മാതാപിതാക്കൾക്ക് ചിലവിനുകൊടുത്തിട്ട് മതി സന്യാസം, ഉത്തരവിട്ട് ഹൈക്കോടതി !

വ്യാഴം, 17 ഒക്‌ടോബര്‍ 2019 (20:30 IST)
സന്യാസത്തിന്റെ പേരിൽ മാതാപിതാക്കളെ ഉപേക്ഷിച്ച യുവാവിനോട് മാതാപിതാക്കൾക്ക് ചിലവിന് പണം നൽകാൻ ഉത്തരവിട്ട് അഹമ്മദാബാദ് ഹൈക്കോടതി. സന്യാസിയാണെങ്കിലും ഉത്തരവാദിത്വങ്ങളിന്നിന്നും ഒളിച്ചോടാനാകില്ല എന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു കോടതിയുടെ വിധി. മാതാപിതാക്കൾക്ക് പ്രതിമാസം 10,000 രൂപ നൽകണം എന്ന് കോടതി ഉത്തരവിട്ടു.
 
ധർമേഷ് ഗോയൽ എന്ന യുവാവിനെതിരെയാണ് മാതാപിതാക്കൾ പരാതി നൽകിയത്. ദമ്പതികളുടെ ഏക മകനാണ് ധർമേഷ്. ലക്ഷങ്ങൾ ചിലവിട്ടാണ് ഇരുവരും ചേർന്ന് മകനെ ഫാർമസിയിൽ ബിരുദാനന്തര ബിരുദം വരെ പഠിപ്പിച്ചത്. പഠന ശേഷം വലിയ ശമ്പളമുള്ള ജോലി ഇയാൾക്ക് ലഭിക്കുകയും ചെയ്തു. എന്നാൽ ഇത് ഉപേക്ഷിച്ച് ദർമേഷ് ജീവകാരുണ്യ പ്രവർത്തനത്തിന് എന്നുപറഞ്ഞ് ഇറങ്ങുകയായിരുന്നു.
 
മാതാപിതാക്കളിൽനിന്നും 50,000 രൂപ വാങ്ങിയാണ് യുവാവ് വീട്ടിൽനിന്നും ഇറങ്ങിയത്. പിന്നീട് ഇയാൾ മാതാപിതാക്കളുമായി യതൊരു ബന്ധവും പുലർത്തിയില്ല. പൊലീസിന്റെ സഹായത്തോടെയാണ് പിന്നീട് ഭിന്നശേഷിക്കാരായ മാതാപിതാക്കൾ മകനെ കണ്ടെത്തിയത്. എന്നാൽ മാതാപിതാക്കളുടെ കാര്യത്തിൽ തനിക്ക് ഉത്തരവാദിത്വം ഇല്ല എന്നും സന്യാസമാണ് താന്റെ ലക്ഷ്യം എന്നുമായിരുന്നു യുവാവിന്റെ മറുപടി. ഇതോടെ ദമ്പതികൾ കോടതിയെ സമീപിക്കുകയായിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍