കുട്ടികളിലെ കാൻസർ: നേരത്തെ തിരിച്ചറിയാം, ലക്ഷണങ്ങൾ ഇതൊക്കെ

നിഹാരിക കെ.എസ്

വ്യാഴം, 17 ഏപ്രില്‍ 2025 (12:09 IST)
പ്രായവ്യത്യാസമില്ലാതെ വിവിധ ആളുകൾക്ക് കാൻസർ ബാധ ഉണ്ടാവാറുണ്ട്. എന്നാൽ, കുട്ടികളിൽ ഇത് അപൂർവമായിട്ടാണ് വരിക. ആരംഭ ഘട്ടത്തിൽ തന്നെ ക്യാൻസർ കണ്ടെത്താൻ കഴിഞ്ഞാൽ അസുഖം പൂർണമായും ചികിത്സിച്ച് ഭേദമാക്കാൻ കഴിയും.

ആഗോളതലത്തിൽ കാൻസർ കേസുകളിൽ ഏകദേശം 3% മാത്രമാണ് കുട്ടികളിൽ ഉള്ള കാൻസർ. കുട്ടികളിൽ ഉണ്ടാവുന്ന ചില രോഗ ലക്ഷണങ്ങൾ കാൻസറിന്റെ ലക്ഷണങ്ങൾ ആകാൻ സാധ്യതയുണ്ട്. കുട്ടികളിലെ കാൻസർ രോഗം എളുപ്പത്തിൽ തിരിച്ചറിയാൻ മാർഗമുണ്ട്. ഇനി പറയുന്ന ലക്ഷണങ്ങൾ കാൻസറിന്റെ ലക്ഷണങ്ങളാകാം. അതെന്തൊക്കെയെന്ന് നോക്കാം;
 
തുടർച്ചയായി ഉണ്ടാകുന്ന പനിയും അണുബാധയും കാൻസറിനുള്ള ലക്ഷണങ്ങളിൽ ഒന്നാണ്. ചികിത്സിച്ചിട്ടും ഇത് വിടാതെ പിന്തുടരുകയാണെങ്കിൽ വിദഗ്ധ ചികിത്സ അത്യാവശ്യമാണ്.
 
ശരീരത്തിൽ അപ്രതീക്ഷിതമായി ഉണ്ടാവുന്ന ചതവും രക്തസ്രാവവും മറ്റൊരു ലക്ഷണമാണ്. കാരണങ്ങൾ ഒന്നുമില്ലാതെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ചതവോ, ചെറിയ ചുവപ്പ്/പർപ്പിൾ പാടുകൾ (പെറ്റീഷ്യ) എന്നിവ കാൻസർ ലക്ഷണങ്ങൾ ആവാനുള്ള സാധ്യതയുണ്ട്. 
 
ശരീരത്തിൽ അപ്രതീക്ഷിതമായി വീക്കവും മുഴയും കാണുന്നത് കാൻസറിന്റെ ലക്ഷണമാകാം. ഈ മുഴകൾക്ക് വേദന തോന്നുന്നില്ലെങ്കിൽ അടിയന്തരമായി തന്നെ വൈദ്യസഹായം തേടേണ്ടതാണ്.
 
സ്ഥിരമായി ഒരുഭാഗത്ത് വേദന അനുഭവപ്പെടുന്നതായി കുട്ടികൾ പരാതി പറഞ്ഞാൽ അത് ശ്രദ്ധിക്കണം. പ്രത്യേകിച്ച് കാലുകളിലോ കൈകളിലോ ആണ് ഈ വേദന അനുഭവപ്പെടുന്നത്. ഇത്തരം ലക്ഷണങ്ങൾ സ്ഥിരമായി കാണിക്കുകയാണെങ്കിൽ വിദഗ്ധ ചികിത്സ അത്യാവശ്യമാണ്.
 
രാവിലെ എഴുന്നേൽക്കുമ്പോൾ കടുത്ത തലവേദനയും ഛർദ്ദിയും ഉണ്ടാവുന്നതും കാൻസറിന്റെ ലക്ഷണങ്ങളാവും.
 
അപ്രതീക്ഷിതമായി കാഴ്ച്ച നഷ്ടപ്പെടുക, കണ്ണുകൾ വീർക്കുക, തുടങ്ങിയവ റെറ്റിനോബ്ലാസ്റ്റോമ എന്ന കാൻസറിന്റെ ലക്ഷണങ്ങൾ ആവാനുള്ള സാധ്യതയുണ്ട്.
 
അപ്രതീക്ഷിതമായി കുട്ടികളുടെ ശരീരഭാരം കുറയുകയും, ഭക്ഷണം കഴിക്കാൻ സ്ഥിരമായി വിസമ്മതിക്കുകയും ചെയ്യുന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍