വിവാഹശേഷം കളിയില്ലെന്ന് സാനിയ

വ്യാഴം, 14 ജനുവരി 2010 (15:56 IST)
PRO
വിവാഹത്തിനു ശേഷം മത്സര ടെന്നീസിനോട് വിട പറയുമെന്ന് ഇന്ത്യന്‍ ടെന്നീസ് റാണി സാനിയ മിര്‍സ. എന്നാല്‍ വിവാഹം എന്നായിരിക്കുമെന്നതിനെ കുറിച്ച് ഹൈദരാബാദ് സുന്ദരി മൌനം പാലിച്ചു. കഴിഞ്ഞ വര്‍ഷം ജുലൈ 22നായിരുന്നു കളിക്കൂട്ടുകാരന്‍ സൊഹ്‌റാബ് മിര്‍സയുമായുളള സാനിയയുടെ വിവാഹ നിശ്ചയം.

‘കല്യാണത്തിനുശേഷം പ്രഫഷണല്‍ ടെന്നീസിലേക്ക് ഞാനില്ല. എന്നാല്‍ അതിനിനിയും സമയമുണ്ട്‘. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സാനിയ പറഞ്ഞു. കല്യാണ ശേഷം കളി തുടരണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സാനിയയ്ക്ക് പൂര്‍ണ സ്വാതന്ത്ര്യമുണ്ടായിരിക്കുമെന്ന് സൊഹ്‌റാബ് നേരത്തെ അറിയിച്ചിരുന്നു. സാനിയ എന്ത് തീരുമാനമെടുത്താലും അതിന് തന്‍റെ പൂര്‍ണ പിന്തുണയുണ്ടാവുമെന്നും സൊഹ്‌റാബ് വ്യക്തമാക്കിയിരുന്നു.

കല്യാണശേഷം കളി തുടരേണ്ടേന്ന തീരുമാനം സാനിയയുടേത് മാത്രമാണെന്ന് പിതാവ് ഇമ്രാന്‍ മിര്‍സ പറഞ്ഞു. കല്യാണശേഷം കളിക്കണോ വേണ്ടയോ എന്ന കാര്യമെല്ലാം സാനിയയ്ക്ക് വിട്ടിരിക്കുകയാണെന്നും ഇമ്രാന്‍ വ്യക്തമാക്കി. 2003ല്‍ പ്രഫഷണല്‍ താരമായതു മുതല്‍ ഇന്ത്യന്‍ വനിതാ ടെന്നീസിന്‍റെ മുഖമായിരുന്നു സാനിയ. മഹേഷ് ഭൂപതിയ്ക്കൊപ്പം ഓസ്ട്രേലിയന്‍ ഓപ്പണ്‍ മിക്സഡ് ഡബിള്‍സ് കിരീടം നേടിയതിലൂടെ ഇന്ത്യയുടെ ആദ്യ വനിതാ ഗ്രാന്‍സ്ലാം ജേതാവെന്ന പദവിയും സാനിയയ്ക്ക് സ്വന്തമായിരുന്നു.

വെബ്ദുനിയ വായിക്കുക