മാന്‍‌മാര്‍ക്കിംഗില്‍ മെസ്സിയെ പൂട്ടി; മിലാന്‍ ജയിച്ചു

വ്യാഴം, 21 ഫെബ്രുവരി 2013 (12:23 IST)
PRO
യൂവേഫ ചാംപ്യന്‍സ് ലീഗ് ഫുട്ബോള്‍ ആദ്യപാദ പ്രീ ക്വാര്‍ട്ടറില്‍ ബാഴ്സലോണയ്ക്ക് വന്‍ തോല്‍വി. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് എസി മിലാനാണ് ബാഴ്സയെ വീഴ്ത്തിയത്. മെസ്സിയെ പൂട്ടാനുള്ള തന്ത്രങ്ങള്‍ വിജയിച്ചതാണ് മിലാന് അനുകൂലമായത്.

ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ട് മത്സരത്തില്‍ ബുധനാഴ്ച ബാഴ്‌സലോണയെ നേരിടാന്‍ ഇറങ്ങുമ്പോള്‍ മിലാന്‍ ക്ലബ്ബുടമ സില്‍വിയോ ബെര്‍ലുസ്‌കോനി തന്റെ ടീമിന് ലയണല്‍ മെസ്സിയെ അനങ്ങാന്‍ വിടരുതെന്ന് നിര്‍ദ്ദേശമാണ് നല്‍കിയത്. ഇറ്റലിക്കാരുടെ കുപ്രസിദ്ധമായ മാന്‍ മാര്‍ക്കിംഗ് പ്രതിരോധത്തിലൂടെ മെസ്സിയെ പൂട്ടണമെന്നായിരുന്നു ഇറ്റലിയുടെ മുന്‍പ്രധാനമന്ത്രികൂടിയായ ബെര്‍ലുസ്‌കോനിയുടെ ഉത്തരവ്.

ഏഴു തവണ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോഴും ബാഴ്സയ്ക്കൊപ്പമായിരുന്നു ജയം. ഇത്തവണ പ്രതിരോധം ശക്തമാക്കിയാണ് മിലാന്‍ ആക്രമണം നടത്തിയത്. ആദ്യ പകുതി ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചു. അന്‍പത്തിയേഴാം മിനിറ്റില്‍ കെവിന്‍ പ്രിന്‍സും എണ്‍പത്തിയൊന്നാം മിനിറ്റില്‍ സള്ളി മുന്‍ഡാരി മിലാനു വേണ്ടി രണ്ടാം ഗോളും നേടി. തുടര്‍ന്നു കളിയിലേക്കു മടങ്ങാനുള്ള ബാഴ്സലോണയുടെ എല്ലാ ശ്രമങ്ങളും മിലാന്‍റെ പ്രതിരോധത്തില്‍ തട്ടി തകര്‍ന്നു. അടുത്തമാസം 12നാണ് രണ്ടാം പാദ ക്വാര്‍ട്ടര്‍ മത്സരം.

കഴിഞ്ഞവര്‍ഷം ഗ്രൂപ്പ് ഘട്ടത്തിലും ക്വാര്‍ട്ടറിലും മിലാനും ബാഴ്‌സലോണയും നേര്‍ക്കുനേര്‍ വന്നിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ നൗക്കാമ്പിലെ മത്സരം 2-2ന് അവസാനിച്ചു. എന്നാല്‍, രണ്ടാം പാദത്തില്‍ മിലാനില്‍ ബാഴ്‌സ 3-2ന് വിജയിച്ചു. ക്വാര്‍ട്ടറില്‍ മിലാനില്‍ നടന്ന ആദ്യപാദം ഗോള്‍രഹിത സമനിലയിലായിരുന്നെങ്കില്‍, രണ്ടാം പാദത്തില്‍ സ്വന്തം തട്ടകത്തില്‍ ബാഴ്‌സ 3-1ന് മത്സരം സ്വന്തമാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക