വീട്ടിലേക്കുള്ള വഴിയിൽ ശ്രദ്ധവേണം, അറിയു ഇക്കാര്യങ്ങൾ !

ചൊവ്വ, 26 നവം‌ബര്‍ 2019 (20:38 IST)
വാസ്തുശാസ്ത്ര പ്രകാരവും ഫെംഗ്ഷൂയി അനുസരിച്ചും വീട്ടിലേക്ക് ഉള്ള വഴിക്ക് വളരെയധികം പ്രാധാന്യമുണ്ട്. ഗേറ്റ് കടന്ന് വീട്ടിലേക്ക് നീളുന്ന വഴിയില്‍ തടസ്സങ്ങളോ മാലിന്യങ്ങളോ ഉണ്ടാവരുത്. അതായത്, ചവറുകള്‍, പാദരക്ഷകള്‍ തുടങ്ങിയവ വഴിയില്‍ നിന്ന് നീക്കം ചെയ്തിരിക്കണം. വൃത്തിയുള്ള വഴി വീട്ടിലേക്ക് നല്ല ഊര്‍ജ്ജമായ ‘ചി’യെ മാത്രമല്ല സന്ദര്‍ശകരെയും താമസക്കാരെയും സ്വാഗതം ചെയ്യും.
 
പ്രധാന വാതിലില്‍ ചെന്നു മുട്ടുന്ന തരത്തില്‍ നേരെയുള്ള പാതകള്‍ അനുയോജ്യമല്ല. ഇത്തരത്തിലുള്ള പാതയിലൂടെ വീട്ടിലേക്ക് അതിശക്തമായ “ചി” പ്രവാഹമുണ്ടാവും. അതിശക്തമായ ഊര്‍ജ്ജ പ്രവാഹവും ദുര്‍ബ്ബലമായ ഊര്‍ജ്ജ പ്രവാഹവും ഫെംഗ്ഷൂയി അനുശാസിക്കുന്നില്ല. അതിനാല്‍, വീട്ടിലേക്കുള്ള വഴിയില്‍ നേരിയ വളവ് ഉണ്ടായിരിക്കുന്നത് നല്ലതാണ്.
 
വഴിക്ക് വളവ് സൃഷ്ടിക്കാ‍ന്‍ സൌകര്യമില്ലാത്ത അവസ്ഥയിലാണെങ്കില്‍ അതിനും ഫെംഗ്ഷൂയിയില്‍ പരിഹാരമുണ്ട്. വഴിയുടെ ഇരു വശവും വൃത്താകൃതിയില്‍ ഉള്ള പൂച്ചട്ടികളില്‍ ചെടികള്‍ വച്ചാല്‍ മതി. ഇത് വീട്ടിലേക്കും പുറത്തേക്കുമുള്ള ഊര്‍ജ്ജ പ്രവാഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. ഓരോ വശത്തെയും ചെടിച്ചട്ടികളുടെ എണ്ണം ഒറ്റ സംഖ്യ ആയിരിക്കണം.
 
വീട്ടിലേക്കുള്ള പാതയില്‍ പാകുന്നത് പാറയോ ഇന്റര്‍ലോക്ക് കോബിള്‍സോ ടൈലുകളോ ആവട്ടെ, അവയുടെ അരിക് ചതുരാകൃതിയില്‍ ആകാതിരിക്കാന്‍ ശ്രദ്ധിക്കണം. അങ്ങനെയുള്ളവയാണ് വാങ്ങിയതെങ്കില്‍ അവ വളവുള്ള വരിയായി പാകാന്‍ ശ്രദ്ധിച്ചാൽ മതി. വീട്ടില്‍ നിന്ന് നേരെ റോഡിലേക്കാണ് വാതില്‍ തുറക്കുന്നത് എങ്കില്‍ വാതിൽപ്പടി വൃത്തിയുള്ളതായിരിക്കാന്‍ ശ്രദ്ധിക്കുക. പ്രധാന വാതില്‍ നല്ലവണ്ണം പരിരക്ഷിക്കണം. പ്രധാന വാതിലും “ചി”യെ ആകര്‍ഷിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍