റിലയന്‍സ് ജിയോയ്ക്ക് മറുപണിയുമായി രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവന ദാതാവായ എയര്‍ടെല്‍ രംഗത്ത്. വിലകുറഞ്ഞ സ്മാര്‍ട്ട്ഫോണ്‍ എന്ന പ്രഖ്യാപനവുമായി ജിയോ എത്തിയതിനു പിന്നാലെയാണ് ദീപാവലിയോടനുബന്ധിച്ച് 2,500 രൂപയ്ക്ക് സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കുമെന്ന് എയര്‍ടെല്‍ അറിയിച്ചത്. 4ജി സൗകര്യത്തോടെ എത്തുന്ന ഈ ഫോണില്‍ വന്‍തോതില്‍ ഡാറ്റ, കോള്‍ സൗജന്യങ്ങളും ഉണ്ടായിരിക്കും.
ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണ്‍ രാജ്യത്തെ മുന്‍നിര ഹാന്‍ഡ്സെറ്റ് നിര്‍മാതാക്കളായിരിക്കും നിര്‍മിക്കുക എന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ നല്കുന്ന സൂചന. റിലയന്‍സ് ജിയോയുടെ 4ജി ഫീച്ചര്‍ ഫോണുകളില്‍ നിന്നും വ്യത്യസ്തമായി ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്ന് അപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയത് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലുള്ള ഫോണുകളായിരിക്കും ഇത്.
വലിയ സ്ക്രീന്‍, മികച്ച ക്യാമറയും കരുത്തുറ്റ ബാറ്ററിയും എന്നിവയും ഈ ഫോണിലുണ്ടായിരിക്കും. സെപ്റ്റംബര്‍ അവസാനമോ ഒക്ടോബര്‍ ആദ്യവാരത്തിലോ ആയിരിക്കും ഫോണ്‍ പുറത്തിറക്കുകയെന്നാണ് റിപ്പോര്‍ട്ട്. ലാവ, കാര്‍ബണ്‍ എന്നീ കമ്പനികളുമായി ഇതേക്കുറിച്ച് ചര്‍ച്ചനടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, ഇതെക്കുറിച്ച് പ്രതികരിക്കാന്‍ ഇരുകമ്പനികളും തയ്യാറായിട്ടുമില്ല.