ഈ വര്‍ഷത്തെ വിഷു ഫലം

മേടക്കൂറ്

അശ്വതി, ഭരണി, കാര്‍ത്തിക എന്നീ നാളുകാര്‍ക്ക് ഈ വര്‍ഷം പൊതുവേ മെച്ചമായിരിക്കും. ധനവരവും ചെലവും ഉണ്ടാവും. വാഹന ലാഭം ഉദ്യോഗകയറ്റം എന്നിവ പ്രതീക്ഷിക്കാം.

വ്യാപാര വ്യവസായ രംഗങ്ങളില്‍ ഉള്ളവര്‍ക്ക് മെച്ചപ്പെട്ട ലാഭം ലഭിക്കും. ഉദ്യോഗസ്ഥര്‍ക്ക് പ്രശംസയും അധികാരവും ലഭിക്കും. സ്ത്രീകള്‍ക്ക് ആഭരണ ലാഭവും ഭര്‍ത്താക്കന്‍‌മാര്‍ക്ക് ഉന്നതിയും ഉണ്ടാവും. രാഷ്ട്രീയക്കാര്‍ക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാ‍നാവും.

മിഥുനം, വൃശ്ചികം, മീനം എന്നീ മാസങ്ങള്‍ പൊതുവേ ഗുണമായിരിക്കില്ല. ശിവപൂജയും സുബ്രമഹ്ണ്യ ദര്‍ശനവും നടത്തണം.

ഇടവക്കൂറ

ഇടവം രാശിക്കാര്‍ക്ക് ഗുണഫലം ഉണ്ടാവുമെങ്കിലും ദോഷങ്ങളെയും അഭിമുഖീകരിക്കേണ്ടി വരും. സാമ്പത്തിക വരവ് ഉണ്ടാവുമെങ്കിലും ചെലവും അതിനൊപ്പമായിരിക്കും.

ഉദ്യോഗസ്ഥര്‍ക്ക് ആരോപണങ്ങളെ നേരിടേണ്ടിവരും. പ്രമോഷന്‍ താമസിക്കാന്‍ ഇടയുണ്ട്. സുഹൃത്തുക്കളുമായി അകലാനുള്ള സാഹചര്യം ഒഴിവാക്കണം.

കുടുംബിനികള്‍ക്ക് വീട്ടുകാര്യങ്ങളില്‍ നിയന്ത്രണം പ്രാപ്യമാവുമെങ്കിലും ദാമ്പത്യ സുഖത്തില്‍ കുറവ് വരും. ഭര്‍ത്താവുമായി കലഹിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ശിവ പൂജയും ശ്രീരാമക്ഷേത്ര ദര്‍ശനവും ദോഷ ഫലങ്ങള്‍ക്ക് കുറവ് വരുത്തും.

മിഥുനക്കൂറ

മിഥുനക്കൂറുകാര്‍ക്ക് പൊതുവെ നല്ല സമയമാണ്. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാവും. ബാധ്യതകള്‍ അലട്ടാത്ത കാലമാണിത്. സമൂഹത്തില്‍ മാന്യത ലഭിക്കും.

ദീര്‍ഘയാത്രകള്‍ സഫലമാവും. വിദേശത്തുള്ളവര്‍ക്ക് ഉദ്യോഗക്കയറ്റം ലഭിക്കും. എന്നാല്‍, ചിലപ്പോള്‍ സാമ്പത്തിക പ്രതിസന്ധിയെ തരണം ചെയ്യാനുള്ള മന:ശക്തി കാട്ടേണ്ടി വരും. മക്കളുടെ വിവാഹ കാര്യത്തില്‍ തീരുമാനമാവും.

ദോഷ പരിഹാരങ്ങള്‍ക്കായി ശിവപൂജ നടത്തണം. അയ്യപ്പ ക്ഷേത്രത്തില്‍ നീരാജ്ഞനം നടത്തുന്നതും ഉത്തമമാണ്.

കര്‍ക്കിടകക്കൂറ

കര്‍ക്കിടകക്കൂറുകാര്‍ക്ക് പൊതുവെ ദോഷ സമയമാണ്. ഇടപെടുന്ന കാര്യങ്ങളില്‍ വിജയം കാണുമെങ്കിലും ശത്രുക്കള്‍ ശക്തിയാര്‍ജ്ജിക്കുന്നത് കരുതിയിരിക്കണം.

കുടുംബാന്തരീക്ഷത്തില്‍ നിന്ന് എപ്പോഴും സമാധാനം ലഭിക്കണമെന്നില്ല. വീട്ടമ്മമാര്‍ക്ക് ദാമ്പത്യ സൌഖ്യം കുറയും. ഉദ്യോഗസ്ഥര്‍ക്ക് മേലധികാരികളില്‍ നിന്ന് വിമര്‍ശനം കേള്‍ക്കേണ്ടി വരും. സുഹൃത്തുക്കളില്‍ നിന്ന് പ്രതീക്ഷിച്ച പിന്തുണ ലഭിച്ചേക്കില്ല.

വിദ്യാര്‍ത്ഥികള്‍ക്ക് പാഠ്യേതര വിഷയങ്ങളില്‍ താല്പര്യം വര്‍ദ്ധിക്കും. കൃഷിക്കാര്‍ക്കും വ്യവസയികള്‍ക്കും പൊതുവേ ഗുണകരമായ സമയമല്ല. ദോഷ പരിഹാരത്തിന് ശിവപൂജയും വിഷ്ണു ക്ഷേത്ര ദര്‍ശനവും നടത്തണം.


ചിങ്ങക്കൂറ

മകം, പൂരം, ഉത്രം എന്നീ നക്ഷത്രക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ ഒരു വര്‍ഷമാണിത്. പുതിയ വാഹനങ്ങള്‍ വാങ്ങും. ആരോഗ്യപരമായും മാനസികപരമായും വളരെ നല്ല കാലമാണ്.

സാമ്പത്തിക ഇടപാടുകള്‍ കോടതിയിലെത്താന്‍ അനുവദിക്കരുത്. ധനപരമായ ബുദ്ധിമുട്ടുകള്‍ അലട്ടിയേക്കാം. ദാമ്പത്യ സുഖം അനുഭവപ്പെടും എങ്കിലും ദുരാരോപണങ്ങള്‍ക്ക് വിധേയരാവും.

വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് അനുകൂല സമയം. ഉദ്യോഗസ്ഥര്‍ക്ക് വളരെ നാളുകളായി മുടങ്ങിക്കിടന്ന ജോലിക്കയറ്റം കരഗതമാവും. മേലധികാരികളുടെ പ്രീതിയും ആനുകൂല്യങ്ങളും ഫലം. ഗണപതി പ്രീതിയും ശാസ്താ ക്ഷേത്ര ദര്‍ശനവും ദോഷ ഫലങ്ങള്‍ കുറയ്ക്കും.

കന്നിക്കൂറ

ഉത്രം, അത്തം, ചിത്തിര എന്നീ നാളുകാര്‍ക്ക് പൊതുവെ നല്ല കാലമാണ്. ദീര്‍ഘ നാളായി കാത്തിരുന്ന സമ്പാദ്യം കൈയ്യില്‍ വന്ന് ചേരും. സുഖഭോഗങ്ങളില്‍ കൂടുതല്‍ താല്പര്യം പ്രദര്‍ശിപ്പിക്കും.

വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിജയം നേടാനാവും. വീട്ടമമാര്‍ക്ക് ഭര്‍ത്താവിന്‍റെയും മക്കളുടെയും ഉന്നതിയില അഭിമാനിക്കാനാവുമെങ്കിലും വിവാദങ്ങളെയും അഭിമുഖീകരിക്കേണ്ടി വരും.

ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാരില്‍ നിന്ന് അനുകൂല പ്രതികരണമുണ്ടാവും. വ്യാപാരികള്‍ക്ക് അപ്രതീക്ഷിത ലാഭം. സേനാ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുലമാറ്റം എന്നിവ ഫലമാ‌ണ്. ശിവ ഭജനം, സുബ്രമഹ്ണ്യ ദര്‍ശനം എന്നിവ ദോഷ ശാന്തി നല്‍കും.

തുലാക്കൂറ

തുലാക്കൂറുകാര്‍ക്ക് ഈ വര്‍ഷം ഗുണപ്രദമാണ്. സന്താന ഗുണം ദാമത്യഗുണം എന്നിവയും സാമ്പത്തിക ലാഭവും ഫലം. കുടുംബാന്തരീക്ഷം ആശങ്കകള്‍ ഇല്ലാത്ത വിധം സുന്ദരമായിരിക്കും.

കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്ത് നടത്തും. എതിരാളികള്‍ നിഷ്പ്രഭരാവും. രോഗശാന്തിയും മനോസുഖവും ലഭിക്കും. രാ‍ഷ്ട്രീയക്കാര്‍ക്ക് വിജത്തിന്‍റെ സമയമാണ്. വിദേശ ജോലിക്കായി ശ്രമിക്കുന്നവര്‍ക്ക് കാലതാമസം കൂടാതെ തൊഴിലില്‍ പ്രവേശിക്കാനാവും.

ആനുകൂല്യങ്ങള്‍ ലഭിക്കുന്നതില്‍ കാലതാമസം നേരിട്ടേക്കാം. എന്നാല്‍, കലാ കായിക രംഗത്തുള്ളവര്‍ക്ക് മികച്ച നേട്ടമുണ്ടാവും. വ്യാപാരികള്‍ പുതിയ സംരംഭങ്ങള്‍ തുടങ്ങും. ദോഷപരിഹാരത്തിനായി ശിവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുക.

വൃശ്ചികക്കൂറ

വൃശ്ചികക്കൂറുകാര്‍ക്ക് ഗുണഫലങ്ങള്‍ ഉള്ള വര്‍ഷമാണ്. നാനാ വഴികളില്‍ നിന്ന് ആദായം ലഭിക്കും. ഗൃഹം മോടിപിടിപ്പിക്കും. വാഹനം വാങ്ങാനുള്ള യോഗമുണ്ട്. സുഹൃത്തുക്കളും ബന്ധുക്കളും സഹായിക്കും.

കുടുംബ സമാധാനം ലഭിക്കും. ദാമ്പത്യപരമായി നല്ലകാലമാ‍ണ്. സന്താനങ്ങള്‍ക്ക് ഉയര്‍ച്ച ഉണ്ടാവും. വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് ചേരും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ ലഭിക്കും.

വ്യവസായം പുരോഗതി നേടും. സേനാ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രമോഷന്‍ പ്രതീക്ഷിക്കാം. ദീര്‍ഘകാലമായി അകന്നു നിന്ന സുഹൃത്തുക്കള്‍ അഭിനന്ദനവുമായി അടുത്തെത്തും.

ധനുക്കൂറ്

ധനുക്കൂറുകാര്‍ക്ക് നക്ഷത്രക്കാര്‍ക്ക് വിഷുഫലം പൊതുമേ മെച്ചമാണ്. ബന്ധുഗുണം പലതരത്തിലും ലഭിക്കും. ധനപരമായ വരവ് വര്‍ദ്ധിക്കും. സൌഹൃദവും സഹായ മനസ്കതയും പ്രദര്‍ശിപ്പിക്കും.

ബന്ധുക്കളുടെയും ഗുരുജനങ്ങളുടെയും ഉപദേശങ്ങള്‍ക്ക് അര്‍ഹമായ മാന്യത നല്‍കി വേണ്ട രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുക. അവിചാരിതമായ ധനലാഭത്തിനും സാധ്യതയുണ്ട്. വീട്ടമ്മമാരുടെ മനോകാമനകള്‍ പൂര്‍ത്തിയാവും.

ഏറെക്കാലമായുള്ള വിദേശ യാത്രാ ലക്‍ഷ്യം സാധിക്കും. പഠനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അതീവ പുരോഗതിയുണ്ടാവും. സകല ഐശ്വര്യങ്ങള്‍ക്കും രാമമന്ത്രം ഉരുവിടുന്നതും ശാസ്താ ക്ഷേത്ര ദര്‍ശനം നടത്തുന്നതും ഉത്തമം.

മകരക്കൂറ

ഈ വര്‍ഷം മകരക്കൂറുകാര്‍ക്ക് സാമാന്യം ഗുണകരമാണ്. മാനസികമായ പിരിമുറുക്കങ്ങള്‍ എല്ലാം അകലും എന്നതാണ് ഏറ്റവും പ്രധാനം. രോഗബാധകള്‍ ഭേദമാവും

സാമ്പത്തിക നില മെച്ചപ്പെടും. കായികമായി അധ്വാനിക്കുന്ന വിഭാഗത്തില്‍ പെട്ട എല്ലാവര്‍ക്കും ഏറെ പ്രയോജനമുണ്ടാവും. വീട്ടമ്മമാര്‍ക്ക് ദാമ്പത്യ സൌഖ്യം ലഭിക്കും. എന്നാല്‍, ആരോപണങ്ങളെ നേരിടേണ്ടി വരും.

ഏതു വിഷയത്തിലും സംയമനത്തോടെ കാര്യങ്ങള്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ ശ്രമിക്കുക. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് നല്ല സമയമാണ്. നേതൃ പദവിയിലേക്ക് ഉയരാന്‍ കാലതാമസം നേരിടില്ല. ഗണപതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതും ഗണപതി ഹോമം നടത്തുന്നതും ഉത്തമ ഫലങ്ങള്‍ നല്‍കും.

കുംഭക്കൂറ

കുംഭക്കൂറുകാരെ സംബന്ധിച്ചിടത്തോളം അനുകൂലമായ സമയമാണിത്. ജീവിതത്തില്‍ പൊതുവെ ഗുണകരമായ മാറ്റം ദര്‍ശിക്കാം. കഠിനാധ്വാനത്തിലൂടെ നേട്ടങ്ങള്‍ കൈപ്പിടിയില്‍ ഒതുക്കും.

സന്താനഗുണമുണ്ടാവും. വിദേശത്ത് തൊഴില്‍ ചെയ്യുന്നവര്‍ക്ക് അനുകൂല സമയം. രാഷ്രീയ പ്രവര്‍ത്തകര്‍ക്ക് വളരെ അനുകൂല സമയമാണ്. ശത്രുക്കളുടെ പ്രവര്‍ത്തനം നിഷ്പ്രഭമാവും.

യാത്രകള്‍ അധികമാവും എങ്കിലും പ്രയോജനം സിദ്ധിക്കും. ഏതു വിധത്തിലുമുള്ള മത്സരങ്ങളെ അതിജീവിക്കാന്‍ കഴിയും. മീനം, കര്‍ക്കിടകം മാസങ്ങള്‍ അത്ര മെച്ചമാവില്ല. ദോഷ ശാന്തിക്കായി ധര്‍മ്മ ദേവതാ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുക.

മീനക്കൂറ

ഈ കൂറില്‍ ജനിച്ചവര്‍ക്ക് ഗുണദോഷ സമ്മിശ്രമായ ഒരു വര്‍ഷമാണ് മുന്നിലുള്ളത്. വരവും ചെലവും ഒരു പോലെ ആയിരിക്കും. തൊഴില്‍ സ്ഥലത്ത് ശത്രുക്കളുടെ പ്രവര്‍ത്തനം കരുതിയിരിക്കണം. എന്നാല്‍, മത്സരങ്ങളെ അതിജീവിക്കാന്‍ അസാമാന്യ പാടവം കാണിക്കും.

രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് സമൂഹത്തില്‍ അംഗീകാരവും പദവിയും ലഭിക്കും. സേനാ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ദീര്‍ഘകാലം കുടുംബത്തെ പിരിഞ്ഞിരിക്കേണ്ടി വരും. വ്യാപാര വ്യവസായ മേഖലകളില്‍ ഉള്ളവര്‍ക്ക് അമിത ലാഭം ലഭിച്ചില്ല എങ്കിലും പരാജയമുണ്ടാവില്ല.

വിദ്യാര്‍ത്ഥികള്‍ക്ക് ശോഭനമായ വര്‍ഷമാണ്. കുടുംബിനികള്‍ക്ക് അകാരണമായ മനോ വിഷമം ഉണ്ടാവും. മക്കളുടെ പുരോഗതി കാരണം വീട്ടില്‍ സമാധാനം ഉണ്ടാവും. മിഥുനം, തുലാം മാസങ്ങള്‍ ഗുണകരമായിരിക്കില്ല. ശ്രീരാമ ക്ഷേത്രം സന്ദര്‍ശിച്ച് വഴിപാടുകള്‍ നടത്തുന്നത് ദോഷ ശാന്തി നല്‍കും.

വെബ്ദുനിയ വായിക്കുക