നിറങ്ങളിൽ നിറഞ്ഞാടി ഹോളി ആഘോഷം

തിങ്കള്‍, 13 മാര്‍ച്ച് 2017 (12:39 IST)
നിറങ്ങളിൽ നിറഞ്ഞ് ഇന്ന് ഹോളി. ഉത്തരേന്ത്യ നിറങ്ങളില്‍ കുളിക്കുന്ന ദിനമാണിന്ന്. വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത മതസ്ഥര്‍ പങ്കെടുക്കുന്ന ഹോളി ആഘോഷങ്ങള്‍ക്ക് ഇത്തവണയും ആവേശത്തിന് ഒട്ടും കുറവില്ല. കേരളത്തിൽ വലിയ രീതിയിൽ ആഘോഷങ്ങൾ ഇല്ലെങ്കിലും ചെറിയ തോതിൽ ഹോളിയെ 'ഹോളി'യാക്കാൻ മലയാളികളും ശ്രമിച്ചിട്ടുണ്ട്.
 
ഹോളിയോടനുബന്ധിച്ച് മിക്ക വിഷ്ണു ക്ഷേത്രങ്ങളിലും വിശേഷ പൂജ നടക്കുന്നു. ശ്രീകൃഷ്ണന്‍ കൂടുതല്‍ കാലം ചെലവഴിച്ച മഥുരയിലും വൃന്ദാവനിലും ആഘോഷങ്ങള്‍ 16 ദിനങ്ങള്‍ നീണ്ടു നില്‍ക്കും. വിഷ്ണു ഭക്തനായ പ്രഹ്ളാദനുമായി ബന്ധപ്പെട്ടതാണ് ഹോളി പുരാണം. നന്മയുടെ പ്രതീകമായ പ്രഹ്ളാദന്‍ തിന്മയുടെ പ്രതീകമായ സ്വന്തം സഹോദരി ഹോളികയുമൊത്ത് അഗ്നികുണ്ഡത്തില്‍ ഇരുന്നു. തിന്മയുടെ പ്രതീകം കത്തി ചാമ്പലാവുകയും നന്മ നിറഞ്ഞവനായ പ്രഹ്ളാദന്‍ ഒരു പോറല്‍ പോലും ഏല്‍ക്കാതെ രക്ഷപെട്ടു എന്നും വിശ്വാസികള്‍ കരുതുന്നു.
 
പുരി ജഗന്നാഥ ക്ഷേത്രത്തില്‍ ഹോളി ദിനം അതി വിശിഷ്ടമായാണ് ആചരിക്കുന്നത്. ഇവിടെ രഥയാത്രയ്ക്കും ചന്ദന്‍ യാത്രയ്ക്കും ശേഷമുള്ള ഡോലോ യാത്ര നടക്കുന്നത് ഈ ദിനത്തിലാണ്. വസന്ത കാലത്തെ വരവേല്‍ക്കുന്ന ഉത്സവം എന്ന പ്രത്യേകത കൂടി ഹോളിക്കുണ്ട്. ഹോളിയുടെ ഈ ദിനത്തില്‍ നമുക്കും നിറങ്ങളെ നിറങ്ങള്‍ കൊണ്ട് വരവേല്‍ക്കാം.

വെബ്ദുനിയ വായിക്കുക