ജനക്കൂട്ടത്തിന്‍റെ അങ്ങേ മുനമ്പില്‍, മാധവേട്ടന്‍റെ നേരേ മുന്‍പിലായി, സോഡിയം വേപ്പര്‍വെളിച്ചത്തില്‍ കനല്‍പോലെ തിളങ്ങിയ ഒരു മുഖം കണ്ട് സുഗതന്‍ നിശ്ചേഷ്ടനായി.
അതു ശകുന്തളയല്ലേ! ആണോ? വിയര്‍പ്പു ഗ്രന്ഥികളില്‍ നിന്ന് ആശങ്കകളും ആകുലതകളും ഒഴുകിയിറങ്ങി. ദൈവമേ, അവളെന്തിനു വന്നു ഇവിടെ! ഇന്നു നടക്കാന്‍ പോകുന്നതെല്ലാം നന്നായി അറിയാവുന്നതാണ് ശകുന്തളയ്ക്ക്. ബോംബ് വീണു ചിതറുന്ന സ്ഥലം പോലും കൃത്യമായി അറിയാം. എന്നിട്ടാണ്...അവള്‍ക്കു ഭ്രാന്താണോ!
വലംകൈ ആ നേരത്ത്, ഒരാചാരം അനുഷ്ടിക്കുന്ന സമാധാനത്തോടെ ഇടംകൈയിലെ സഞ്ചിയോളമൊന്നു പോയി. അതിന്‍റെ മുഴുപ്പിലൊന്നു പരതിയശേഷം മടങ്ങി. ഉവ്വ്, സാധനം ഭദ്രമായി സഞ്ചിയില്‍ത്തന്നെയുണ്ട്. അതെവിടേയ്ക്കും പോകില്ലെന്നറിയാമെങ്കിലും വലംകൈ ഇടയ്ക്കിടെ ഒരു അന്വേഷണത്തിന്‍റെയും കണ്ടെത്തലിന്‍റെയും ആശ്വാസം തേടുന്നു.
എന്നാല്‍, ഇത്തവണ അതവിടെത്തന്നെയുണ്ടെന്ന അറിവ് ആശ്വാസമല്ല, അങ്കലാപ്പാണുണ്ടാക്കിയത്. കാരണം, അതിന്‍റെ ലക്ഷ്യത്തിലാണ് അവളിരിക്കുന്നത്; ശകുന്തള!
സുഗതന്‍ ശകുന്തളയെ ചുംബിച്ചിട്ടുണ്ട്; സ്വപ്നത്തില്‍! ഒരിക്കലേയുള്ളൂ, ഒരിക്കല്‍ മാത്രം. പിന്നെയും ചുംബിക്കണമെന്ന് ആഗ്രഹമില്ലാഞ്ഞിട്ടല്ല. സ്വപ്നത്തില്‍ ശകുന്തളയുടെ തുടുത്ത കവിളുകള്‍ കാണുമ്പോഴെല്ലാം ചുണ്ടുകള്‍ തരിക്കും. പക്ഷേ, ചുംബിക്കാനുള്ള ധൈര്യം ചുണ്ടിലേക്കിറങ്ങാതെ തൊണ്ടയില്‍ തടഞ്ഞുനില്‍ക്കും. ചുംബനം കിട്ടാതെ കവിളുകള്‍ കണ്ണീരണിഞ്ഞ് മറഞ്ഞുപോവുകയും ചെയ്യും.
ആ കവിളുകളാണോ ആള്‍ക്കൂട്ടത്തിന്‍റെ അങ്ങേത്തലയ്ക്കല്‍ എരിഞ്ഞുനില്‍ക്കുന്നത്?
മാധവേട്ടന്‍ മൈക്രോഫോണിനടുത്തേയ്ക്ക് നീങ്ങിനിന്ന് ശബ്ദം താഴ്ത്തി ഒരു പ്രത്യേക താളക്രമത്തില്‍ പറഞ്ഞു:
"സ്നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും!.... നീച പ്രവൃത്തികളെ സിദ്ധാന്തങ്ങളുടെ ന്യായമുടുപ്പിക്കുന്നവരോട് ഇതാണ് നമുക്ക് പറയാനുള്ളത്., അവസാനശ്വാസവും കഴിഞ്ഞ് പ്രാണന്‍ പിരിഞ്ഞുപോകും വരെ ഇതു നമ്മള്‍ പറയുകയും ചെയ്യും; അതിന് കൊടുക്കേണ്ടിവരുന്ന വില എന്തുതന്നെയായാലും.''
കേള്‍വിക്കാരില്‍ ആരൊക്കെയോ കണ്ണു തുടയ്ക്കുന്നുണ്ട്. കഴിഞ്ഞ കറുത്ത ദിവസങ്ങളിലൊന്നില്‍, ആരെയോ നഷ്ടപ്പെട്ടവരാകാം അവര്‍. ഒരു കത്തിമുന, ഒരു വാള്‍ത്തല, ഒരു പൊട്ടിത്തെറി.... അങ്ങനെ എന്തെങ്കിലുമൊന്ന് അവരടെ പ്രാണനില്‍ പാതി അടര്‍ത്തിയെടുത്തിട്ടുണ്ടാകാം, കണ്ണീരുറവകള്‍ തുറന്നു വിട്ടിട്ടുണ്ടാകാം.
ആ കണ്ണുകളുടെ മുന്‍നിരയിലാണ് ബോംബ് വീണു പൊട്ടേണ്ടത്. കൃത്യമായി പറഞ്ഞാല്‍, പ്രസംഗവേദിക്കും സദസ്സിനും മധ്യേയുള്ള ആ ചെറിയ ഇടത്തില്‍. മാധവേട്ടനും മൈക്രോഫോണിനും നേരേ മുമ്പില്‍. അവിടെത്തന്നെയാണ് ശകുന്തളയുടെ മുഖം തെളിഞ്ഞതും.
സുഗതന്‍റെ വിടര്‍ന്നുനിന്ന നെഞ്ച് അറിയാതെ ചുരുങ്ങി. കണ്ണുകള്‍ ശകുന്തളയെ തെരഞ്ഞ് കലങ്ങി, തല താഴ്ന്നു. ഇടംകൈ തേടിപ്പോയ വലംകൈ ഗതി മാറിത്തിരിഞ്ഞു ചെന്ന് നനവൂറിയ കണ്ണുകള്‍ തുടച്ചു. അതെ, സുഗതനും കണ്ണുകള്‍ തുടയ്ക്കുകയാണ്.
"വേദിയിലേക്കെറിഞ്ഞത് കൈ പിഴച്ച് കേള്‍വിക്കാര്‍ക്കിടയില്‍ വീണുവെന്നേ തോന്നാവൂ. കൃത്യമായിരിക്കണം.. കൈയുടെ ആയം കൃത്യമായിരിക്കണം... സാധനം വീഴുന്ന സമയം കൃത്യമായിരിക്കണം...' ഇതു തന്നെ തിരിച്ചും മറിച്ചും എത്ര തവണ പറഞ്ഞു മാധവേട്ടന്‍!
പന്തയം വച്ച്, പറയുന്ന മാങ്ങ എറിഞ്ഞുവീഴ്ത്തുമായിരുന്നു സുഗതന്‍; പറഞ്ഞതു മാത്രം! വെറും മൂന്നാം ക്ളാസില്‍ പഠിക്കുമ്പോള്‍! ആ സുഗതനെയാണ് ഉന്നം പഠിപ്പിക്കുന്നത്. അതും പട്ടിയെ എറിയാന്‍ പോലും അറിയാത്തയാള്‍! സുഗതന്‍ ഉളളിലേ ചിരിച്ചുളളു. അതു പുറത്തുവരാന്‍ പാടില്ല.
ഒരു കണക്കിന്, മാധവേട്ടനെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. മൂപ്പര് പ്രസംഗിച്ചുകൊണ്ടു നില്‍ക്കുമ്പോഴാണ് ബോംബ് വീണു ചിതറേണ്ടത്. കൈയൊന്നു പാളി വീഴ്ച വേദിയിലായാല്‍ ചിതറുന്നത് എന്തായിരിക്കും.! മാധവേട്ടനല്ല, ആരായാലും പേടി തോന്നും. തോന്നാത്തവന്‍ മനുഷ്യനല്ല ; മൃഗം പോലുമല്ല.
എന്നിട്ടും മാധവേട്ടന്‍ എന്തിനാണിങ്ങനെയൊക്ക ചെയ്യുന്നത്? ആദ്യം തന്നെ ഈ പരിപാടി എതിര്‍ത്തതാണ് ശകുന്തള. അവസാനം വരെയും എതിര്‍ത്തു.ഇതാ ഇപ്പോഴും ചെയ്യുന്നത് അതു തന്നെ.
ശേഷമെല്ലാവരും അനുകൂലിച്ചു,മാധവെട്ടന്‍റെ ബുദ്ധിയെയും ധൈര്യത്തെയും പ്രശംസിച്ചു.ശകുന്തള മാത്രം പറഞ്ഞു, വക്രബുദ്ധിയാണെന്ന്. ധൈര്യമില്ല, ഭീരുത്വമാണെന്നും ചതിയാണെന്നും പറഞ്ഞു.
എന്നിട്ടെന്താ? ഒന്നുമുണ്ടായില്ല. ജയം പതിവുപോലെ ഭൂരിപക്ഷത്തിന്. മാധവേട്ടന്‍ പറയുന്നതിനൊപ്പം നില്‍ക്കാനാണ് എല്ലാവര്‍ക്കുമിഷ്ടം. ശകുന്തളയ്ക്കു പോലും. പക്ഷേ ഇത്തവണ ശകുന്തള ഒറ്റയ്ക്കൊരു മറുപക്ഷമായി.
എങ്കിലും, എന്തിനാണിങ്ങനെ അവള്‍ ചെയ്തത്? ആര്‍ക്കറിയാം! ശകുന്തളയ്ക്കൊപ്പം നില്‍ക്കണമെന്ന് തോന്നിയതാണ്; സത്യമായിട്ടും തോന്നിയതാണ്. അവള്‍ പറയുന്നത് ശരിയല്ലേ? ന്യായമല്ലേ?
ചിലതൊക്കെ വിളിച്ചുപറയാന്‍ നാവിന്‍തുമ്പില്‍ വരെ വന്നതുമാണ്. ഒന്നും പറഞ്ഞില്ല. പറയാന്‍ പറ്റില്ല. സുഗതന് അവകാശം എറിയാന്‍ മാത്രമാണ്; പറയാനവകാശമില്ല.
കണ്ണുകള്‍ വീണ്ടും ആ മുഖം തേടിപ്പോവുകയാണ്. ജനക്കൂട്ടത്തിന്‍റെ അങ്ങേ മുനമ്പില്‍, മാധവേട്ടന്‍റെ നേരേ മുമ്പിലായി കനലാളിയ അതേ മുഖം.
സന്തോഷം ഒതുക്കാനാവാതെ ഒന്നുറക്കെ കൂവാന്‍ തോന്നി, സുഗതന്... പൂഹോയ്! ശബ്ദം പുറത്തേയ്ക്കു വരാതിരിക്കാന്‍ ഇത്തിരി പണിപ്പെടേണ്ടിവന്നു. ഒരു പക്ഷേ, അത് ശകുന്തളയല്ലായിരുന്നിരിക്കും.
അതു ശകുന്തളയായിരുന്നെങ്കിലോ? പതഞ്ഞുയര്‍ന്ന ആഹ്ളാദം പതിയെ താഴ്ന്നു. അതു ശകുന്തളയായിരുന്നെങ്കിലോ? ഒരു ശ്വാസം മുട്ടല്‍; നെഞ്ചു തടവിയപ്പോള്‍ ഇത്തിരി ആശ്വാസം തോന്നി. വലംകൈ ആ ജോലിയില്‍ മുഴുകിയപ്പോള്‍ സുഗതന് പെട്ടൈന്നൊരു വിചാരമുണ്ടായി: ഇന്നത്തേതുകൊണ്ട് ഈ പണിയങ്ങു നിര്‍ത്തിയാലോ? ഇന്നത്തേതു കഴിഞ്ഞാല്‍ പിന്നൊന്നിനുമില്ല. പതുക്കെപ്പതുക്കെ സുഗതന്‍ ഒരു തീരുമാനത്തിലേയ്ക്കു ചായാന്‍ തുടങ്ങി. നാളെ മുതല്‍ വഴി മാറിനടക്കുകയാണ്; ബോംബും മാധവേട്ടനുമില്ലാത്ത പുതിയ വഴി.
ആലോചന അത്രയുമായപ്പോള്‍ ഇത്തിരി സമാധാനം കിട്ടി സുഗതന്. വലംകൈ സഞ്ചിയോളം പോയി മടങ്ങിയെത്തി. ഇനിയൊരു ആറ്-ഏഴ് മിനിറ്റു കൂടി കഴിയുമ്പോള്‍ ലൈറ്റുകളെല്ലാം അണയും. പിന്നെ തെളിയും. ഒരിക്കലല്ല, രണ്ടു വട്ടം. അത് ചെല്ലപ്പന്‍റെ ജോലിയാണ്. രണ്ടു മിനിറ്റ് ഇടവിട്ട് രണ്ടു വട്ടം.
രണ്ടാമതു വെളിച്ചം മറയുന്ന നേരത്ത് മാധവേട്ടന്‍ പ്രസംഗവേദിയുടെ പുറകിലേയ്ക്ക് തെന്നിമാറുമെന്നാണ് തീരുമാനം.
ഇക്കാര്യം മാധവേട്ടന്‍ പറഞ്ഞത് ഇന്നു രാവിലെയാണ്. ഉന്നം പിശകിയാലോ എന്ന ഭയം മൂപ്പര്‍ക്ക് കലശലായുണ്ടെന്ന് അപ്പോള്‍ ശരിക്കും ബോധ്യമായി.
മാധവേട്ടന്‍ വേദിക്കു പിന്നിലെത്തിയാല്‍ അവിടെനിന്ന് അകാശത്തേയ്ക്ക് ഒരു ടോര്‍ച്ച് തെളിയും. മാധവേട്ടന്‍ തന്നെയായിരിക്കും അതു ചെയ്യുന്നത്. വേറെയാരെയും അത്ര വിശ്വാസം പോര. ശകുന്തളയുണ്ടായിരുന്നെങ്കില്‍ ഒരു പക്ഷേ, ആ ജോലി അവളെ വിശ്വസിപ്പിച്ച് ഏല്‍പ്പിച്ചേനെയെന്നു സുഗതനു തോന്നി.
പിന്നെ, ഒന്ന്.... രണ്ട്.... മൂന്ന്...
ബോംബ് മൂളിപ്പറന്നു ചെന്ന് വേദിക്കു താഴെ മാധവേട്ടന്‍റെ മൈക്കിനു നേരെ മുന്നില്‍ ശകുന്തളയെന്നു കരുതിയ ആ സ്ത്രീ ഇരുന്ന അതേ സ്ഥലത്ത് വീഴും.
നാല്... സാധനം പൊട്ടും!
ശകുന്തളയാണവിടെ ഇരിക്കുന്നതെങ്കില്‍... ഹൊ! സുഗതന്‍റെ നട്ടെല്ലിലൂടെ ഒരു തരിപ്പ് പാഞ്ഞുചെന്ന് തലച്ചോറിലിടിച്ചു. ഇടംകൈയില്‍ തൂങ്ങിക്കിടന്ന സഞ്ചിയൊന്ന് വിറച്ചു; അതു തേടിപ്പോയ വലംകൈയും.
കണ്ണന്‍ മുകളിലിരുന്ന് ഉറങ്ങുകയാണോയെന്ന് സുഗതന്‍ ഒരു ഞെട്ടലോടെ നോക്കി. അല്ല, ശ്രദ്ധിച്ചിരിപ്പാണ്. ചെറുപ്പമാണെങ്കിലും നല്ല പ്രാപ്തിയുണ്ട്. ഇപ്പോഴത്തെ ഒരുമാതിരി കൂഴപ്പിള്ളേരെപ്പോലെയല്ല.
മാധവേട്ടന്‍റെ ടോര്‍ച്ച് മിന്നുമ്പോള്‍ അതു നോക്കിയിരുന്ന് വിവരം തരുന്ന ജോലിയാണ് കണ്ണന്. അതിനേക്കാളേറെ , സുഗതന് ഒരു തുണയായിരിക്കുക എന്നതും. സമൃദ്ധമായ ഇലപ്പടര്‍പ്പുള്ള ഈ ആലിനു മുകളില്‍ ഈച്ച പോലുമറിയാതെ ഒളിച്ചിരിക്കാമെന്നും മാധവേട്ടന്‍ ടോര്‍ച്ച് മിന്നിക്കുന്നത് കാണാനെളുപ്പമാണെന്നും ഉന്നം നോക്കി എറിഞ്ഞു കൊള്ളിക്കാന്‍ സൗകര്യമുണ്ടെന്നും കണ്ടുപിടിച്ചത് കണ്ണന്‍ തന്നെയാണ്.
ബോംബ് വീണ് കൃത്യം ഒരു മിനിറ്റ് കഴിയുമ്പോള്‍ വീണ്ടും മൈതാനം വെളിച്ചത്തിന്‍റെ പിടിയിലാകും. അതിനു മുമ്പ് ഇരുവരും ആലില്‍ നിന്നിറങ്ങി വടക്കുഭാഗത്തെ മതിലു ചാടി, 'അയ്യോ, ബോംബ്' എന്നു വിളിച്ചുകൂവിക്കൊണ്ട് ഓടിക്കൊള്ളണം. അതാണ് മാധവേട്ടന്‍റെ നിര്‍ദ്ദേശം.
ഇനിയൊരു നാലു മിനിറ്റു കൂടിയുണ്ടാവും. ആള്‍ക്കൂട്ടത്തിന്‍റെ അങ്ങേത്തലയ്ക്കലേക്ക് സുഗതന്‍റെ നോട്ടം തെറിച്ചുവീണു. കഠിനമായ ഇന്നലെകളുടെ നീക്കിയിരിപ്പായ കുറെ ജ-ീവിതങ്ങള്‍, ആകുലതകള്‍ അകത്തൊളിപ്പിച്ച് സ്വസ്ഥതയുടെ ആവരണമണിഞ്ഞവര്‍. നാലേ നാലു മിനിറ്റു കഴിയുമ്പോള്‍ അവരുടെ അകത്തുള്ള അസ്വസ്ഥത പുറമേയ്ക്ക് തൂവി വീഴുമല്ലോ. സുഗതന്‍ വേദനിച്ചു.
ഇതല്ലാതെ വേറെ മാര്‍ഗ്ഗങ്ങളില്ലേ മാധവേട്ടന് ? ഉണ്ടെന്നാണല്ലോ ശകുന്തള പറയുന്നത്. ഇല്ലെന്നു മാധവേട്ടന്‍ പറഞ്ഞതുമില്ല.
ഏതാണ് ശരി ? ഏതാണ് തെറ്റ് ? എന്തിനാണിതെല്ലാം ? വിശ്വാസങ്ങള്‍ക്ക് വേരു പിടിക്കാന്‍ കുരുതി തന്നെ വേണമെന്നുണ്ടോ ? ആര്‍ക്കും ആരെയും കുരുതി കൊടുത്ത് വിശ്വാസം നട്ടുവളര്‍ത്താമോ ?
ഓര്‍ത്തിട്ടും ഓര്‍ത്തിട്ടും സുഗതന് എത്തും പിടിയും കിട്ടിയില്ല. ചോദ്യങ്ങളുടെ പെരുക്കത്തില്‍ തല പെരുക്കാന്‍ തുടങ്ങിയപ്പോള്‍ സുഗതന്‍ ആലോചന നിര്‍ത്തി സമാധാനിച്ചു: മാധവേട്ടന് ഒരു പ്രത്യുപകാരം. അത്രയും കരുതിയാല്‍ മതി.
ഇതിനിടെ വലംകൈ വീണ്ടും സഞ്ചിയോളം പോയി ഒന്നാശ്വസിച്ചു. കണ്ണും കാതും മനസ്സും ലക്ഷ്യത്തിലുറയ്ക്കാനൊരു ങ്ങി, ആള്‍ക്കൂട്ടത്തിന്‍റെ മുന്നറ്റത്ത് മാധവേട്ടന്‍റെ നേരെ മുന്നിലായി വേദിക്കു തൊട്ടുതാഴെ. ഇപ്പോള്‍ ഒരു സ്ത്രീയാണവിടെ ഇരിക്കുന്നത് ; തൊട്ടുപിന്നില്‍ രണ്ടുമൂന്നു കുട്ടികളും പിന്നെയും കുറെ സ്ത്രീകളും. മുന്നിലിരിക്കുന്ന സ്ത്രീ അടുത്തിരിക്കുന്നവരോട് എന്തൊക്കെയോ പറയുന്നുണ്ട്.
പിന്നെ, അവര്‍ പിന്നോട്ടു തിരിഞ്ഞ് കുട്ടികളോടെന്തോ പറയാന്‍ തുടങ്ങി. ഇത്തവണ സുഗതന്‍ ആ മുഖം കണ്ടു. കനല്‍ പോലെ തിളങ്ങുന്ന ഒരു മുഖം.
അയ്യോ.... അതു ശകുന്തളയല്ലേ!
ഇച്ഛാഭംഗത്തിന്‍റെ അങ്ങേയറ്റത്തെത്തുമ്പോള്‍ വായില്‍ തള്ളിക്കയറി വരാറുള്ള ഒരു തെറിവാക്ക് നാവിന്‍തുമ്പില്‍ നിന്ന് തെറിച്ചു.
മുകളില്‍ ഇലയനക്കം. ''എന്തുപറ്റി ആശാനേ?'' കണ്ണന്‍ അടക്കിപ്പിടിച്ച് ചോദിച്ചു. ''നോക്കെടാ അങ്ങോട്ട്!'' സുഗതന്‍ വിരലുകള്‍ കൊണ്ട് പറഞ്ഞു. പ്രാണന്‍ പിരിയുന്നതുപോലുള്ള ഒരു നിശ്വാസം കേട്ടു മുകളില്‍നിന്ന്. പിന്നെ, ചെറിയൊരു ചില്ല ഞെരിഞ്ഞൊടിയുന്ന ശബ്ദവും.
കുറെ നേരത്തേക്ക് സര്‍വം നിശ്ഛലം, നിശ്ശബ്ദം!
''വിഷമിക്കേണ്ട ആശാനെ, മാധവേട്ടന്‍ പരിപാടി ഉപേക്ഷിക്കും''. കണ്ണന്‍റെ ശബ്ദം ദൈവത്തിന്‍റെ വാക്കുകള്‍ പോലെ മുകളില്‍ മുഴങ്ങിനിന്നു.
അപ്പോള്‍ സുഗതനും തോന്നി, അതങ്ങനെയായേക്കുമെന്ന്. പരിപാടി അവസാന നിമിഷം ഉപേക്ഷിക്കണമെന്നു തോന്നിയാല്‍ മാധവേട്ടന്‍ പ്രസംഗത്തിനിടയില്‍ വലംകൈ ഉയര്‍ത്തി മുകളിലേക്കു വിരല്‍ ചൂണ്ടും; രണ്ടു വട്ടം. ശരിയാണ്, മാധവേട്ടന്‍ മനസ്സു മാറ്റിയേക്കാം.
ശകുന്തള ലക്ഷ്യസ്ഥാനത്ത് കാലും നീട്ടി കാത്തിരിക്കുകയല്ലേ ! മാധവേട്ടന്‍റെ കൈ ഉയര്‍ന്നില്ലെങ്കില്‍, ചൂണ്ടുവിരല്‍ ആകാശത്തേക്കു നിവര്‍ന്നില്ലെങ്കില്‍ എന്തു ചെയ്യും? തലയപ്പോഴും പുകയുക തന്നെയാണ്.
ലക്ഷ്യം മാറ്റിയെറിഞ്ഞാലോ? അതു വേണ്ട! ഉന്നം പിഴയ്ക്കുന്നതും ഊര്‍ദ്ധ്വന്‍ വലിക്കുന്നതും സുഗതന് ഒരുപോലെയാണ്. പക്ഷെ, ശകുന്തളയ്ക്ക് ചെറിയൊരു പൊള്ളലെങ്കിലും ഏല്‍ക്കുന്നതിനേക്കാള്‍ നല്ലത് സുഗതന്‍ വെന്തുരുകിപ്പോകുന്നതാണ്.
ഒന്നും വേണ്ടിവരില്ല. മാധവേട്ടന്‍ പരിപാടി ഉപേക്ഷിക്കും. ശകുന്തളയെ മാധവേട്ടന് ഒഴിവാക്കാനാവില്ല എന്നൊരു തോന്നല്‍. പഴയ ചിലതൊക്കെ ആലോചിക്കുമ്പോള്‍ അങ്ങനെ തോന്നുന്നതില്‍ കുറച്ചു കാര്യമുണ്ടെന്നും തോന്നും. മാധവേട്ടനു ചുറ്റും എല്ലാവരെയും ആകര്‍ഷിച്ചുനിര്‍ത്തുന്ന ഗുരുത്വബലമാണവള്‍.
മിടുക്കിയാണ്. ഒന്നാന്തരം മിടുക്കി. ഒടുവില്‍, അവള്‍ വിചാരിച്ചിടത്തേക്കാണല്ലോ കാര്യങ്ങള്‍ നീങ്ങുന്നത്. മാധവേട്ടന്‍ വഴി വിട്ടു തുടങ്ങിയോ എന്ന് സുഗതന് ഈയിടെയായി തോന്നായ്കയല്ല. വേറെ ചിലര്‍ക്കുകൂടി ഈ വിചാരമുണ്ടെന്നും സംശയിച്ചിട്ടുണ്ട് ചിലപ്പോള്‍. എങ്കിലും, ആരുമൊന്നും പറഞ്ഞില്ല, പറയില്ല. എന്തൊക്കെയായാലും, മിടുക്കി തന്നെ അവള്‍, ശകുന്തള. പറ്റില്ലെന്നു തറപ്പിച്ചു പറഞ്ഞില്ലേ, ചരിത്രത്തില്‍ ആദ്യമായി.
അപ്പോള്‍ വിളക്കുകള്‍ രണ്ടാമതും അണഞ്ഞു. മൈതാനം വീണ്ടും ഇരുട്ടിലേക്കു മറഞ്ഞുപോയി.
മാധവേട്ടനോ ശകുന്തളയോ? ഒരിക്കല്‍പോലും ഓര്‍ക്കാതെ കണ്ണടച്ചിരുട്ടാക്കി വച്ചിരുന്ന ആ ചോദ്യം ഇതാ ഇപ്പോള്‍ തൊട്ടുമുന്നില്‍ പകല്‍ പോലെ തെളിയുന്നു. മാത്രകള്‍ക്കുള്ളില്‍ കണിശമായ ഉത്തരം ആവശ്യപ്പെടുന്ന ക്രൂരമായ ചോദ്യം.
ഈ കൈകളില്‍ നിന്ന് ഇന്ന് തീഗോളം പറക്കുമെന്ന് കരുതുന്നത് വെറുതെയാണെന്ന് സുഗതന്‍ അറിഞ്ഞു. സത്യത്തില്‍ സന്തോഷമാണ് അപ്പോഴുണ്ടായത്; ആ ചോര കൈകളില്‍ പുരളാതെ കഴിക്കാമല്ലോ.
എങ്കിലും, ഭീതിയുടെ അണുക്കള്‍ ആലോചനകളെ പൊതിഞ്ഞുനില്‍പ്പുണ്ടായിരുന്നു. ''എടാ കണ്ണാ....'' ''ആശാന്‍ സമാധാനമായിരിക്ക്!''ദൈവത്തിന്‍റെ ശബ്ദം മുകളില്‍ മുഴങ്ങി. ''ശകുന്തള!'' അത്രയുമേ നാവില്‍ നിന്നു വീണുള്ളു. പിന്നെ അലറിയതൊന്നും പുറത്തുവന്നില്ല. എങ്കിലും കണ്ണന് കാര്യം മനസ്സിലായിട്ടുണ്ടാവുമെന്നുതന്നെ സുഗതന്‍ വിശ്വസിച്ചു.
സുഗതന്‍റെ കൈ വിറച്ചാല്‍ അല്ലെങ്കില്‍ പിഴച്ചാല്‍, പകരക്കാരനാകാന്‍ പറഞ്ഞിട്ടുണ്ട് മാധവേട്ടന്‍ കണ്ണനോട്. അവനുമുണ്ട് ഒരു സഞ്ചി ഇടംകൈയില്‍. അതിലുമുണ്ട് ഒരു തീഗോളം! കണ്ണനും കൈ വിറച്ചാല്‍....? ചിലപ്പോള്‍ ചെല്ലപ്പന്‍റെ കൈയിലുണ്ടാവും ഒന്ന്. ഇടംകൈയില്‍ സഞ്ചി, അതിനുള്ളില്‍ തീഗോളം! ''കണ്ണാ....'' ഒരിക്കല്‍ക്കൂടി വിളിച്ചു. പുറത്തേക്കു വരാതെപോയ ശബ്ദം കണ്ണീരില്‍ നനഞ്ഞൊട്ടിയിരുന്നു... സുഗതന്‍ കരയാന്‍ തുടങ്ങി. അപ്പോള്‍ പ്രകാശത്തിന്‍റെ ഒരു നേര്‍വര വേദിക്കു പിന്നിലെ കൂരിരുട്ടില്‍ തെളിഞ്ഞു. മാധവേട്ടന്‍റെ അടയാളം! അതണയുംമുമ്പേ മുകളിലെ ചില്ലയൊന്നു കുലുങ്ങി സുഗതന്‍റെ നിറുകയില്‍ തൊട്ടു. ഒപ്പം ഒരു മൂളലിന്‍റെ മുഴക്കവും കേട്ടു.!
ഒന്ന്...രണ്ട്...മൂന്ന്..... അടുത്തതിനടുത്ത നിമിഷത്തില്‍ പ്രസംഗവേദിക്കു പിന്നില്‍ വെളിച്ചത്തിന്‍റെ വേലിയേറ്റം. ശബ്ദത്തിന്‍റെ അഗ്നിപ്രവാഹം. അയ്യോ, അതു വേദിക്കു പിന്നിലാണല്ലോ! മാധവേട്ടന്‍ ആകാശത്തേക്കു തൊടുത്ത പ്രകാശരേഖ ആ വെളിച്ചപ്രളയത്തില്‍ മുങ്ങിമരിച്ചു; ഒരു ഞരക്കം പോലും കേള്‍പ്പിക്കാതെ. അറുതിയില്ലെന്നു തോന്നിച്ച വിലാപങ്ങള്‍ അപ്പോഴേക്കും മൈതാനത്തെ തീ പിടിപ്പിച്ചുകഴിഞ്ഞിരുന്നു. സുഗതന്‍റെ കണ്ണുകളില്‍ അവിശ്വാസം തുറിച്ചുവന്നു. കണ്ണന്‍ മുകളിലിരുന്ന് വിറയ്ക്കുന്നത് കാണാം. ''കണ്ണാ....' ചോദിക്കാനൊരുങ്ങിയത് വേണ്ടെന്നുവച്ചു. ഇനി ചോദിച്ചിട്ടെന്ത് ? അറിഞ്ഞിട്ടെന്ത് ? ഒന്നും പറയാനില്ല, ഒന്നും തന്നെ അറിയാനുമില്ല.
ഒരു മരവിപ്പ് ശരീരത്തെ കീഴ്പ്പെടുത്തുന്നതു മാത്രം സുഗതന്‍ അറിഞ്ഞു. നന്നായി. ഇനിയൊരിക്കലും ഓര്‍ത്തെടുക്കാനാവാത്ത മട്ടില്‍ ചലനത്തിന്‍റെ രഹസ്യം ശരീരം മറന്നുപോകട്ടെ. കേള്‍വിയുടെ മന്ത്രം കാതുകളില്‍ വീഴാതിരിക്കട്ടെ. കണ്ണുകള്‍ക്ക് കാഴ്ച കനവിലാകട്ടെ. ആല്‍മരത്തില്‍ അമര്‍ന്നിരുന്ന കൈകാലുകള്‍ കുഴഞ്ഞു. കണ്ണന് കൈയെത്തിപ്പിടിക്കാനാവും മുമ്പ് സുഗതന്‍ മണ്ണിലേക്കുള്ള ദിശയില്‍ യാത്ര തിരിച്ചു.
ഒരു വേദന അപ്പോള്‍ സുഗതനെ ചൂഴ്ന്നു വളരുന്നുണ്ടായിരുന്നു. ശകുന്തള ഇനിയാരുടെ സ്വപ്നങ്ങളില്‍ തുടുത്ത കവിളുമായി കയറിച്ചെല്ലും? ആരവള്‍ക്ക് ചുംബനങ്ങള്‍ നല്‍കും?.