ടൊയോട്ട കിർലോസ്കർ മോട്ടോറിനായി പട നയിക്കാൻ പുതുപുത്തൻ ‘ഫോർച്യൂണർ’ വിപണിയിലേയ്ക്ക്

വ്യാഴം, 6 ഒക്‌ടോബര്‍ 2016 (10:09 IST)
പ്രീമിയം സ്പോർട് യൂട്ടിലിറ്റി വാഹന വിഭാഗത്തിൽ ടൊയോട്ട കിർലോസ്കർ മോട്ടോറിനായി പട നയിക്കാൻ പുതുപുത്തൻ ‘ഫോർച്യൂണർ’ വിപണിയില്‍ എത്തുന്നു. നവംബര്‍ 7നാണ് ഈ വാഹനം ഔപചാരികമായി പുറത്തിറക്കുന്നത്. കരുത്തേറിയ എൻജിൻ, സ്റ്റൈൽ സമ്പന്നമായ രൂപകൽപ്പന, ആഡംബരം തുളുമ്പുന്ന അകത്തളം എന്നിവയൊക്കെ പുതിയ ‘ഫോർച്യൂണറി’ൽ പ്രതീക്ഷിക്കാം.   
 
ഓഫ് റോഡ് രംഗത്തും മികവു പുലർത്തുന്ന പുതിയ ‘ഫോർച്യൂണറി’ൽ ദൃഢത, വിശ്വാസ്യത, കൂടുതൽ സുരക്ഷ, ഗുണമേന്മ എന്നിവയും ടൊയോട്ട ഉറപ്പു നൽകുന്നു. പുതിയ ‘ഫോര്‍ച്യൂണറി’നു കരുത്തേകാന്‍ 2.4 ലീറ്റര്‍, 2.8 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ സാധ്യതകളാണു പ്രതീക്ഷിക്കുന്നത്. ശേഷി കുറഞ്ഞ എന്‍ജിന് 148 ബി എച്ച് പി കരുത്തും 400 എന്‍ എം വരെ ടോര്‍ക്കും സൃഷ്ടിക്കാന്‍ കഴിയും.
 
എന്നാല്‍ 2.8 ലീറ്റര്‍ എന്‍ജിന്‍ സൃഷ്ടിക്കുന്നതാവട്ടെ 177 ബി എച്ച് പിയോളം കരുത്തും 450 എന്‍ എം വരെ ടോര്‍ക്കുമാണ്. ആറു സ്പീഡ് മാനുവല്‍, ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയര്‍ബോക്‌സുകളാണ് ഇരു എന്‍ജിനുകള്‍ക്കുമൊപ്പമുള്ള ട്രാന്‍സ്മിഷന്‍. അതുപോലെ പെട്രോൾ എൻജിനോടെ പുതിയ ‘ഫോർച്യൂണർ’ വിൽപ്പനയ്ക്കുണ്ടാവുമോ എന്നതും കാത്തിരുന്നു കാണണം.
 
അതേസമയം, ഫോര്‍ വീല്‍ ഡ്രൈവ് ലേ ഔട്ട് 2.8 ലീറ്റര്‍ എന്‍ജിനൊപ്പം മാത്രമായി പരിമിതപ്പെടുത്താന്‍ സാധ്യതയുണ്ടെന്നാണ് സൂചന. വാഹന വില സംബന്ധിച്ച വിവരങ്ങള്‍ ഒന്നു തന്നെ ഇതുവരെ പുറത്തു വന്നിട്ടില്ല. ഇടത്തരം, പ്രീമിയം എസ് യുവികളുടെ പൂർണ ശ്രേണി തന്നെ ടൊയോട്ട ഇന്ത്യയിൽ ലഭ്യമാക്കുന്നുണ്ട്.  മുന്‍കാല മോഡലുകള്‍ക്ക് ലഭിച്ച സ്വീകാര്യത പുതിയ മോഡലിനും ലഭിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

വെബ്ദുനിയ വായിക്കുക