അഭിമന്യുവിന്റെ കൊലപാതകം; സംഘത്തിൽ 25ൽ താഴെ പ്രായമുള്ള നാല് പേർ ഉണ്ടായിരുന്നു: ഓട്ടോ ഡ്രൈവറുടെ നിർണായക മൊഴി പുറത്ത്

ഞായര്‍, 8 ജൂലൈ 2018 (12:39 IST)
അഭിമന്യു വധക്കേസിൽ നിർണ്ണായകമായി ഓട്ടോ ഡ്രൈവറുടെ മൊഴി. കൊലപാതകത്തിനുശേഷം അക്രമിസംഘം രക്ഷപെട്ടത് തന്റെ വാഹനത്തിലാണെന്ന് കേസിലെ സുപ്രധാന സാക്ഷിയായ ഡ്രൈവർ മനോരമ ന്യൂസിനോടാണ് പറഞ്ഞത്.
 
പുലർച്ചെ ഒരുമണിയോടെ ജോസ് ജംഗ്ഷനിൽ ഓടിയെത്തി ഓട്ടംവിളിച്ച സംഘം തോപ്പുംപടിയിലാണ് ഇറങ്ങിയത്. സംഘത്തിൽ നാലുപേർ ഉണ്ടായിരുന്നു. ഒരാൾക്കു ഷർട്ട് ഉണ്ടായിരുന്നില്ല. ഫുട്ബോൾ മത്സരം കാണുന്നതിനിടെ സംഘർഷം ഉണ്ടായെന്നാണു കാരണമായി പറഞ്ഞതെന്നും ഓട്ടോ ഡ്രൈവർ പറഞ്ഞു. എല്ലാവർക്കും പ്രായം 25ൽ താഴെയാണ്.
 
അഭിമന്യുവുമായി കൊലയാളി സംഘത്തിലെ വിദ്യാർത്ഥിയായ മുഹമ്മദ് മാസങ്ങൾക്കു മുമ്പേ സൗഹൃദം സ്ഥാപിക്കാൻ ശ്രമിച്ചിരുന്നതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. ക്യാംപസ് ഫ്രണ്ട് പ്രവർത്തകനായ മുഹമ്മദ് എസ്എഫ്ഐയോട് ആഭിമുഖ്യം പ്രകടിപ്പിച്ചുകൊണ്ടാണ് അഭിമന്യുവുമായി അടുത്തത്.
 
കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം രണ്ടുപേരെ പൊലീസ് അറസ്‌റ്റുചെയ്‌തിരുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍