നീന്തല്‍ക്കുളത്തിലെ രാജകുമാരന്‍ തിരിച്ചെത്തുന്നു

ബുധന്‍, 26 മാര്‍ച്ച് 2014 (11:55 IST)
PRO
നീന്തല്‍ക്കുളത്തിലെ എക്കാലത്തെയും രാജകുമാരന്‍ മൈക്കല്‍ ഫെല്‍‌പ്സ് തിരിച്ച് വരവിന് ഒരുങ്ങുന്നു. 2012ന് ശേഷം മത്സരരംഗത്തുനിന്നും അദ്ദേഹം മാറിനില്‍ക്കുകയാണ്. ചിക്കാഗോ ട്രിബൂനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഫെല്‍‌പ്സിന്റെ പ്രധാ‍ന കോച്ചായ ബോബ് ബോവ്‌മാനാണ് ഇക്കാര്യം പത്രത്തിന് നല്‍കിയത്. ഫെല്‍‌പ്സ് നീന്തല്‍ മത്സരങ്ങളിലേക്ക് തിരിച്ച് വരാനായി ശ്രമം തുടങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എപ്പോള്‍ വേണമെങ്കിലും അദ്ദേഹം നീന്തല്‍ മത്സരങ്ങള്‍ക്ക് സജ്ജമായി വരുമെന്ന് കോച്ച് പറഞ്ഞു.

നോര്‍ത്ത് ബാള്‍ട്ടിമോര്‍ അത്‌ലറ്റിക് ക്ലബില്‍ അദ്ദേഹം ആഴ്ചയില്‍ നാല് തവണ നീണ്ട പരിശീലനത്തില്‍ ഏര്‍പ്പെടുന്നുണ്ടെന്ന് കോച്ച് പറഞ്ഞു. അദ്ദേഹത്തിന്റെ പരിശ്രമത്തിന് തീര്‍ച്ചയായും ഫലമുണ്ടാകുമെന്ന് കോച്ച് പറഞ്ഞു.

2014ലെ യു‌എസ് ചാമ്പ്യന്‍ഷിപ്പിലും തുടര്‍ന്ന് വരുന്ന 2015ലെ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പിലും മത്സരിക്കുമെന്നാണ് കോച്ച് വ്യക്തമാക്കുന്നത്. 18 ഒളിമ്പിക്സ് മെഡല്‍ കരസ്ഥമാക്കിയ നീന്തല്‍ താരമാണ് മൈക്കല്‍ ഫെല്‍‌പ്സ്.

വെബ്ദുനിയ വായിക്കുക