പണ വായ്പാ നയ അവലോകനം നാളെ; പ്രതീക്ഷയോടെ വ്യവസായ ലോകം

തിങ്കള്‍, 28 സെപ്‌റ്റംബര്‍ 2015 (11:29 IST)
ആർബിഐയുടെ പണ വായ്പാ നയ അവലോകനം നാളെ നടക്കാനിരിക്കെ പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയില്‍ വ്യവസായ ലോകം. റിപ്പോ നിരക്ക് കാൽ ശതമാനം കുറയ്ക്കാൻ ആർ.ബി.ഐ. ഗവർണർ സന്നദ്ധമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അങ്ങനെ വന്നാൽ, റിപോ ഏഴ്‌ ശതമാനമായി താഴും.

എന്നാൽ, കരുതലോടെയുള്ള സമീപനം സ്വീകരിക്കുന്ന റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ അതിന് തയ്യാറാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഇക്കഴിഞ്ഞ ജൂൺ രണ്ടിനാണ് ആർ.ബി.ഐ. ഏറ്റവുമൊടുവിൽ പലിശ നിരക്കുകൾ കുറച്ചത്. അന്ന് 7.50 ശതമാനത്തിൽ നിന്ന് 7.25 ശതമാനമായാണ് റിപോ നിരക്ക് താഴ്ത്തിയത്.

റിസര്‍വ് ബാങ്ക് അന്ന് പലിശ കുറച്ചിരുന്നെങ്കിലും ആനുപാതികമായ പലിശ നിരക്കുകളില്‍ കുറവ് വരുത്താന്‍ പ്രമുഖ ബാങ്കുകള്‍ തയ്യാറായിരുന്നില്ല. ഇതിനെതിരെ രഘുറാം രാജന്‍ രംഗത്ത് വരികയും ചെയ്തിരുന്നു. അതേസമയം സമ്പദ്ഘടനയെ തിരിച്ചുവരവിന്റെ പാതയിൽ തിരികെ കൊണ്ടുവരണമെങ്കിൽ പലിശ നിരക്ക് കുറച്ചേ മതിയാവൂവെന്നാണ് വ്യവസായ മേഖലയുടെയും കേന്ദ്ര സർക്കാറിന്റെയും ആവശ്യം.

വെബ്ദുനിയ വായിക്കുക