ലൈംഗികാതിക്രമ പരാതികളുടെ പേരില്‍ കഴിഞ്ഞ രണ്ട് വർഷത്തിനിടെ 48 ഉദ്യോഗസ്ഥരെ പുറത്താക്കിയതായി ഗൂഗിൾ മേധാവി സുന്ദർ പിച്ചൈ. 13 മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അടക്കം 48 പേരെയാണ് ഗൂഗിൾ പുറാത്താക്കിയിരിക്കുന്നത്. സ്വഭാവ ദൂഷ്യമുള്ളവരെ പുറത്താക്കി ജോലിസ്ഥലം നന്നാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു കടുത്ത നടപടി സ്വീകരിച്ചതെന്ന് സുന്ദര്‍ പിച്ചെ പറഞ്ഞു.
ലൈംഗികാതിക്രമത്തിന്റെ പേരില്‍ ആരോപണ വിധേയരായ മൂന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഗൂഗിള്‍ സംരക്ഷിക്കുന്നുവെന്നും കമ്പനിയില്‍ നിന്നും പുറത്തുപോവാന്‍ വന്‍തുക വാഗ്ദാനം ചെയ്തുവെന്നുമുള്ള ന്യൂയോര്‍ക്ക് ടൈംസ് വാര്‍ത്തയ്ക്ക് പിന്നാലെയാണ് ജീവനക്കാര്‍ക്ക് അയച്ച ഇമെയില്‍ സന്ദേശത്തിൽ പിച്ചൈ ഇക്കാര്യം വ്യക്തമാക്കിയത്.
ലൈംഗീകാരോപണം നേരിട്ട ആന്‍ഡ്രോയിഡ് സ്രഷ്ടാവായ ആന്‍ഡി റൂബിന് ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരെ ഗൂഗിള്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കമ്പനി വിട്ടു പോകാന്‍ ഉദ്യോഗസ്ഥര്‍ക്ക് ഒമ്പത് കോടി ഡോളര്‍ എക്സിറ്റ് പാക്കേജ് ആയി വാഗ്ദാനം ചെയ്തുവെന്നും വാര്‍ത്ത വന്നിരുന്നു. എന്നാൽ പുറത്താക്കിയത് ആര്‍ക്കും പണം വാഗ്ദാനം ചെയ്തിട്ടില്ലെന്ന് സുന്ദര്‍ പിച്ചൈ ഇമെയില്‍ സന്ദേശത്തില്‍ വ്യക്തമാക്കി.