കൂപ്പുകൈകളോടെ ഭക്തിയോടെ പുഷ്‌പങ്ങൾ അർപ്പിക്കുന്നതിനെയാണ് പുഷ്‌പാഞ്ചലി എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ക്ഷേത്രങ്ങളിൽ പുഷ്‌പാഞ്ജലി വഴിപാടു കഴിക്കുന്നതിൽ ഏറ്റവും പ്രധാനമാണ് പ്രസാദം സ്വീകരിക്കുക എന്നത്. എന്നാൽ പലരും പ്രസാദം സ്വീകരിക്കാതെ മടങ്ങുകയാണ് പതിവ്. പ്രസാദം സ്വീകരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുകതന്നെ വേണം. ആ പ്രസാദം വാങ്ങിയാൽ മാത്രമേ നമുക്ക് വഴിപാട് കഴിപ്പിച്ചതിന്റെ ഐശ്വര്യം ലഭിക്കൂ എന്നാണ് വിശ്വാസം.
എന്നാൽ, ശ്രീ കോവിലിനു പുറത്തുവന്ന ശേഷം മാത്രമേ പ്രസാദം തൊടാൻ പാടുള്ളൂ, പ്രസാദത്തിലുള്ള പുഷ്‌പം ചെവിയിലോ മുടിയിലോ വക്കുന്നതാണ് ഉത്തമം. സാധാരണയായി ആണുങ്ങൾ ചെവിയിലും പെണ്ണുങ്ങൾ മുടിയിലും വയ്‌ക്കുന്നതാണ് പതിവ്. ഇതും ശരീരത്തിലേക്ക് പോസറ്റീവ് എനർജി ലഭിക്കുന്നതിന് വേണ്ടിയാണ്. ചന്ദനം നെറ്റിയിലും കണ്ഠത്തിലും അണിയാം. വീട്ടിൽ നിന്നും ശുദ്ധിയോടെയും ഭക്തിയോടെയും ഇറുക്കുന്ന പൂവുകൾകൊണ്ട് പുഷ്‌പാഞ്ജലി നടത്തുന്നതാണ് ഉത്തമം.