ചന്ദ്ര എന്നോടു പറഞ്ഞത് ഇവിടെ തുറന്നു പറയാനൊരവസരം. അതുമാത്രം തന്നാല്‍ മതി. എന്‍റെ കുമ്പസാരം തീരുമ്പോള്‍ ലോകം മുഴുവന്‍ എഴുന്നേറ്റ് നില്‍ക്കും. അപ്പോള്‍ എനിക്കുള്ള ശിക്ഷയില്‍ ഇളവു വരുത്താന്‍ നിങ്ങള്‍ നിര്‍ബന്ധിതനാകും - അയാള്‍ ലോക ദൈവത്തിനു മുന്നില്‍ മുട്ടുകുത്തി.
ദൈവം പറഞ്ഞു- നിസാരനായ മനുഷ്യാ. ചന്ദ്ര നിന്നോടുപറഞ്ഞത് എന്‍റെ നെറ്റ്വര്‍ക്കിലെ ഏതെങ്കിലും ബ്രാഞ്ച് ഓഫീസില്‍ ഉണര്‍ത്തിക്കുക. അവര്‍ നല്‍കുന്ന റെസിപ്റ്റ് ഇവിടുത്തെ റിസപ്ഷനില്‍ ഏല്‍പ്പിക്കുക. ഞാന്‍ കണ്ട് ബോധ്യപ്പെടണമെന്നില്ല. എന്‍റെ റിസപ്ഷനിസ്റ്റ് അതിസുന്ദരിയാണ്.
അയാള്‍ വീണ്ടും- എനിക്ക് പറയാനുള്ളതു കേള്‍ക്കൂ. ഇറാഖിലെ ചാവേര്‍ ആക്രമണംപോലെ ശ്രദ്ധ കൊടുക്കേണ്ട വിഷയമാണിത്. ചന്ദ്ര ഇനിയും ഇതാവര്‍ത്തിച്ചേക്കും. അവള്‍...
ആരാധ്യനായ ദൈവം ഇടയ്ക്കു കയറി- ഹേ റെസ്പെക്ടില്ലാത്ത കീടമേ. ഞാന്‍ നിന്നെ ആഫ്രിക്കന്‍ കണ്‍ട്രീസിലേക്ക് പായ്ക്ക് ചെയ്യും. റിസപ്ഷനിസ്റ്റിനെ മുഖം കാണിച്ച് സംതൃപ്തിയടഞ്ഞ് തിരിച്ചുപോവുക. എനിക്കിടെ പാലസ്തീനിലും നൈജീരിയയിലും ഒന്ന് മൗസ് ക്ളിക്ക് ചെയ്യാന്‍ ടൈമില്ല.
അയാള്‍ പിന്തിരിഞ്ഞു. ഈ വാതില്‍ തുറക്കില്ലെന്ന് മനസില്‍ പറഞ്ഞു. പോകുന്നതിന് മുന്‍പ് ലോക ദൈവത്തിനുമുന്നിലെ മോണിട്ടറിലേക്ക് അയാള്‍ ഒളിഞ്ഞുനോക്കി. അവിടെ ഒരു റഷ്യന്‍ സുന്ദരി നഗ്നനൃത്തം തുടരുകയാണ്.