ഇനി പാചകവാതകവും ഓണ്‍ലൈനില്‍ വാങ്ങാം

ശനി, 22 ഓഗസ്റ്റ് 2015 (09:58 IST)
പാചക വാതകം ഓണ്‍ലൈനിലൂടെയും ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കാന്‍ കേന്ദ്ര പെട്രോളിയം മന്ത്രാലയം നടപടി തുടങ്ങി. മോഡി സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയിലൊന്നായ ഡിജിറ്റല്‍ ഇന്ത്യ പ്രോഗ്രാമിന്റെ ഭാഗമായാണ് പാചക വാതകവും ഗ്യാസ് സ്റ്റൗവും ഓണ്‍ലൈന്‍ വഴി വാങ്ങാവുന്ന പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി പൊതുമേഖല എണ്ണക്കമ്പനികളുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു.

സര്‍ക്കാരിന്റെ എല്‍പിജി പോര്‍ട്ടലായ പഹല്‍ ഉള്‍പ്പടെ എണ്ണക്കമ്പനികളുടെ വെബ്‌സൈറ്റ് വഴിയും പാചക വാതക സിലിണ്ടര്‍ ബുക്ക് ചെയ്യാവുന്ന സംവിധാനമാണ് വരുന്നത്. പുതിയ കണക്ഷന്‍ ലഭിക്കുന്നതിനുള്ള അപേക്ഷയും പോര്‍ട്ടല്‍വഴി നല്‍കാം.

അപേക്ഷ നല്‍കി 48 മണിക്കൂറിനകം ഐഡി ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ഉപഭോക്താവിന്റെ മൊബൈലിലോ ഇ-മെയിലിലോ ലഭിക്കും. അതുപ്രകാരം ഓണ്‍ലൈനായി പണമടക്കാനും സൗകര്യമുണ്ട്. പരിശോധന പൂര്‍ത്തിയായാല്‍ റഗുലേറ്ററും സിലിണ്ടറും ഉപഭോക്താവിന് നല്‍കും. 6-7 ദിവസത്തിനുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.

വെബ്ദുനിയ വായിക്കുക