ലാഭകരമല്ലാത്ത റൂട്ടുകള്‍ നിര്‍ത്താന്‍ എയര്‍ ഇന്ത്യക്ക് നിര്‍ദേശം

വ്യാഴം, 23 ജൂലൈ 2009 (10:34 IST)
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ലാഭകരമല്ലാത്ത റൂട്ടുകള്‍ അവസാനിപ്പിക്കാന്‍ പൊതുമേഖല വിമാന കമ്പനിയായ എയര്‍ ഇന്ത്യക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. അതേസമയം കമ്പനിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുകയില്ലെന്നും കേന്ദ്ര വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേല്‍ അറിയിച്ചു.

കമ്പനിയോടെന്ന പോലെ അതിലെ ജീവനക്കാരോടും സര്‍ക്കാരിന് ബാധ്യതയുണ്ട്. സര്‍ക്കാരിന് പിന്തുണ നല്‍കാന്‍ മാത്രമേ കഴിയുകയുള്ളൂ എന്നും എല്ലാ കാര്യങ്ങളും തീരുമാനിക്കേണ്ടത് കമ്പനിയാണെന്നും പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. കമ്പനിയുടെ മാനേജ്മെന്‍റ് തലത്തിലും സംഘടന തലത്തിലും പ്രവര്‍ത്തനങ്ങളിലും മാറ്റം വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്‍റ് ഇന്‍ഡസ്ട്രി സംഘടിപ്പിച്ച ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എയര്‍ ഇന്ത്യയിലെ പ്രശ്നങ്ങള്‍ ഒരു രാത്രി കൊണ്ട് പരിഹരിക്കാവുന്നതല്ലെന്ന് മന്ത്രി സമ്മതിച്ചു. നടപ്പ് വര്‍ഷം 7,000 കോടി രൂപയുടെയെങ്കിലും നഷ്ടമാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

അതിനിടെ കമ്പനി പുനരുദ്ധരിക്കുന്നത് സംബന്ധിച്ചുള്ള നടപടികളുടെ ഭാഗമായി എയര്‍ ഇന്ത്യ മാനേജ്മെന്‍റ് കഴിഞ്ഞ ദിവസം എസ്ബിഐയുമായി ചര്‍ച്ച നടത്തി.

വെബ്ദുനിയ വായിക്കുക