പ്രമേഹത്തിനും രക്തസമ്മര്‍ദ്ദത്തിനും ഇനി ഒരുമരുന്ന് മാത്രം മതി!
ബുധന്‍, 26 നവംബര്‍ 2014 (16:59 IST)
രക്ത സമ്മര്‍ദ്ദം, പ്രമേഹം ഇതു രണ്ടില്‍ ഏതെങ്കിലും ഇല്ലാത്ത ആദുനിക മധ്യവയസ്കന്മാര്‍ അധികമുണ്ടാകില്ല. ഇതു രണ്ടും കൂടിയുള്ളവരുടെ എണ്ണവും ആശങ്കാജനകമാകും വിധം ഉയര്‍ന്നുകൊണ്ടേയിരിക്കുകയാണ്. പ്രമേഹവും അമിത രക്ത സമ്മര്‍ദ്ദവും ഉള്ളവരുടെ ഒരു പ്രശ്നം എന്ന് പറയുന്നത് ദിവസവും ഒരുകൂട്ടം മരുന്ന് കഴിക്കുക എന്നതാണ്. എന്നാല്‍ ഇനി ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടായേക്കുമെന്നാണ് സൂചന. പ്രമേഹത്തേയും രക്തസമ്മര്‍ദ്ദത്തേയും നിയന്ത്രിക്കാന്‍ കഴിയുന്ന ഒറ്റമൂലി ഗവേഷകര്‍ കണ്ടുപിടിച്ചിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
അമിത രക്തസമ്മര്‍ദ്ദവു, ക്രമം തെറ്റിയുള്ള ഹൃദയമിടിപ്പും നിയന്ത്രിക്കാനായി ഉപയോഗിക്കുന്ന വെരപ്പാമിന്‍ എന്ന മരുന്ന് പ്രമേഹത്തിനും അനുയോജ്യമെന്നാണ് അലബാമ സര്‍വ്വകലാശാല ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ലോകാരോഗ്യ സംഘടന അവശ്യമരുന്നുകളുടെ പട്ടികയില്‍ പെടുത്തിയതാണ് വെരപ്പാമിന്‍. ഈ മരുന്ന് പാന്‍ക്രിയാസിലെ ഇന്‍സുലിന്‍ കോശങ്ങളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതായി കണ്ടെത്തിയതാണ് പ്രതീക്ഷ നല്‍കുന്നത്.
ഗവേഷകര്‍ എലികളില്‍ നടത്തിയ പരീക്ഷണമാണ് വിജയിച്ചത്. പ്രമേഹത്തെ നിയന്ത്രിക്കുകമാത്രമല്ല ഈ മരുന്ന് ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്ന ബീറ്റാ സെല്ലുകളുടെ എണ്ണം കൂട്ടുന്നതായും പരീക്ഷണത്തില്‍ കണ്ടു. രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കൂടുമ്പോള്‍ പാന്‍ക്രിയാസിലെ ബീറ്റാ കോശങ്ങളില്‍ തയോറിക്ടോസിന്‍ ഇന്ററാക്ടിംഗ് പ്രോട്ടീന്‍(TXNP) എന്ന മാംസ്യം അടിഞ്ഞുകൂടുന്നു. ഇത് ബീറ്റാകോശങ്ങളുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുകയും ക്രമേണെ കോശങ്ങളുടെ നാശത്തിന് കാരണമാകുകയും ചെയ്യും.
എന്നാല്‍ വെരപ്പാമിന്‍, TXNP യുടെ അളവ് കുറയ്ക്കാനും ഇന്‍സുലിന്‍ ഉത്പാദനം വീണ്ടും ആരംഭിക്കാനും പാങ്ക്രിയാസിനെ സഹായിക്കുന്നതായി പരീക്ഷനത്തില്‍ വെളിപ്പെട്ടു. മനുഷ്യരുടെയും എലികളുടെയും TXNP പ്രോട്ടീന്‍ സമാന്‍ ഘടനയിലുള്ളതാണ്. അതിനാല്‍ ഇത് മനുഷ്യരില്‍ പരീക്ഷിച്ച് നോക്കാനാണ് ഗവേഷകരുടെ തീരുമാനം. മറ്റ് പ്രമേഹ മരുന്നുകളേ അപേക്ഷിച്ച് വെരപ്പാമിന് പാര്‍ശ്വഫലങ്ങള്‍ കുറവാണെന്നത് ഇവരുടെ പഠനത്തിന്റെ പ്രാധാന്യ്ം വര്‍ധിപ്പിക്കുന്നു.