ചൊവ്വാദോഷം വിവാഹതടസ്സമാകുമ്പോൾ ചൊവ്വാഴ്‌ച വ്രതം പോംവഴി!

ശനി, 15 സെപ്‌റ്റംബര്‍ 2018 (15:40 IST)
ചൊവ്വാദോഷം ഏറ്റവും കൂടുതൽ പ്രശ്‌നക്കാരനാകുന്നത് വിവാഹ സമയത്താണ്. അത് ആണിനായാലും പെണ്ണിനായാലും. എന്നാൽ ജാതകത്തിൽ ചൊവ്വാദോഷം ഉള്ളവർ ചൊവ്വാഴ്‌ചവ്രതം അനുഷ്‌ഠിക്കുന്നത് നല്ലതാണ്. ചൊവ്വാദോഷം മൂലം വിവാഹം വൈകുന്നവർ, വിവാഹം കഴിക്കാത്തതുമൂലം ചൊവ്വയുടെ അനിഷ്‌ടഫലങ്ങൾ അനുഭവിക്കുന്നവർ, കുജദോഷം മൂലം വിവാഹതടസ്സം നേരിടുന്നവർ തുടങ്ങിയവർക്ക് ചൊവ്വാഴ്‌ച വ്രതം എടുക്കുന്നത് നല്ലതാണ്.
 
ദുര്‍ഗ്ഗ, കാളി, ഹനുമാന്‍, സുബ്രഹ്മണ്യന്‍ എന്നീ ദേവതകളെ സങ്കല്‍പിച്ചാണ് ചൊവ്വാഴ്ച വ്രതം അനുഷ്ടിക്കുന്നത്. പ്രഭാതസ്നാനം നടത്തി ഹനുമല്‍ക്ഷേത്രത്തിലോ ദേവീക്ഷേത്രത്തിലോ സുബ്രഹ്മണ്യ ക്ഷേത്രത്തിലോ ദര്‍ശനവും വഴിപാടുകളും കഴിക്കുക. സിന്ദൂരം, രക്തചന്ദനം, മഞ്ഞള്‍പ്പൊടി, ചുവന്ന പുഷ്പങ്ങള്‍ എന്നിവകൊണ്ടുള്ള പൂജ നടത്താം. ശര്‍ക്കരയും നെയ്യും ചേര്‍ത്ത കടുംപായസം, ഹനുമാന് കുങ്കുമം, അവില്‍ എന്നിവ വഴിപാടായും കഴിക്കാം.
 
വ്രതമനുഷ്‌ഠിക്കുമ്പോൾ ചൊവ്വാഴ്ച ദിവസം ഒരിക്കലൂണ് മാത്രമേ പാടുള്ളൂ. രാത്രി ഉപ്പ് ചേർക്കാത്ത ലഘുഭക്ഷണം കഴിക്കാം. ചുവന്ന പൂക്കള്‍ കൊണ്ട് അംഗാരകപൂജ നടത്തുക, അംഗാരകസ്‌തോത്രങ്ങള്‍ ജപിക്കുക എന്നിവയൊക്കെ ഈ ദിവസം ചെയ്യേണ്ടതാണ്. ഋണമോചനം, വിവാഹതടസ്സം മാറൽ‍, ജ്ഞാനവര്‍ദ്ധനവ് എന്നിവയാണ് ചൊവ്വാഴ്ച വ്രതത്തിന്റെ ഫലങ്ങൾ‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍