രാധാകൃഷ്ണന് ഭ്രാന്താണ്

രാധാകൃഷ്ണന്‍ ഞെട്ടിയെഴുന്നേറ്റു. ഒരിക്കലും കണ്ടിട്ടില്ലാത്ത ദുസ്വപ്നമായിരുന്നു. എന്തൊക്കെയോ സംഭവിക്കുന്നതു പോലെ, സംഭവിക്കാനിരിക്കുന്നതു പോലെ. വിയര്‍ത്തൊലിച്ച മുഖം കിടക്കവിരി കൊണ്ട് തുടച്ച് രാധാകൃഷ്ണന്‍ ടേബിള്‍ ലാമ്പിന്‍റെ സ്വിച്ചമര്‍ത്തി.

സമയം മൂന്ന് മണി. ടേബിളില്‍ കമിഴ്ത്തി വച്ചിരിക്കുന്ന ഗ്ലാസ് കണ്ട് അയാള്‍ ഭാര്യയെ സൂക്ഷിച്ച് നോക്കി. വെട്ടിയിട്ട മരം പോലെ അവള്‍ മലര്‍ന്ന് കിടന്നുറങ്ങുകയാണ്. ഫ്രിഡ്ജില്‍ നിന്ന് തണുത്ത വെള്ളം കുടിച്ചശേഷം രാധാകൃഷ്ണന്‍ കട്ടിലില്‍ വന്ന് കിടന്നു.

എത്ര ശ്രമിച്ചിട്ടും ഉറങ്ങാന്‍ കഴിയുന്നില്ല. ദുസ്വപ്നത്തില്‍ കണ്ട ചില ദൃശ്യങ്ങള്‍ അനുവാദമില്ലാത്ത മുന്നില്‍ വന്ന് മറഞ്ഞുകൊണ്ടിരുന്നു. ക്ഷമ നശിച്ചപ്പോള്‍ രാധാകൃഷ്ണന്‍ എഴുന്നേറ്റ് വാതില്‍ തുറന്ന് മുന്‍വശത്തുള്ള ചൂരല്‍ കസേരയില്‍ അമര്‍ന്നിരുന്നു. നല്ല തണുപ്പുണ്ട്, മൂന്ന് ദിവസം നല്ല മഴയുണ്ടായിരുന്നു. തണുത്ത കാറ്റ് വീശിയപ്പോള്‍ അതിന്‍റെ രസത്തില്‍ രാധാകൃഷ്ണന്‍ അറിയാതെ ഉറങ്ങി.

ഇടത്തരം കുടുംബസ്ഥന്‍. മക്കളില്ല, പ്രാരാബ്ദങ്ങളില്ല, ഭാര്യ മാത്രം. ചന്തക്കടുത്ത് ഒരു തടി മില്ല് നടത്തുന്നു, അത്യാവശ്യം വരുമാനം അതില്‍ നിന്ന് കിട്ടും, പിന്നെ കുറച്ച് വയലുണ്ട്, കുറച്ച് റബറും. അധ്വാനിച്ച് തന്നെയാണ് രാധാകൃഷ്ണന്‍ ഇത്രയൊക്കെ സമ്പാദിച്ചത്. രാധാകൃഷ്ണന്‍ ആ ഗ്രാമത്തില്‍ വന്നിട്ട് 30 വര്‍ഷം കഴിഞ്ഞു.

പോസ്റ്റുമാനായിട്ട് കിട്ടിയ ആദ്യ പോസ്റ്റിങ് അവിടെയായിരുന്നു. അങ്ങനെ നാടുമുഴുവന്‍ ചുറ്റിത്തിരിയുമ്പോഴാണ് സൌദാ‍മിനിയെ കാണുന്നത്. നല്ല തറവാടിത്തമുള്ള ഒന്നാന്താരം നാട്ടിന്‍പുറത്തുകാരി. സൌദാ‍മിനിയുടെ അച്ഛന് കത്ത് കൊടുക്കാന്‍ വീട്ടില്‍ ചെല്ലുമ്പോഴാണ് ഇടിവെട്ടേറ്റതു പോലെ സൌദാമിനി രാധാകൃഷ്ണന്‍റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. സൌദാ‍മിനിയെ കാണാന്‍ വേറെ വഴികളൊന്നും ഇല്ലെന്ന് കണ്ടപ്പോള്‍ പല പേരുകളില്‍ കത്തെഴുതാന്‍ തുടങ്ങി.

ഊമക്കത്തുകളുടെ ഉറവിടത്തെ തേടി മെനക്കെട്ടില്ലെങ്കിലും സ്ഥിരം കത്തുകളുമായി വരാറുള്ള പോസ്റ്റുമാനെ സൌദാമിനിക്കും ഇഷ്ടമായി. പിന്നെ സൌദാമിനിയെ കല്യാണം കഴിച്ച് അവിടെ തന്നെ കൂടുകയായിരുന്നു. പോസ്റ്റുമാന്‍ ഉദ്യോഗം മതിയാക്കിയപ്പോള്‍ സ്‌ത്രീധനമായി കിട്ടിയ തടിമില്ലും കൃഷിയും ഒക്കെയായി കഴിഞ്ഞുകൂടുന്നു.

കൊച്ചുവെളുപ്പാങ്കാലത്ത് വീട്ടിന് പുറത്ത് കൂനിക്കൂടിയിരിക്കുന്ന രാധാകൃഷ്ണനെ കണ്ട് സൌദാമിനി ശരിക്കും ഞെട്ടി. ഇതെന്ന് തുടങ്ങി ഈ ശീലം! സൌദാമിനിക്ക് സ്വയം ചോദിക്കാനേ കഴിയുമായിരുന്നുള്ളു. രാധാകൃഷ്ണനും ഒന്നും പറഞ്ഞില്ല. കുളിയും കാപ്പികുടിയും കഴിഞ്ഞപ്പോള്‍ ബാഗുമെടുത്ത് രാധാകൃഷ്ണന്‍ ഇറങ്ങി.

തടിമില്ലില്‍ എത്തണമെങ്കില്‍ കുറഞ്ഞത് അരമണിക്കൂര്‍ യാത്ര ചെയ്യണം. കവലയില്‍ എത്തിയപ്പോള്‍ രാധാകൃഷ്ണന്‍ ശരിക്കൊന്ന് തുമ്മി. ഇന്നലത്തെ മഞ്ഞാണ്. ദിവാകരന്‍റെ ബാര്‍ബര്‍ ഷോപ്പില്‍ ബാഗ് വച്ചശേഷം മുല്ലാക്കായുടെ ചായക്കടയിലേക്ക് കയറി. മുല്ലാക്കയുടെ ഒന്നാന്തരം ചുക്കുകാപ്പി കുടിച്ചാല്‍ ഒരുമാതിരി ചെറിയ അസുഖമെല്ലാം പമ്പ കടക്കും.


ഒന്നാന്തരം കാപ്പിയായിരുന്നു. കാപ്പികുടി കഴിഞ്ഞ് ബാഗെടുക്കാന്‍ രാധാകൃഷ്ണന്‍ ബാര്‍ബര്‍ ഷോപ്പിലേക്ക് കയറി. ആ ഗ്രാമത്തില്‍ അറിയപ്പെടുന്ന ഒരു ബാര്‍ബറാണ് ദിവാകരന്‍. പട്ടണത്തിലെ പുതിയ ശൈലികള്‍ അനുസരിച്ച് നന്നായി മുടിവെട്ടിത്തരും.

രാധാകൃഷ്ണന്‍ ആദ്യമായി അവിടെ വരുമ്പോള്‍ താമസസൌകര്യം ശരിയാക്കിയത് ദിവാകരനാണ്. അന്ന് തുടങ്ങിയതാണ് ഈ സൌഹൃദം. രാധാകൃഷ്ണന്‍ അവിടെ ബഞ്ചില്‍ കിടന്ന ആഴ്ചപ്പതിപ്പുകള്‍ മറിക്കാന്‍ തുടങ്ങി.

“ഈ ബസിന്‍റെ കാര്യം ഇങ്ങനെയാണ്”, നിശബ്ദതയെ ഭേദിച്ച് ദിവാകരന്‍ രാധാകൃഷ്ണന്‍റെ മുഖത്ത് നോക്കി. “പെട്രോളിന്‍റെ വിലകൂട്ടിയതില്‍ പിന്നെ...” ദിവാകരന്‍ അങ്ങനെയാണ്. എന്തെങ്കിലും സംസാരിച്ച് തുടങ്ങിയാല്‍ നിര്‍ത്തില്ല. രാധാകൃഷ്ണന്‍ ദിവാകരനെ നോക്കിയിരുന്നു.

അപ്പോഴും അയാളുടെ കൈയ്യിലെ കത്തി കണ്ണാടിക്ക് മുന്നില്‍ സുഖനിദ്രയിലായിരുന്ന ഏതോ ഒരാളുടെ മുഖത്തുകൂടി മുകളിലേയ്ക്കും താഴെയ്ക്കും ചലിച്ചുകൊണ്ടിരുന്നു. രാധാകൃഷ്ണന് അത്ഭുതം തോന്നി, പിന്നെ ഒരല്‍പ്പം ഭയവും. രാധാകൃഷ്ണന്‍റെ കണ്ണുകളിലേക്ക് അയാള്‍ കണ്ട സ്വപ്നത്തിന്‍റെ നിഴലുകള്‍ അരിച്ചിറങ്ങാന്‍ തുടങ്ങി.

അറവ് ശാലകള്‍ പോലുള്ള ഒരു ബാര്‍ബര്‍ ഷോപ്പ്‌‍... ചുവരുകളിലെല്ലാം രക്തക്കറ പറ്റിപ്പിടിച്ചിരിക്കുന്നു. കൊമ്പും വാലും ദ്രംഷ്ടയുമുള്ള ഉഗ്രരൂപികളായ ഒരു രൂപം മൂര്‍ച്ചയേറിയ കത്തികളുമായി അട്ടഹസിക്കുന്നു... കഴുത്ത് മുറിച്ച് രക്തം കുടിക്കാന്‍ നില്‍ക്കുന്ന ജന്തുവിന്‍റെ മുന്നില്‍ ഇതൊന്നും അറിയാതെ ഒരു മനുഷ്യന്‍ അവിടെയിരുന്ന് ഉറങ്ങുന്നു...

രാധാകൃഷ്ണന്‍ ഞെട്ടിയെഴുന്നേറ്റു. ദിവാകരന്‍ അതൊന്നും ശ്രദ്ധിക്കാതെ താടി വടിക്കുകയായിരുന്നു. രാധാകൃഷ്ണന്‍ യാത്ര പറഞ്ഞ് പുറത്തേക്കിറങ്ങി. രാധാകൃഷ്ണന്‍റെ മനസ് നിയന്ത്രണങ്ങള്‍ അതിലംഘിച്ച് സ്വയം സംസാരിക്കുകയായിരുന്നു. “എത്ര വലിയ അബദ്ധമാണ് ബാര്‍ബര്‍ ഷോപ്പുകളില്‍ നടക്കുന്നത്. കത്തിയുമായി നില്‍ക്കുന്ന അന്യന്‍റെ മുന്നില്‍ കഴുത്ത് കാണിച്ചുകൊടുക്കുക, അയാള്‍ കഴുത്തിയൂടെ മൂര്‍ച്ചയേറിയ കത്തി അങ്ങോട്ടും ഇങ്ങോട്ടും ചലിപ്പിക്കുക.... അതില്‍ രസിച്ച് കുറച്ച് നേരം ഒന്നുമറിയാതെ മയങ്ങുക...!

കത്തി ഒന്ന് മാറിയാല്‍...? തല തറയില്‍ ഉരുളാന്‍ പിന്നെ എന്ത് വേണം! ജീവിതത്തിനും മരണത്തിനും ഇടയിലെ നിമിഷങ്ങള്‍‍! കത്തിയുമായി നില്‍ക്കുന്ന ആളുടെ ചരിത്രമോ പശ്ചാത്തലമോ സ്വഭാവമോ ഒന്നും നോക്കാതെ കഴുത്തില്‍ കത്തിവയ്ക്കാന്‍ ഇരുന്നുകൊടുക്കുന്നത് എത്ര വലിയ ഭ്രാന്താണ്?”


രാധാകൃഷ്ണന്‍ ബസ് കാത്ത് നിന്ന് മടുത്തു. തിരികെ പോയാലോ! വേണ്ട, ഏതായാലും ഇറങ്ങിയതല്ലേ! ബസില്‍ സാമാന്യം നല്ല തിരക്കുണ്ടായിരുന്നു. പരിചയത്തിന്‍റെ പേരില്‍ കിട്ടിയ സീറ്റില്‍ രാധാകൃഷ്ണന്‍ ചാരിയിരുന്നു. പതിവുള്ള ബസ് യാത്രയാണെങ്കിലും എന്തുകൊണ്ടോ രാധാകൃഷ്ണന് അന്നത്തെ യാത്ര പുതുമയുള്ളതായി അനുഭവപ്പെട്ടു.

ടാറിട്ട റോഡിലെ കുന്നും കുഴികളും ബസ് അതിവേഗം മുന്നോട്ട് പോകുന്നു... ആ ചാഞ്ചാട്ടത്തില്‍ ലയിച്ച് പലരും ഇരുന്നുറങ്ങുന്നു... രാധാകൃഷ്ണന്‍റെ കണ്ണുകളില്‍ നിഴലുകള്‍ അരിച്ചിറങ്ങാന്‍ തുടങ്ങി.

ഒരു വണ്ടിയില്‍ നിറയെ അറവ് മാടുകള്‍... കൊമ്പും വാലും ദ്രംഷ്ടയുമുള്ള ഒരു വിരൂപ ജീവി വാഹനം വലിക്കുന്നു. മരണത്തിലേക്കാണ് തങ്ങളുടെ യാത്രയെന്നറിയാതെ അറവു മൃഗങ്ങള്‍ ഉറക്കത്തിലാണ്. വണ്ടിയുടെ കടകട ശബ്ദം വായുവില്‍ ഞെരിഞ്ഞമരുന്നു. രാധാകൃഷ്ണന്‍ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു. “സ്ഥലം ആയിട്ടില്ല സാറേ!” അടുത്തിരുന്നയാള്‍ നീ‍ട്ടിപ്പറഞ്ഞപ്പോഴാണ് രാധാകൃഷ്ണന് ബോധം വീണത്.

ആരാണ് ഈ ബസ് ഓടിക്കുന്നത്? അയാള്‍ക്ക് എന്തെങ്കിലും മാനസിക പ്രശ്നങ്ങളുണ്ടോ? അയാള്‍ക്ക് ഡ്രൈവിംഗ് നന്നായി അറിയാമോ? അയാള്‍ വീട്ടില്‍ വഴക്ക് വച്ചിട്ട് വന്നിരിക്കുകയാണോ? രാധാകൃഷ്ണന്‍ വിയര്‍ത്തൊഴുകാന്‍ തുടങ്ങി.

ബാര്‍ബാറുടെ മൂര്‍ച്ചയേറിയ കത്തിക്ക് മുന്നില്‍ ജീവിതം വിട്ടുകൊണ്ടുത്ത ശേഷം നിദ്രയിലേക്ക് മറിയുന്ന ഒരു തരം അമിതവിശ്വാസം..., എത്തിച്ചേരേണ്ട സ്ഥലത്ത് തങ്ങളെ ഡ്രൈവര്‍ കൊണ്ടെത്തിക്കുമെന്നും, വിളമ്പി വച്ച ചോറില്‍ അമ്മയോ ഭാര്യയോ വിഷം അലര്‍ത്തില്ലെന്നും, നിലയുറപ്പിച്ചിരിക്കുന്ന ഭൂമി ഇടിഞ്ഞു താഴില്ലെന്നും, ഇലട്രിക് കമ്പികള്‍ വരിഞ്ഞ് തെരുവിലൂടെ നടക്കുമ്പോള്‍ അതൊന്നും ഒരിക്കലും പൊട്ടി തലയിലൂടെ വീഴില്ലെന്നുമുള്ള കുറേ വിശ്വാസങ്ങള്‍....

ഇങ്ങനെയുള്ള കുറേ വിലകുറഞ്ഞ വിശ്വാ‍സങ്ങളുടെ ശേഖരം മാത്രമല്ലേ ഈ മനുഷ്യജീവിതം? ഒരിക്കലും നിര്‍വചിക്കാനാവാത്ത കുറേ കാര്യങ്ങള്‍ ഉണ്ടെന്നോ ഇല്ലന്നോ വിശ്വസിക്കുന്ന മനുഷ്യന്‍ എത്ര മണ്ടനാണ്! കാണുന്നതെന്തും വിശ്വസിക്കാനോ, നിര്‍വചിക്കുന്നതിനെ പരമസത്യമായി തെളിയിക്കാനോ കഴിയാത്ത അനിശ്ചിതത്വം മാത്രം നിറഞ്ഞ ഈ ലോകത്തില്‍, സ്വന്തം കണ്ണ് കെട്ടി അന്ധതയുണ്ടാക്കുന്ന ഈ വിശ്വാസങ്ങളിലെങ്കില്‍ നാം ആരാണ്? വെറും വട്ടപ്പൂജ്യം...!

രാധാകൃഷ്ണന്‍ മില്ലിന്‍ നിന്ന് പുറത്തിറങ്ങി. വര്‍ഷങ്ങളുടെ പഴക്കമുള്ള ചക്രങ്ങള്‍ കറങ്ങിക്കൊണ്ടിരുന്നു, അതിന്‍റെ ശബ്ദം സുനിശ്ചിതമായ അത്യാഹിതത്തിന്‍റെ അപകട മണി മുഴക്കുന്നുണ്ടെങ്കിലും അതൊന്നും വകവയ്ക്കാതെ തൊഴിലാളികള്‍ ജോലിചെയ്യുന്നു.

വാള്‍ പൊട്ടിത്തെറിച്ചാല്‍ അറ്റുപോകാനിടയുള്ള ശരീരഭാഗങ്ങള്‍... തലകള്‍... കൈകള്‍... കാലുകള്‍... നിലവിളികള്‍... ചെവി പൊത്തിപ്പിടിച്ച് രാധാകൃഷ്ണന്‍ അലറി വിളിച്ചു, “നിര്‍ത്തുന്നുണ്ടോ!” തേഞ്ഞ് തീരാറായ പല്‍ച്ചക്രങ്ങള്‍ ക്രമേണ നിശ്ചലമായി.

വെബ്ദുനിയ വായിക്കുക