ഇന്ദ്ര നൂയി സിഇഒ ഓഫ് ദി ഇയര്‍

ഗ്ലോബല്‍ സപ്ലൈ ചെയിന്‍ ലീഡേഴ്സ് ഗ്രൂപ്പിന്‍റെ സിഇഒ 2009 ബഹുമതിക്ക് പെപ്സികോയുടെ ചീഫ് എക്സിക്യുട്ടീവ് ഓഫീസറും ഇന്ത്യന്‍ വംശജയുമായ ഇന്ദ്ര നൂയിയെ തെരഞ്ഞെടുത്തു. സാമൂഹിക ഉത്തരവാദിത്വം നിറവേറ്റിക്കൊണ്ടുള്ള വാണിജ്യ പ്രവര്‍ത്തനങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതാണ് നൂയിയെ അവാര്‍ഡിന് അര്‍ഹയാക്കിയത്.

കലാവസ്ഥ വ്യതിയാനം പോലുള്ള വിഷയങ്ങളില്‍ നൂയി തികച്ചും രചനാപരമായ സമീപനങ്ങളാണ് കൈക്കൊണ്ടിരുന്നത്. ഗുണമേന്‍മയുള്ള ഭക്ഷണവും ബീവറേജുകളും ലഭ്യമാക്കാനുള്ള കമ്പനിയുടെ ശ്രമങ്ങള്‍ നൂയിയുടെ നേതൃത്വത്തിലാണ് നടക്കുന്നത്. ലക്‍ഷ്യം മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനം എന്ന തത്വത്തിലൂടെ നൂയി ആഗോള മാനവ സമൂഹത്തോടുള്ള തന്‍റെ പ്രതിജ്ഞാബദ്ധത നിറവേറ്റുന്നതായി ജിഎസ്‌സിഎല്‍ജി വിലയിരുത്തി.

ധാര്‍മികതയും ഉത്തരവാദിത്വവും മുറുകെ പിടിച്ചുകൊണ്ട് ആഗോള തലത്തില്‍ കമ്പനി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഈ ബഹുമതിയെന്ന് നൂയി പറഞ്ഞു. ആഗോള തലത്തില്‍ ഉത്തരവാദിത്വത്തോടെയുള്ള കോര്‍പറേറ്റ് വ്യക്തിത്വം, സാമൂഹിക പ്രശ്നങ്ങളിലുള്ള ഇടപെടല്‍, തൊഴില്‍ സൃഷ്ടിക്കുന്നതിനുള്ള പരിശ്രമങ്ങള്‍ എന്നിവ വിലയിരുത്തിയാണ് സിഇഒ ഓഫ് ദി ഇയര്‍ അവാര്‍ഡ് നല്‍കുന്നത്.

വെബ്ദുനിയ വായിക്കുക