കരുത്തേറിയ ‘ടി 8’ എന്‍‌ജിനുമായി മഹീന്ദ്ര ‘ടി യു വി 300’ ഡ്യൂവല്‍ ടോണ്‍ എഡിഷന്‍ വിപണിയില്‍

വെള്ളി, 14 ഒക്‌ടോബര്‍ 2016 (14:09 IST)
ഇരട്ട വർണ സങ്കലനത്തിൽ മഹീന്ദ്ര ‘ടി യു വി 300’ വിപണിയിലെത്തി. ഒറ്റ വർണ മോഡലിനെ അപേക്ഷിച്ച് 15,000 രൂപയിലധികം വിലവർധനയോടെയാണ് ‘ടി യു വി 300’ന്റെ ഇരട്ട വർണ സങ്കലന വകഭേദം വിൽപ്പനക്കെത്തിയിട്ടുള്ളത്. സിൽവർ ബോഡിയോടൊപ്പം കറുപ്പ് മേൽക്കൂരയും കറുപ്പ് നിറമുള്ള സൈഡ് പില്ലർ, ഇരട്ട വർണ മുൻ - പിൻ ബംപറുകൾ എന്നിവയുമായാണ് വാഹനം എത്തിയിട്ടുള്ളത്. 9.15 ലക്ഷം രൂപയാണു ഡൽഹിയിലെ ഷോറൂം വില.  
 
സിൽവർ - ബ്ലാക്ക് നിറക്കൂട്ടുള്ള ‘ടി യു വി 300’നായുള്ള ബുക്കിങ്ങുകൾ രാജ്യമെമ്പാടുമുള്ള ഡീലർഷിപ്പുകളില്‍ സ്വീകരിക്കാന്‍ തുടങ്ങിയി. പൂർണമായും ആഭ്യന്തരമായി വികസിപ്പിച്ചെടുത്ത ‘ടി യു വി 300’ കഴിഞ്ഞ വർഷം സെപ്റ്റംബറിലാണു വിൽപ്പനയ്ക്കെത്തിയത്. നടപ്പു സാമ്പത്തിക വർഷം ഇതുവരെ 35,000 യൂണിറ്റിന്റെ വിൽപ്പന നേടാന്‍ ഈ വാഹനത്തിന് കഴിഞ്ഞിട്ടുണ്ട്. കരുത്തേറിയ ‘എം ഹോക്ക് 100’ എൻജിനുമായും മഹീന്ദ്ര ‘ടി യു വി 300’ വിൽപ്പനയ്ക്കെത്തിച്ചിരുന്നു.
 
100 ബി എച്ച് പി വരെ കരുത്തും 240 എൻ എം ടോർക്കും സൃഷ്ടിക്കാന്‍ ഈ എൻജിനു കഴിയും. ഓട്ടമാറ്റിക് ഗീയർ മാറ്റത്തിനായി ഓട്ടോ ഷിഫ്റ്റ് ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ ടെക്നോളജിയും മഹീന്ദ്ര ആന്റ് മഹീന്ദ്ര ഈ എസ് യു വിയിൽ ലഭ്യമാക്കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക