എന്‍ടിപിസിയുടെ അറ്റാദായത്തില്‍ വര്‍ധന

വെള്ളി, 23 ഏപ്രില്‍ 2010 (17:25 IST)
എന്‍ ടി പി സി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന പൊതുമേഖലാ സ്ഥാപനമായ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍ 2009-10 സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദ അറ്റാദായത്തില്‍ വര്‍ധന രേഖപ്പെടുത്തി. അഞ്ചു ശതമാനത്തിന്റെ അറ്റാദായ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

2009-10 സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തില്‍ കമ്പനിയുടെ അറ്റാദാ‍യ വരവ് 8,660 കോടി രൂപയാണ്. 2008-09 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 8,200 കോടി രൂപയായിരുന്നു. എന്‍ ടി പി സിയുടെ കഴിഞ്ഞ വര്‍ഷം ഉത്പാദന ശേഷിയില്‍ 1,560 മെഗാവാട്ടിന്റെ വര്‍ധന വരുത്തിയിരുന്നു.

നടപ്പു സാമ്പത്തിക വര്‍ഷം 4,150 മെഗാ വാട്ടിന്റെ കൂടി വര്‍ധന വരുത്താന്‍ കമ്പനിക്ക് പദ്ധതിയുള്ളതായി എന്‍ ടി പി സി ചെയര്‍മാന്‍ ആര്‍ എസ് ശര്‍മ അറിയിച്ചു. പ്രതിദിനം 15 ലക്ഷം ക്യുബിക് മീറ്റര്‍ വാതക വിതരണം സംബന്ധിച്ച് റിലയന്‍സുമായി ഉടന്‍ കരാര്‍ ഒപ്പിടുമെന്ന് അദ്ദേഹം വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക