പുതിയ സര്‍ക്കാര്‍ രാജ്യത്തെ സാമ്പത്തിക സ്ഥിരതയിലേക്ക് നയിക്കുമെന്ന വാര്‍ത്തകള്‍ ആഭ്യന്തര വാഹനവിപണിയില്‍ ഉണര്‍വ്വുണ്ടാക്കുന്നു. മാരുതി സുസുക്കി, ഹ്യൂണ്ടായ്, ഫോര്‍ഡ്, ഹോണ്ട എന്നിവയാണ് മോഡി തരംഗത്തിന്റെ പിന്‍ബലത്തില്‍ നേട്ടം കൊയ്‌തത്.
എന്നാല്‍ സാഹചര്യം മുതലാക്കാന്‍ പ്രമുഖ ഇന്ത്യന്‍ കമ്പനികളായ ടാറ്റാ മോട്ടോഴ്‌സ്, ജനറല്‍ മോട്ടോഴ്‌സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നിവര്‍ക്ക് കഴിഞ്ഞിട്ടില്ല. മാരുതി സുസുക്കി കഴിഞ്ഞമാസം 16 ശതമാനം വര്‍ദ്ധനയാണ് വില്‌പനയില്‍ കാഴ്‌ചവച്ചത്. 90,560 കാറുകള്‍ മാരുതി കഴിഞ്ഞമാസം വിറ്റഴിച്ചു. 2013 മേയില്‍ ഇത് 77,821 കാറുകള്‍ ആയിരുന്നു.
സ്വിഫ്‌റ്റ്, എസ്റ്റിലോ, റിറ്റ്‌സ് എന്നിവയ്ക്ക് ലഭിച്ച സ്വീകര്യതയാണ് മാരുതിയെ നേട്ടത്തിലേക്ക് നയിച്ചത്. ഹ്യൂണ്ടായ് കഴിഞ്ഞമാസം 13 ശതമാനം നേട്ടം രേഖപ്പെടുത്തി. 36,205 കാറുകള്‍ ഹ്യൂണ്ടായ് കഴിഞ്ഞമാസം വിറ്റഴിച്ചു. കഴിഞ്ഞ വര്‍ഷം മേയില്‍ ഇത് 32,102 കാറുകളായിരുന്നു. ഫോര്‍ഡ് കഴിഞ്ഞമാസം 6,053 കാറുകള്‍ കഴിഞ്ഞമാസം പുതുതായി നിരത്തിലെത്തിച്ചു. നേട്ടം 52 ശതമാനം.
2013 മേയില്‍ ഫോര്‍ഡ് വിറ്റഴിച്ചത് 4,002 കാറുകളാണ്. ഹോണ്ട കഴിഞ്ഞമാസം നേടിയത് 18 ശതമാനം വര്‍ദ്ധനയാണ്. 13,362 കാറുകള്‍ ഹോണ്ട വിറ്റഴിച്ചു. മുന്‍ വര്‍ഷത്തെ സമാന കാലയളവില്‍ ഇത് 11,342 കാറുകളായിരുന്നു.
അതേസമയം ടാറ്റ മോട്ടോഴ്‌സ് കഴിഞ്ഞമാസം നേടിയത് 24 ശതമാനം വില്‌പന നഷ്‌ടമാണ്. കഴിഞ്ഞ വര്‍ഷം മേയില്‍ 49,304 കാറുകള്‍ വിറ്റഴിച്ച ടാറ്റയ്‌ക്ക് ഇക്കുറി വില്‌ക്കാനായത് 37,525 കാറുകളാണ്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര 9.32 ശതമാനവും ജനറല്‍ മോട്ടോഴ്‌സ് 43 ശതമാനവും നഷ്‌ടം കഴിഞ്ഞമാസം നേരിട്ടു.
കഴിഞ്ഞ വര്‍ഷം മേയില്‍ 8,500 കാറുകള്‍ വിറ്റഴിച്ച ജനറല്‍ മോട്ടോഴ്‌സിന്റെ കഴിഞ്ഞ മാസത്തെ വില്‌പന 4,865ല്‍ ഒതുങ്ങി. 43,460 കാറുകള്‍ വിറ്റ സ്ഥാനത്ത് ഇക്കുറി മേയില്‍ മഹീന്ദ്ര വിറ്റഴിച്ചത് 37,869 കാറുകളാണ്.