ഓണം കേരളത്തില്‍, വസന്തം പൂത്തത് തമിഴ്‌നാട്ടില്‍

ഞായര്‍, 23 ഓഗസ്റ്റ് 2015 (11:03 IST)
ഓണം കേരളത്തിലാണ് അഘോഷിക്കുന്നതെങ്കിലും മ്കേരളത്തിനായി വസന്തം പൂത്തത് തമിഴ്നാട്ടിലാണെന്നു മാത്രം. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ പൂവിപണികളിലൊന്നായ ഡിണ്ടിഗൽ ഫ്ലവർ ബസാറിൽ നിന്ന് ഓണക്കാലത്തെ ആവശ്യത്തിനായി കേരളത്തിലേക്ക് കയറ്റിയയച്ചത് ലോറിക്കണക്കിനു പൂക്കളാണ്. ഈ ഓണക്കാലത്ത് ഡിണ്ടിഗൽ മാർക്കറ്റിൽ നിന്ന് ഏറ്റവും കൂടുതൽ പൂക്കൾ പുഞ്ചിരി പൊഴിച്ചു യാത്രയാകുന്നതു കേരളത്തിലേക്കാണ്.

കേരളത്തില്‍ ഓണം വന്നതോടെ തമിഴ്നാട്ടില്‍ പോലും പൂക്കള്‍ക്ക് വിലകുതിച്ചു തുടങ്ങി. വിപണിയിലേക്ക് വൻതോതി‍ൽ പൂക്കൾ എത്തുന്നതിനാൽ സാധാരണഗതിയിൽ വില കുറയേണ്ടതാണ്. എന്നാൽ ആവശ്യക്കാർ പതിവിലും കൂടിയതോടെ കുറഞ്ഞില്ലെന്നു മാത്രമല്ല, വില അമ്പരിപ്പിക്കുന്നവിധം കൂടുകയും ചെയ്തു. ചെണ്ടുമല്ലിക്കും വാടാമല്ലിക്കുമാണ് ഡിമാൻഡ് കൂടുതൽ. മലയാളിക്ക് നിറപ്പകിട്ടാർന്ന പൂക്കളമൊരുക്കാൻ ഈ രണ്ടു പൂക്കളും ഒഴിച്ചുകൂടാനാകാത്തതാണ് എന്നതു തന്നെ കാരണം.

മുൻ ആഴ്ചകളിൽ കിലോയ്ക്ക് 20 രൂപയ്ക്കു വിറ്റിരുന്ന ചെണ്ടുമല്ലിക്ക് ഇപ്പോൾ വില 120 രൂപ, വാടാമല്ലിക്ക് 100 രൂപ. മുല്ലപ്പൂ കഴിഞ്ഞയാഴ്ച 150 രൂപയ്ക്കാണു വിറ്റിരുന്നതെങ്കിൽ ഈയാഴ്ച 500 രൂപയിലേക്കാണു പടർന്നു കയറിയത്. ചെറുമുല്ല 300 രൂപ, കനകാംബരം 500 രൂപ, രജനീഗന്ധി 350 രൂപ, റോസിലെ ചെറിയ വെറൈറ്റികൾ 60 രൂപ എന്നിങ്ങനെയാണു കിലോ കണക്കിൽ
വിൽപന.

വെബ്ദുനിയ വായിക്കുക