക് ഭയങ്കര സത്യസന്ധതയായിരുന്നു. പക്ഷേ, ആ സിനിമ നടന്നില്ല. ഞാൻ വീട്ടിലും ഇരുന്നു. റോജ സ്‌ക്രീനില്‍ കണ്ടപ്പോള്‍ സഹിക്കാനായില്ല. ഞാന്‍ ഒന്നും മിണ്ടാതെ ഹോട്ടല്‍ മുറിയിലെത്തി. ചെരുപ്പ് ഊരി ഞാന്‍ എന്നെ തന്നെ ഒരുപാട് തല്ലി. മുത്തശ്ശി ഓടി വന്നു എന്നെ തടഞ്ഞു. ഞാന്‍ മുത്തശ്ശിയോട് പറഞ്ഞു നിങ്ങളെ അടിക്കാന്‍ എനിക്ക് പറ്റില്ലല്ലോ അതുകൊണ്ട് ഞാന്‍ എന്നെ തന്നെ അടിക്കട്ടെ.