നൂറിലധികം രാജ്യങ്ങൾ ഭയക്കുന്ന ഒരു വൈറസ് നമുക്കിടെയിലുമുണ്ട്, മെക്‌സിക്കോയിൽ മരിച്ചത് 57,000 പേര്‍ - ഈ രോഗാവസ്ഥ ഏതെന്ന് അറിയാമോ ?

ബുധന്‍, 19 ഒക്‌ടോബര്‍ 2016 (14:59 IST)
നൂറിലധികം രാജ്യങ്ങൾ ഭയക്കുന്ന ഒരു രോഗാവസ്ഥയാണ് മരണകാരണമായേക്കാവുന്ന ഡെങ്കി പനി. ഈഡിസ് കൊതുകുകള്‍ വരുത്തുന്ന ഒരു കൂട്ടം വൈറസുകള്‍ ആണ് ഡെങ്കി പനി പരത്തുന്നത്‌. 2010-ൽ മെക്‌സിക്കോയിൽ 57,000-ത്തിലധികം ജനങ്ങളാണ്‌ ഈ മാരക രോഗത്തിന്‌ ഇരയായത്‌. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകത്തെമ്പാടുമായി ഓരോ വർഷവും അഞ്ചുകോടി ആളുകളെയാണ്‌ രോഗം ബാധിക്കുന്നത്‌. ലോകജനസംഖ്യയുടെ അഞ്ചിൽ രണ്ടുഭാഗം പേരും ഡെങ്കി പനിയുടെ ഭീഷണിയിലാണ്.

വെളുത്ത കുത്തുകളുള്ള ഈഡിസ്‌ ഈജിപ്‌റ്റി കൊതുകുകള്‍ രോഗിയില്‍ പനിക്കൊപ്പം ആന്തരീക രക്തസ്രാവവും ഉണ്ടാക്കുന്നതാണ് മരണകാരണമാകുന്നത്. ഡെങ്കി ഹെമറേജിക് ഫീവര്‍ എന്ന അവസ്ഥ അതീവ ഗുരുതരമാണ്. നേരത്തെ ഡെങ്കിപ്പനി വന്നൊരാളില്‍ മറ്റൊരു ജനുസില്‍ പെട്ട ഡെങ്കി വൈറസിന്റെ ആക്രമണം ഉണ്ടാകുമ്പോഴാണ് രോഗം സങ്കീര്‍ണ്ണമാവുന്നത്.ഡെങ്കി പനിയുടെ ലക്ഷണങ്ങള്‍:

കടുത്ത പനി, ശക്തമായ തലവേദന, സന്ധികളിലും പേശികളിലും അതി കഠിനമായ വേദന, പുറംവേദന, കണ്ണുകള്‍ ചലിപ്പിക്കുമ്പോള്‍ വേദന, ത്വക്കില്‍ തടിപ്പുകള്‍ അല്ലെങ്കില്‍ ചുവന്ന പാടുകള്‍, മോണയില്‍ നിന്നും മൂക്കില്‍ നിന്നും രക്തസ്രാവം എന്നിവയാണ് ഡെങ്കി പനിയുടെ പ്രധാന ലക്ഷണങ്ങള്‍.

അമിതമായ ക്ഷീണം, വിശപ്പില്ലായ്മ, ഓക്കാനം, ഛര്‍ദ്ദി, വയറ്റില്‍ അസ്വസ്ഥതകള്‍, വയറിളക്കം, ചൊറിച്ചില്‍, മലം കറുത്ത നിറത്തില്‍ പോവുക, പ്ലേറ്റ് ലെറ്റ് കൗണ്ട് കുറയുക തുടങ്ങിയവയാണ് രോഗ ലക്ഷണങ്ങള്‍

ചികിത്സ രീതി

ഡെങ്കി പനിക്ക് പ്രത്യേക മരുന്നില്ല എന്നതാണ് പ്രത്യേകത. അഞ്ചുമുതൽ ഏഴുവരെ ദിവസം പനി നീണ്ടുനിന്നേക്കാം. പനിക്കും ശരീര വേദനയ്‌ക്കും ഔഷധ ചികിത്സയും രോഗിക്ക് പരിപൂര്‍ണ്ണ വിശ്രമവും നല്‍കുക എന്നതാണ് ആദ്യം. ഡെങ്കിപ്പനി വന്ന രോഗിയെ കൊതുക് വലയ്ക്കുള്ളില്‍ കിടത്തുകയും വേണം. ധാരാളം വെള്ളം കുടിക്കുകയും പോഷകാഹാരം നല്‍കുകയും ചെയ്യുക.ഡെങ്കി പരത്തുന്നത്‌ വൈറസ്‌ ആയതിനാൽ (ബാക്‌ടീരിയയല്ല) ചികിത്സയിൽ ആന്‍റിബയോട്ടിക്കുകൾ ഫലപ്രദമല്ല. കൂടാതെ വേദനാസംഹാരികളായ ആസ്‌പിരിൻ, ഐബ്യുപ്രൊഫൻ മുതലായവ ഒഴിവാക്കേണ്ടതാണ്‌. കാരണം അവ രക്തസ്രാവം വർധിപ്പിച്ചേക്കാം.

രോഗിയിൽ, ഡെങ്കി ഹെമറാജിക്‌ പനിയുടെയോ ഡെങ്കി ഷോക്ക് സിൻഡ്രോമിന്‍റെയോ ലക്ഷണങ്ങൾ ഉണ്ടാകുന്നുണ്ടോ എന്ന് നിരീക്ഷിക്കണം. കാരണം, പനി കുറഞ്ഞ് സുഖം പ്രാപിച്ചതായി തോന്നുമ്പോഴായിരിക്കും ഗുരുതരമായ ഈ അവസ്ഥയിൽ എത്തിച്ചേരുന്നത്‌.

വെബ്ദുനിയ വായിക്കുക