കേന്ദ്ര സർക്കാരിനും സാമ്പത്തിക ലോകത്തിനും നിരാശ സമ്മാനിച്ച് ജൂലായിൽ വ്യാവസായിക ഉത്‌പാദനം 4.2 ശതമാനത്തിലേക്ക് തളർന്നു. ജൂണിൽ ഇത് 4.4 ശതമാനമായിരുന്നു. ജൂണിലെ വ്യാവസായിക വളർച്ച നേരത്തേ രേഖപ്പെടുത്തിയ 3.8 ശതമാനത്തിൽ നിന്ന് 4.4 ശതമാനമായി പുനർ നിശ്‌ചയിക്കുകയായിരുന്നു.
ഈ പുനർ നിശ്‌ചയമില്ലായിരുന്നുവെങ്കിൽ വ്യവസായ വളർച്ച വൻ നേട്ടം കൈവരിച്ചതായി കണക്കാക്കാമായിരുന്നു. 2014 ജൂലായിൽ 0.9 ശതമാനമായിരുന്നു വളർച്ച. നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ നാലു മാസക്കാലയളവിൽ (ഏപ്രിൽ - ജൂലായ്) വ്യവസായ വളർച്ച 3.5 ശതമാനമാണ്. കഴിഞ്ഞ വർഷത്തെ സമാന കാലയളവിൽ ഇത് 3.6 ശതമാനം ആയിരുന്നു.
അതേസമയം, ജൂലായിൽ മാനുഫാക്‌ചറിംഗ് മേഖല 0.3 ശതമാനത്തിൽ നിന്ന് 4.7 ശതമാനത്തിലേക്ക് ഉയർന്നു. മൊത്ത ആഭ്യന്തര ഉത്‌പാദന വളർച്ചയിൽ 75 ശതമാനവും ഈ മേഖലയുടെ സംഭാവനയാണ്. വൈദ്യുതി, ഖനന മേഖലകൾ ജൂലായിൽ നിരാശപ്പെടുത്തി.