മാരുതി സുസുക്കിയുടെ പ്രീമിയം ക്രോസ് ഓവർ എസ് ക്രോസ്, ഉപഭോക്താക്കൾക്ക് 90000 രൂപ തിരിച്ചു നൽകാനൊരുങ്ങുന്നു

വെള്ളി, 25 മാര്‍ച്ച് 2016 (09:30 IST)
മാരുതി സുസുക്കിയുടെ പ്രീമിയം ക്രോസ് ഓവർ എസ് ക്രോസിന്റെ വില കുറച്ചതിനു പിന്നാലെ വാഹനത്തിന്റെ ആദ്യകാല ഉടമകൾക്ക് 90,000 രൂപ വരെ തിരിച്ചു നൽകാന്‍ കമ്പനി ഒരുങ്ങുന്നു.
വിലക്കുറവിനു മുമ്പ് 1.6 ലിറ്റർ വകഭേദം സ്വന്തമാക്കിയ ഉപഭോക്താക്കൾക്കാണ് കമ്പനി തുക തിരിച്ചുനൽകുന്നത്. ഇതിനു പുറമെ വാഹനത്തിന് രണ്ടു വർഷ അധിക വാറന്റിയും നീട്ടി നൽകുമെന്നും കമ്പനി അറിയിച്ചു. എന്നാൽ 1.3 ലിറ്റർ വകഭേദം വാങ്ങിയവര്‍ക്ക് രണ്ട് വർഷ അധിക വാറന്റി മാത്രമേ കമ്പനി നൽകുന്നുള്ളു. 
 
പ്രീമിയം ഫീച്ചറുകളുമായി കഴിഞ്ഞ ഓഗസ്റ്റിലാണ് വാഹനം പുറത്തിറങ്ങിയതെങ്കിലും വിപണിയിൽ കാര്യമായ ചലനം സൃഷ്ടിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാൽ ഇളവു പ്രഖ്യാപിച്ചതിനു ശേഷം എസ് ക്രോസിന്റെ വിൽപ്പനയിൽ നേട്ടമുണ്ടായിട്ടുണ്ടെന്നു കമ്പനി വ്യക്തമാക്കുന്നു. മാരുതിയുടെ പ്രീമിയം ഡീലർഷിപ്പായ നെക്സയിലേയ്ക്ക് മാരുതി പുറത്തിറക്കിയ ആദ്യ വാഹനമാണ് എസ് ക്രോസ്. എസ് ക്രോസിന്റെ 1.3 ലിറ്റർ മോഡലിന് 40000 മുതല്‍ 60000 രൂപ വരെയും 1.6 ലിറ്റർ മോഡലിന് 2.05 ലക്ഷം രൂപ വരേയുമായിരുന്നു നേരത്തെ കുറച്ചത്. കഴിഞ്ഞ ഏഴു മാസത്തിനിടെ ‘എസ് ക്രോസി’ന്റെ വിൽപ്പന 21,000 യൂണിറ്റോളമായി ഉയർന്നെന്നാണു കണക്ക്.‌‌
 
ശേഷി കുറഞ്ഞ ‘ഡി ഡി ഐ എസ് 200’ എൻജിനു പരമാവധി 200 എൻ എം ടോർക്കും 90 പി എസ് കരുത്തും  സൃഷ്ടിക്കാനാവും; ‘ഡി ഡി ഐ എസ് 320’ എൻജിന്റെ പരമാവധി ശേഷിയാവട്ട 120 പി എസ് കരുത്തും 320 എൻ എം ടോർക്കുമാണ്. ശേഷി കുറഞ്ഞ എൻജിന്റെ ഇന്ധനക്ഷമത ലീറ്ററിന് 23.65 കിലോമീറ്ററാണു മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ ശേഷിയേറിയ എൻജിൻ ലീറ്ററിന് 22.07 കിലോമീറ്റർ ഇന്ധനക്ഷമത നൽകുമെന്നാണു നിർമാതാക്കള്‍ അവകാശവാദം ഉന്നയിക്കുന്നത്.
 
 

വെബ്ദുനിയ വായിക്കുക