കിനാവുകള്‍ കടം പറയുന്നു

ലക്ഷ്മി കട്ടിലില്‍ തന്നെ കിടന്നു. ഉറങ്ങാന്‍ കിടന്നാലോ ഉറക്കം നടിച്ചാലോ ഉറക്കമാവില്ലെന്ന് ലക്ഷ്മിയ്ക്ക് നല്ല ബോധ്യമുണ്ടായിരുന്നു. ഒന്ന് “ഉറങ്ങാന്‍” കഴിഞ്ഞിരുന്നെങ്കില്‍! അവള്‍ കൊതിച്ചു. ഉറക്കം നഷ്ടപ്പെട്ട രാത്രികള്‍ സമ്മാനിച്ച നെടുവീര്‍പ്പുകള്‍ക്ക് മുലകൊടുത്തും, ആശാഭംഗങ്ങള്‍ നല്‍കുന്ന ഗദ്ഗദങ്ങള്‍ക്ക് ചുംബനം നല്‍കിയും അവള്‍ കിടന്നു.

അനശ്വരമായ ഒരു ഉറക്കം... അതിലേയ്ക്ക് സ്വയം വലിച്ചെറിയപ്പെടാന്‍ പല തവണ ഒരുപിടി ഗുളികകള്‍ വാരിയതാണ്. ചലനമറ്റ സ്വന്തം ശരീരത്തിന് ചുറ്റും മുഖമൂടിയണിഞ്ഞവര്‍ കണ്ണീ‍ര്‍പ്പടം പൊഴിക്കുമ്പോള്‍ പ്രതികാരദാഹത്തോടെ പൊട്ടിച്ചിരിക്കാന്‍..., തന്‍റെ ശവത്തിന് മുന്നില്‍ ഒരിറ്റ് കണ്ണീരെങ്കിലും വരുത്താന്‍ പാടുപെടുന്ന സ്വന്തം അമ്മയുടെ മുഖത്തോട് മുഖം ചേര്‍ത്ത് പല്ലിറുക്കാന്‍‍..., ഗതികിട്ടാത്ത പ്രേതമായി മാറിയെങ്കിലും തന്നോട് തന്നെയുള്ള അരിശം തീര്‍ക്കാന്‍..., തന്‍റെ സ്വപ്നങ്ങള്‍ കൊണ്ട് വാതുവയ്പ്പ് നടത്തിയ രക്തബന്ധങ്ങളുടെ രക്തം കുടിക്കാന്‍...! എങ്കിലും കഴിഞ്ഞില്ല. മരണത്തിലേക്ക് സ്വാഗതഗാനം പാടിയ ഗുളികകളെ വലിച്ചെറിയുമ്പോള്‍ അവള്‍ എന്തിനോ വേണ്ടി ജീവിക്കാന്‍ തുനിയുകയായിരുന്നു, അവളുടെ അസാന്നിധ്യത്തിന് മുന്നില്‍ കരയാന്‍ പോലും മറക്കുന്ന ആര്‍ക്കോ വേണ്ടി...!

ലക്ഷ്മി മെല്ലെ എഴുന്നേറ്റു. രാത്രിയുടെ നഗ്നത കണ്ടുരസിക്കുന്ന നിലാവിന്‍റെ ശൃംഗാരത്തിലും അവളുടെ മുഖം മ്ലാനമായിരുന്നു. ഇതേ നിലവെളിച്ചത്തില്‍ പാടാന്‍ കരുതിവച്ച പ്രണയഗാനങ്ങള്‍ വിധിയുടെ നെഞ്ചില്‍ തലതല്ലിച്ചാവുന്നു. തനിക്കുചുറ്റുമുള്ള ആയിരം തമോഗര്‍ത്തങ്ങളിലേയ്ക്ക് സ്വരം ചിതറിക്കപ്പെടുന്നു. ആ ശ്വാസം മുട്ടലില്‍ നിന്ന് രക്ഷപ്പെടാന്‍ ലക്ഷ്മി നന്നേ ശ്രമപ്പെടുന്നുണ്ടായിരുന്നു. എന്നിട്ടും തമോഗര്‍ത്തങ്ങള്‍ സൃഷ്ടിച്ച സമൂഹം കൂര്‍ക്കം വലിക്കുന്നു. ജനാലയുടെ പാതിതുറന്ന പാളികളിലൂടെ ലക്ഷ്മി വെളിയിലേക്ക് നോക്കി, തനിക്കന്യമായ ഒരു ലോകത്തേക്കെന്ന പോലെ.

കുശിനിക്കാര്‍ തിരക്കിലാണ്. പാചകക്കാരുടെ മുഷിഞ്ഞ തമാശകളും അര്‍ത്ഥം വച്ചുള്ള സംസാരവും അവളെ ഭ്രാന്തുപിടിപ്പിക്കുന്നതുപോലെ. ഇവര്‍ കുത്തിയിളക്കുന്ന ഈ സദ്യയും ആറിനം പ്രഥമനും നാ‍ളെ കാക്കകള്‍ക്ക് ശ്രാദ്ധമൂട്ടേണ്ടി വരുത്തും ഞാന്‍..., നിലാവെളിച്ചത്തില്‍ തപസനുഷ്ഠിക്കുന്ന ഈ കതിര്‍മണ്ഡപത്തില്‍ നാളെ എന്‍റെ ശവം കത്തിക്കും ഞാന്‍! അവളുടെ കണ്ണുകള്‍ വിടര്‍ന്നു, അവിടെ ആരുടെയോ ചിത എരിയുന്നുണ്ടായിരുന്നു.

മൂടുവെട്ടി കുത്തിനിര്‍ത്തിയ വാഴകളുടെ ശവങ്ങള്‍, ആ ശവത്തിന്‍റെ കുലയില്‍ വരണമാല്യം ചാര്‍ത്തിയ ബള്‍ബുകള്‍, ആഹ്ലാദം വരുത്തിത്തീര്‍ക്കാന്‍ മുഴങ്ങുന്ന പ്രണയഗാനങ്ങള്‍, കൃത്രിമത്വം നിറഞ്ഞ പേപ്പര്‍ പൂക്കള്‍‍, വിലയ്ക്ക് വാങ്ങിയ ആര്‍ഭാഢവസ്തുക്കള്‍... എല്ലാം പണക്കൊഴുപ്പുകള്‍, കൃത്രിമങ്ങള്‍! “മാന്യമായി മാംസക്കച്ചവടം” നടത്താന്‍ സമൂഹം കണ്ടെത്തിയ സൂത്രങ്ങളല്ലേ ഇവയെല്ലാം? ഈ തോരണങ്ങളുടെ മറവില്‍ നടക്കുന്ന ലേലം വിളികളും വാതുവയ്പ്പുകളും ലക്ഷ്മിയുടെ കാതില്‍ മുഴങ്ങിക്കൊണ്ടിരുന്നു. ജന്‍‌മസാഫല്യമെന്ന പോലെ കരുതിവച്ച പ്രണയമെവിടെ? മയില്‍പ്പീലിത്തണ്ടുപോലെ കാത്തുസൂക്ഷിച്ച സ്വപ്നങ്ങളെവിടെ?

കുശിനിയില്‍ കനലുകള്‍ അപ്പോഴും ഉന്‍‌മാദനൃത്തം ചവിട്ടുന്നുണ്ടായിരുന്നു, രണാങ്കണത്തില്‍ അമ്പേറ്റുവീണ പോരാളിക്ക് ചുറ്റും കൂലിപ്പട്ടാളങ്ങള്‍ ആക്രോഷിക്കുന്നതുപോലെ! ലക്ഷ്മി ആ കനലുകളിലേയ്ക്ക് സൂക്ഷിച്ച് നോക്കി. അവ പൊട്ടിച്ചിരിക്കുന്നു, കൊഞ്ഞനം കുത്തുന്നു, ഗോഷ്ടികള്‍ കാണിക്കുന്നു. കനലുകള്‍ക്ക് മീതെ വാര്‍പ്പില്‍ തിളച്ചുമറിയുന്ന അരിമണികള്‍ അവളെ എത്തിനോക്കുന്നു, അവയുടെ കണ്ണുകളില്‍ പരിഹാസമുണ്ടായിരുന്നു.... ലക്ഷ്മി മുഖം തിരിച്ചു. തിളച്ച് മറിയുന്ന ഈ കൊലച്ചോറ് തിന്നാന്‍ ‘ലോഹം കൊണ്ട് നഗ്നത മറച്ച വെപ്പാട്ടിമാര്‍’ നാളെ എത്തുന്നുണ്ടാവും.


അളന്നും തൂക്കിയും നോക്കാന്‍ കതിര്‍മണ്ഡമത്തിലെത്തിലെ ത്രാസില്‍ ഇരുന്നുകൊണ്ടുക്കേണ്ടി വരും, അവിടെ വഴുവഴുത്ത ദ്രവ്യാസക്തിയില്‍ മുങ്ങിയ കാമക്കണ്ണുകള്‍ തന്നെയും തന്‍റെ ആത്മാംശത്തെയും കഴുവിലേറ്റും. അവരുടെ തമോഗര്‍ത്തം പോലുള്ള അമര്‍ത്തിച്ചിരികളില്‍ താന്‍ ഛിന്നിച്ചിതറും, ആരോ ഛര്‍ദ്ദിച്ച ഭംഗിവാക്കുകളെ വീണ്ടും ചവച്ചവര്‍ സ്വന്തം ഭാവത്തിന്‍റെ ശവക്കുഴി തോണ്ടും. മരിച്ചുപോയ തന്‍റെ ആത്മാവിനും ശരീരത്തിനും വിലപേശാന്‍ ഇങ്ങനെ നിന്നുകൊണ്ടുക്കണോ? ലക്ഷ്മി കട്ടിലില്‍ ചെന്നിരുന്നു. നാളെ തന്നെ വിലയ്ക്ക് വാങ്ങാനെത്തുന്ന ഏതോ ഒരന്യന്‍റെ മുന്നില്‍ പുള്ളിപ്പശുവായി നിന്നുകൊടുക്കാന്‍ വിധിക്കപ്പെടുന്ന നിമിഷങ്ങളിലേയ്ക്ക് അറിയാതെ അവള്‍ വഴുതിവീണു.

പുള്ളിപ്പശുവിനെ വളര്‍ത്തിയവര്‍ക്ക് എന്നും നെഞ്ചിടിപ്പാണ്. ആ നെഞ്ചിടിപ്പകറ്റാന്‍ അവര്‍ അവളുടെ കഴുത്തില്‍ കയറുകള്‍ കെട്ടുന്നു, ഒരു ജന്‍‌മം മുഴുവന്‍ ആ കയറിന്‍റെ അതിര്‍വരമ്പുകളില്‍ മാത്രം ചുറ്റി അവള്‍ സ്വപ്നങ്ങള്‍ കാണുന്നു. ആ സ്വപ്നങ്ങളെ പ്രസവിക്കാന്‍ മാത്രം കെല്‍പ്പില്ലാത്ത മച്ചിപ്പശുവാണ് താനെന്ന് സ്വയം തിരിച്ചറിയുമ്പോള്‍ അവള്‍ സ്വയം ഒറ്റിക്കൊടുക്കുന്നു. ഒടുവില്‍ അവളും അവളുടെ കയറും ചന്തയിലേയ്ക്ക്... ക്രയവിക്രയങ്ങളുടെ തത്വസംഹിതകളറിയാതെ അവിടെ അവള്‍ അണിഞ്ഞൊരുങ്ങി നിന്നുകൊടുക്കുന്നു.

വില്‍ക്കാനാണ് പ്രയാസം! അതിന് മുഴുത്ത മാംസങ്ങള്‍ വേണം, കാണുന്നവരെല്ലാം നോക്കി നില്‍ക്കണം. അകിടിന് നല്ല കനം വേണം, പാലിന് വന്‍‌പ്രചാരവും കിട്ടണം. കുളമ്പും കാലും ലക്ഷണമൊത്തതാവണം, അടിച്ചാല്‍ കൈ പതിഞ്ഞിരിക്കണം. പിറകില്‍ നിന്ന് നോക്കിയാല്‍ വംശബലം കാട്ടണം, വാലിന് നല്ല നീളം വേണം. കഴുത്തിന് ചുറ്റും സ്വര്‍ണ്ണമണികള്‍ വേണം, കൊണ്ടു നടക്കുമ്പോള്‍ ഗമയും വേണം. വയറിന് ചുറ്റും വെള്ളനിറം തന്നെ വേണം, പ്രാണികള്‍ പോലും മത്സരിക്കണം.... ലക്ഷ്മി കട്ടിലില്‍ ചാരിയിരുന്നു.

വില്‍ക്കപ്പെടുന്ന അവളെ നോക്കി മാതാപിതാക്കള്‍ കരച്ചില്‍ നടിക്കുമായിരിക്കാം, കെട്ടിയലങ്കരിച്ച പൂമെത്തയില്‍ ലാഭനഷ്ടക്കണക്കുകള്‍ മാന്യമായി വ്യഭിചരിക്കുമ്പോള്‍ പിതൃധര്‍മ്മം ഊക്കം കൊള്ളുമായിരിക്കാം. രക്തരക്ഷസുകളുറങ്ങുന്ന താവളത്തിലേയ്ക്ക് തന്നെ രക്തവുമായി പറഞ്ഞയക്കുമ്പോള്‍ മാതൃത്വം വികാരാധീനരാകുമായിരിക്കാം. അവശേഷിക്കുന്ന തേങ്ങലുകള്‍ പോലും രക്തസമ്മര്‍ദ്ദങ്ങളില്‍ നിഷ്ക്കാസിതമാക്കപ്പെട്ടേക്കാം. നൂറ്റാണ്ടുകളുടെ അറുപഴഞ്ചന്‍ പാരമ്പര്യങ്ങള്‍ക്കുമുന്നില്‍ ബലികൊടുക്കപ്പെട്ട അറവുമാടുകള്‍ക്ക് പിന്നെ രക്തമില്ലാതെ ജീവിക്കേണ്ടിവരുന്നു. ആ നരകയാതനയുടെ ക്രൂരനിമിഷങ്ങള്‍ തിരിച്ചറിഞ്ഞപ്പോള്‍ ലക്ഷ്മി ഞെട്ടിയുണര്‍ന്നു. അവളുടെ കവിള്‍ത്തടത്തില്‍ കണ്ണുനീര്‍ പതിപ്പിച്ച പാടുകള്‍ ദൃശ്യമായിരിക്കുന്നു. അതിലൂടെ ഒരു നീരരുവി പോലെ ആത്മകണങ്ങള്‍ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.

തലയിണക്കടിയില്‍ നിന്ന് അവള്‍ ആ പടം തപ്പിയെടുത്തു. ചന്ദനക്കുറി ചാര്‍ത്തിയ അയാളുടെ വിടര്‍ന്ന മുഖം... കണ്ണീര്‍മറയിലൂ‍ടെ അവള്‍ അത് കാണാന്‍ ശ്രമിച്ചു. ദുരഭിമാനത്തിന്‍റെ പേരില്‍ കൊത്തിനൊറുക്കപ്പെട്ട നിന്‍റെ നെഞ്ചിലേയ്ക്ക് ചായാന്‍..., അവസാനമായൊന്നു കാണാന്‍ പോലും അനുവദിക്കാതെ മണ്ണോടുമണ്ണായ നിന്‍റെ കണ്ണുകളെ അമര്‍ത്തി ചുംബിക്കുവാന്‍..., തകര്‍ത്തെറിയപ്പെട്ട നമ്മുടെ കളിവീടുകള്‍ വീണ്ടും പണിതുയര്‍ത്താന്‍..., ഞാനും വരട്ടേ നിന്‍റെ ലോകത്തേയ്ക്ക്...! ലക്ഷ്മി ഒരു പിടി ഗുളികകള്‍ വാരിയെടുത്തു.

വെബ്ദുനിയ വായിക്കുക