ആഗോള ഭീമന്മാരായ ആപ്പിളിന് ഭീഷണിയുയര്‍ത്തി 6ജി ബി റാമുമായി 'വണ്‍ പ്ലസ് 3' എത്തുന്നു!

ചൊവ്വ, 24 മെയ് 2016 (09:16 IST)
പ്രമുഖ ചൈനീസ് മൊബൈല്‍ നിര്‍മ്മാതാക്കളായ വണ്‍ പ്ലസ് അവരുടെ ഏറ്റവും പുതിയ ഫോണ്‍ വണ്‍ പ്ലസ് 3 വിപണിയിലെത്തിക്കുന്നു. ജൂണ്‍ ആദ്യവാരത്തോടെ ഫോണ്‍ വിപണിയിലെത്തുമെന്ന് കമ്പനി അറിയിച്ചു.  യു എസിലെ കമ്പനി നേരിട്ടായിരിക്കും ഫോണ്‍ വിപണനം നടത്തുക. മറ്റു രാജ്യങ്ങളില്‍ അണ്‍ലോക്ക് ചെയ്ത ഹാന്‍ഡ്‌സെറ്റുകള്‍ എത്തിക്കുമെന്നും കമ്പനി വ്യക്തമാക്കി.
 
കോര്‍ണിങ് ഗൊറില്ല ഗ്ലാസോടു കൂടിയ 5 ഇഞ്ച് എച്ച് ഡി ഐ പി എസ് ഡിസ്‌പ്ലേ, ആന്‍ഡ്രോയ്ഡ് 6.0.1 മാഷ്മല്ലോ ഒ എസില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിന്റെ രണ്ട് വേരിയന്റുകളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. 32 ജി ബി, 4ജി ബി റാമോട് കൂടിയതും മറ്റൊന്ന് 64 ജി ബി 6ജി ബി റാമുള്ളതും. 16 എം പി പിന്‍ ക്യാമറയും 8 എം പി മുന്‍ ക്യാമറയുമാണ് ഫോണിനുണ്ടായിരിക്കുക. 6 ജി ബി റാമിന്റെ വിശാലതയുള്ള അതിവേഗ സ്മാര്‍ട്ട്‌ഫോണിന്റെ വരവോടെ വണ്‍ പ്ലസ് ആഗോള ഭീമന്മാരായ ആപ്പിളിന് പോലും ഭീഷണിയാകുമെന്നാണ് ടെക് വിദഗ്ധര്‍ വിലയിരുത്തുന്നത്. 1.5 ജിഗാ ഹെട്‌സ് വേഗത നല്‍കുന്ന ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 820 സിസ്റ്റം ഓണ്‍ ചിപ്പ് പ്രോസസറാണ് വണ്‍ പ്ലസ് 3 സ്മാര്‍ട്ട് ഫോണിന് കരുത്ത് പകരുന്നത്. 
 
ഈ മാസം പുറത്തിറങ്ങാനിരിക്കുന്ന വണ്‍ പ്ലസ് 3ക്ക് ഏകദേശം 21,000 രൂപയായിരിക്കും വില. സാംസങ്, ഷവോമി എന്നീ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍ക്കൊപ്പം തന്നെയാണ് ലോക മൊബൈല്‍ വിപണിയില്‍ ഇപ്പോള്‍ വണ്‍ പ്ലസ്. ക്രെഡിറ്റ്കാര്‍ഡ്, പേപാല്‍ എന്നിവ വഴി ഇപ്പോള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് ഷിപ്പിങ് ചാര്‍ജുകള്‍ ഒന്നും കൂടാതെ മൊബൈല്‍ വീട്ടിലെത്തിക്കാനുള്ള സൌകര്യവും കമ്പനി വഗ്ദാനം ചെയ്യുന്നു. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക